വില്ലനായെത്തിയ പരിക്ക്! മാനേ, പോഗബ, കാന്റെ.. നീളുന്ന നിര; ഖത്തര്‍ ലോകകപ്പിലെ നികത്താനാവാത്ത നഷ്ടങ്ങള്‍
കിരീടം നിലനിര്‍ത്തുക എന്ന ഒരൊറ്റ ലക്ഷ്യവുമായി ഖത്തറിലേക്ക് എത്തുന്ന ഫ്രാന്‍സിന് തുടക്കത്തിലെ തലവേദന പ്രമുഖരുടെ പരിക്കാണ്. മധ്യനിരയിലെ രണ്ട് മിടുക്കന്‍മാര്‍ ഇല്ലാതെയാണ് അവര്‍ വന്നതു തന്നെ. പോള്‍ പോഗ്ബയും എന്‍കോളെ കാന്റെയും.
ക്ലബ് ഫുട്‌ബോളില്‍ എത്ര നേട്ടങ്ങള്‍ ഉണ്ടാക്കിയാലും താരമൂല്യം എത്രയാണെങ്കിലും സ്വന്തം രാജ്യത്തിന് വേണ്ടി ജഴ്‌സി അണിഞ്ഞ് ലോകകപ്പ് ഫുട്‌ബോളില്‍ കളിക്കുക എന്ന് പറഞ്ഞാല്‍ അത് സംഗതി വേറെയാണ്. ആ അവസരം നല്‍കുന്ന അഭിമാനവും സന്തോഷവും അതൊന്ന് വേറെ തന്നെയാണ്. അസ്സലായി കളിച്ചിട്ടും മിടുക്കിന്റെ കാര്യത്തില്‍ ആര്‍ക്കും ഇത്തിരി പോലും സംശയം ഇല്ലാഞ്ഞിട്ടും ഖത്തറിലേക്ക് എത്താന്‍ കഴിയാത്ത ചില കളിക്കാരുണ്ട്. അവരുടെ നിരാശയില്‍ നിന്ന് ഉയരുന്ന നെടുവീര്‍പ്പുകള്‍ ചേര്‍ത്തുവെച്ചാല്‍ ഈ ഭൂഗോളം തന്നെ തിരിക്കാന്‍ പറ്റും. പരിക്ക് ആണ് ചിലര്‍ക്ക് വില്ലനായതെങ്കില്‍ മറ്റു ചിലര്‍ക്ക് സങ്കടം തന്നത് രാജ്യം യോഗ്യതാമത്സരങ്ങളില്‍ കാലിടറിയതാണ്. കാരണം എന്തായാലും ഖത്തറിലെത്തുന്ന ആരാധകര്‍ക്ക് കാണാന്‍ പറ്റാതെ പോകുന്നത് പ്രഗത്ഭരുടെ നീണ്ട നിരയാണ്.
ഫ്രാന്‍സിന്റെ നഷ്ടം പോഗബയും കാന്റെയും
കിരീടം നിലനിര്‍ത്തുക എന്ന ഒരൊറ്റ ലക്ഷ്യവുമായി ഖത്തറിലേക്ക് എത്തുന്ന ഫ്രാന്‍സിന് തുടക്കത്തിലെ തലവേദന പ്രമുഖരുടെ പരിക്കാണ്. മധ്യനിരയിലെ രണ്ട് മിടുക്കന്‍മാര്‍ ഇല്ലാതെയാണ് അവര്‍ വന്നതു തന്നെ. പോള്‍ പോഗ്ബയും എന്‍കോളെ കാന്റെയും. അരങ്ങേറ്റ ലോകകപ്പില്‍(2014)ല്‍ മികച്ച യങ് പ്ലെയര്‍ ആയ, കഴിഞ്ഞ തവണ ഫൈനലില്‍ ഗോളടിച്ച കേമനാണ് പ്രോഗ്ബ. മൂന്നാം ലോകകപ്പില്‍ പ്രകടനം വീണ്ടും മിന്നിക്കാമെന്ന പ്രോഗ്ബയുടെ മോഹങ്ങളാണ് മുട്ടിന്റെ പരിക്ക് തകര്‍ത്തത്. 2018ലെ ലോകകപ്പില്‍ ഫ്രാന്‍സിന്റെ എല്ലാ മത്സരങ്ങളിലും മധ്യനിരയില്‍ പറന്നുകളിച്ച താരമായിരുന്നു എന്‍ഗോളെ കാന്റെ. ലോകത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാള്‍. ഖത്തറിലേക്കുള്ള യാത്ര നഷ്ടസ്വപ്നമാക്കിയത് പിന്‍തുടയിലെ ഞരന്പിന് പറ്റിയ മുറിവ്. ഇവരുടെ രണ്ടുപേരുടെയും അഭാവം ഒരു യാഥാര്‍ത്ഥ്യമായി കണ്ട് ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട ടീം ഖത്തറില്‍ എത്തിക്കഴിഞ്ഞപ്പോഴും പരിക്കെന്ന ദുര്‍ഭൂതം ഒഴിഞ്ഞു പോയിട്ടില്ല. പ്രസ്‌നെല്‍ കിംബെപ്പെ, കമാറ ഏറ്റവും ഒടുവില്‍ ക്രിസ്റ്റഫര്‍ എന്‍കുങ്കു...പരിക്കിന്റെ വേദനയേക്കാളും മനസ്സിലെ നിരാശയുടെ മുറിപ്പാട് നൊന്പരപ്പെടുത്തുന്നവരുടെ പട്ടിക നീളുകയാണ്. ദിദിയര്‍ ദെഷാംപ്‌സ് കണക്കുകൂട്ടലുകളുടെ പുതിയ സമവാക്യങ്ങള്‍ തേടുന്നു.
