സാഫ് കപ്പ് ഫൈനല്‍: അസിസ്റ്റുമായി സഹല്‍, വലകുലുക്കി ചാംഗ്തേ; തിരിച്ചടിച്ച് ഇന്ത്യ
38-ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദിന്‍റെ ഇടത് പാര്‍ശ്വത്തില്‍ നിന്നുള്ള ക്രോസില്‍ ലാലിയൻസുവാല ചാംഗ്തേ ഇന്ത്യയെ 1-1ന് സമനിലയിലേക്ക് നയിച്ചു
ബെംഗളൂരു: സാഫ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ആദ്യപകുതിയില്‍ തുടക്കത്തിലെ ലീഡെടുത്ത കുവൈത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. 14-ാം മിനുറ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയിലൂടെ കുവൈത്ത് മുന്നിലെത്തിയപ്പോള്‍ 38-ാം മിനുറ്റില്‍ ലാലിയൻസുവാല ചാംഗ്തേയിലൂടെ ഇന്ത്യ തുല്യത പിടിച്ചു. മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദിന്‍റെ അസിസ്റ്റിലായിരുന്നു ചാംഗ്തേയുടെ ഗോള്‍. ഇതോടെ 1-1ന് മത്സരം ഇടവേളയ്‌ക്ക് പിരിഞ്ഞു. ആദ്യപകുതിയിലെ നാല് മിനുറ്റ് ഇഞ്ചുറിടൈം ഇരു ടീമിനും മുതലാക്കാനായില്ല.
ഇഗോര്‍ സ്റ്റിമാക് 4-2-3-1 ശൈലിയിലാണ് ബെംഗളൂരുവിലെ ശ്രീകണ്ഠീര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിനെ അണിനിരത്തിയത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഏക സ്‌ട്രൈക്കറായി എത്തിയപ്പോള്‍ മലയാളി താരങ്ങളായ സഹല്‍ അബ്‌ദുല്‍ സമദും ആഷിഖ് കുരുണിയനും സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നു. ലാലിയൻസുവാല ചാംഗ്തേ, ജീക്‌സണ്‍ സിംഗ്, അനിരുഥ് ഥാപ്പ, ആകാശ് മിശ്ര, അന്‍വര്‍ അലി, സന്ദേശ് ജിംഗാന്‍, നിഖില്‍ പൂജാരി, ഗുര്‍പ്രീത് സിംഗ് സന്ധു എന്നിവരാണ് ഇന്ത്യയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്ന മറ്റ് താരങ്ങള്‍. അതേസമയം 4-3-3 ഫോര്‍മേഷനിലാണ് റൂയി ബെന്‍റോയുടെ കുവൈത്ത് മൈതാനത്തെത്തിയത്.
കിക്കോഫായി 14-ാം മിനുറ്റില്‍ ഇന്ത്യയെ ഞെട്ടിച്ച് കുവൈത്ത് ലീഡ് പിടിച്ചു. അല്‍ ബുലൗഷിയുടെ അസിസ്റ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയുടെ വകയായിരുന്നു ഗോള്‍. 28-ാം മിനുറ്റില്‍ സന്ദേശ് ജിംഗാന്‍ മഞ്ഞക്കാര്‍ഡ് കണ്ടു. പരിക്കേറ്റതോടെ പ്രതിരോധ താരം അന്‍വര്‍ അലിക്ക് പകരം മെഹ്‌താബ് സിംഗിനെ 35-ാം മിനുറ്റില്‍ ഇന്ത്യക്ക് കളത്തിലിറക്കേണ്ടിവന്നു. ഒരു ഗോള്‍ ലീഡ് വഴങ്ങി ഇന്ത്യ ഇടവേളയ്‌ക്ക് പിരിയും എന്ന് തോന്നിയിരിക്കേ 38-ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദിന്‍റെ ഇടത് പാര്‍ശ്വത്തില്‍ നിന്നുള്ള ക്രോസില്‍ ലാലിയൻസുവാല ചാംഗ്തേ ഇന്ത്യയെ 1-1ന് സമനിലയിലേക്ക് നയിക്കുകയായിരുന്നു.
Read more: സിംബാബ്‌വെയും ലോകകപ്പ് കാണാതെ പുറത്ത്; അട്ടിമറിച്ച് സ്‌കോട്‌ലന്‍ഡ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം