ഛേത്രിയും മഹേഷ് സിംഗും വലകുലുക്കി; നേപ്പാളിനെ പൂട്ടി സാഫ് കപ്പില്‍ ഇന്ത്യ സെമിയില്‍

ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ സുനില്‍ ഛേത്രിയെ ആക്രമണത്തിന് നിയോഗിച്ച് 4-2-3-1 ശൈലിയിലാണ് ഇന്ത്യ ഇറങ്ങിയത്

SAFF Championship 2023 India into semi after beat Nepal by 2 0 on Sunil Chhetri Naorem Mahesh Singh goals jje

ബെംഗളൂരു: ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വീണ്ടും ഗോള്‍‌ കൊണ്ട് സുല്‍ത്താനായി, സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ തുടർച്ചയായ രണ്ടാം ജയവുമായി ഇന്ത്യയുടെ നീലപ്പട സെമിയിലെത്തി. ആദ്യ അങ്കത്തില്‍ പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത ഇന്ത്യ മറ്റൊരു അയല്‍ക്കാരായ നേപ്പാളിനെ 2-0ന് തോല്‍പിക്കുകയായിരുന്നു. മത്സരത്തിന്‍റെ 61-ാം മിനുറ്റിലായിരുന്നു ഛേത്രിയുടെ ഗോള്‍. രാജ്യാന്തര കരിയറില്‍ ഛേത്രിയുടെ 91-ാം ഗോളാണിത്. മഹേഷ് സിംഗാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയത്. നേരത്തെ ഛേത്രിയുടെ ഗോളിന് വഴിയൊരുക്കിയതും മഹേഷായിരുന്നു. 

വീണ്ടും ഛേത്രി

ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ സുനില്‍ ഛേത്രിയെ ആക്രമണത്തിന് നിയോഗിച്ച് 4-2-3-1 ശൈലിയിലാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദുണ്ടായിരുന്നു സ്റ്റാർട്ടിംഗ് ഇലവനില്‍. പാകിസ്ഥാനെതിരെ ചുവപ്പ് കാർഡ് കണ്ട കോച്ച് ഇഗോർ സ്റ്റിമാക്കിന്‍റെ അസാന്നിധ്യം അസിസ്റ്റന്റ് കോച്ച് മേഹേഷ് ഗാവ്‍ലി പരിഹരിച്ചു. ആദ്യപകുതി 0-0ന് പിരിഞ്ഞപ്പോള്‍ രണ്ടാംപകുതിയിലെ 61-ാം മിനുറ്റില്‍ മഹേഷ് സിംഗിന്‍റെ അസിസ്റ്റിലൂടെ ഛേത്രി ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. 70-ാം മിനുറ്റില്‍ ഇതേ മഹേഷ് സിംഗ് ഇന്ത്യക്ക് 2-0ന്‍റെ ലീഡ് നല്‍കി. ഇന്ത്യന്‍ കുപ്പായത്തില്‍ മഹേഷിന്‍റെ കന്നി ഗോളാണിത്. ഇതോടെ ഇന്ത്യന്‍ ടീം സെമിയിലെത്തി

അതേസമയം തുടർച്ചയായ രണ്ടാം തോല്‍വി ടൂർണമെന്‍റില്‍ നേപ്പാളിന്‍റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. കഴിഞ്ഞ അങ്കത്തില്‍ കുവൈറ്റിനോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റ ആഘാതത്തിലാണ് നേപ്പാൾ ഇന്ത്യക്കെതിരെ ഇറങ്ങിയത്. 

പാകിസ്ഥാനെതിരെയും ഛേത്രി

പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലും ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തന്നെയായിരുന്നു ഇന്ത്യയുടെ ഹീറോ. മത്സരത്തില്‍ സുനില്‍ ഛേത്രി ഗംഭീര ഹാട്രിക് നേടിയപ്പോള്‍ ഇന്ത്യ എതിരില്ലാത്ത നാല് ഗോളിന് പാകിസ്ഥാനെ തകർക്കുകയായിരുന്നു. 10, 16, 73 മിനുറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകള്‍. 81-ാം മിനുറ്റില്‍ ഉദാന്ത സിംഗ് പട്ടിക പൂർത്തിയാക്കി. പാകിസ്ഥാനെതിരെ ടീം ഇന്ത്യയുടെ തുടർച്ചയായ ഏഴാം ക്ലീന്‍ ഷീറ്റാണിത്. നേപ്പാളിനെയും പൂട്ടിയതോടെ ടൂർണമെന്‍റില്‍ കളിച്ച രണ്ട് കളിയിലും ഇന്ത്യ വിജയിച്ചു. 27-ാം തിയതി കുവൈറ്റിന് എതിരെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ അവസാന മത്സരം. ഇന്ത്യക്കൊപ്പം കുവൈറ്റും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. നേപ്പാളിനെ കൂടാതെ പാകിസ്ഥാനും പുറത്തായി. 

Read more: 'ലിയോണല്‍ മെസിക്ക് കേരളത്തിലേക്ക് സ്വാഗതം'; അർജന്‍റീനയെ ക്ഷണിച്ചതായി കായികമന്ത്രി

Latest Videos
Follow Us:
Download App:
  • android
  • ios