ഇംഗ്ലീഷ് നിരയില്‍ റീസ് ജെയിംസില്ല
ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്‌ഗേറ്റിനെ വലക്കുന്നത് മുന്‍നിര താരങ്ങളുടെ പരിക്ക് മാത്രമല്ല. പരിക്കിനെ ചൊല്ലിയുള്ള ഒഴിവാക്കല്‍ /ഉള്‍പെടുത്തല്‍ തീരുമാനങ്ങളുടെ ശരിതെറ്റുകള്‍ പറഞ്ഞുള്ള ആരാധകരുടെ വിമര്‍ശനങ്ങളും കൂടിയാണ്. റീസ് ജെയിംസ് ആണ് പരിക്ക് കാരണം ഖത്തറിലേക്ക് പോവാന്‍ പറ്റാത്ത പ്രധാന താരം. 2020ല്‍ റഹീം സ്റ്റെര്‍ലിങ്ങിന് പരിക്ക് പറ്റിയതിന് പിന്നാലെ ദേശീയ ടീമില്‍ അവസരം കിട്ടിയപ്പോള്‍ മുതല്‍ ലോകകപ്പ് സ്വപ്നം കാണുന്നുണ്ട് റീസ് ജെയിംസ്. കഴിഞ്ഞ നവംബറില്‍ തന്നെ താന്‍ നല്ല ഫോമിലാണെന്നും ടീമില്‍ റൈറ്റ് ബാക്ക് എന്ന സ്ഥാനത്ത് എന്തായാലും എത്തുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. പക്ഷേ ക്ലബ് മത്സരത്തിനിടെ കാല്‍മുട്ടിന് പറ്റിയ പരിക്ക് പ്രശ്‌നമായി. ടീമില്‍ ഉള്‍പെടുത്തിയില്ല. ഹൃദയഭേദകം എന്നാണ് റീസ് ജെയിംസ് പ്രതികരിച്ചത്. അതേസമയം പരിക്ക് പൂര്‍ണായി ഭേദമാകാത്ത കൈല്‍ വാക്കറിനെയും കാന്‍വില്‍ ഫിലിപ്‌സിനേയും സൗത്ത്‌ഗേറ്റ് ഖത്തറിലേക്ക് കൊണ്ടുപോയിട്ടുണ്ട് താനും. ഈ തീരുമാനത്തിലെ ന്യായാന്യായങ്ങളാണ് ആരാധകര്‍ ഉന്നയിക്കുന്നത്. സൗത്ത്‌ഗേറ്റ് ശരിയാണോ തെറ്റാണോ എന്ന് ഖത്തര്‍ തെളിയിക്കട്ടെ. എന്തായാലും 22കാരനായ റീസ് ജെയിംസിന് അടുത്ത ലോകകപ്പ് ഉഷാറായി കളിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കാം.
ദ്യോഗോ ഷോട്ടോ കാത്തിരിക്കണം
എന്നത്തേയും ആരാധനാപാത്രമായ ക്രിസ്റ്റാനോ റൊണാള്‍ഡോക്ക് ഒപ്പം രാജ്യത്തിന്റെ ജഴ്‌സി അണിഞ്ഞ് ലോകകപ്പില്‍ പന്തുരുട്ടുക ദ്യോഗോ ഷോട്ടോ കുറേക്കാലമായി സ്വപ്നം കാണുന്നതാണ്. കാലിന് പറ്റിയ പരിക്ക് ആ സ്വപ്നത്തിന്റെ ചിറകൊടിച്ചു. 2020 യൂറോ കപ്പ് യോഗ്യതാമത്സരത്തിലാണ് ഷോട്ടോ ആദ്യമായി രാജ്യത്തിന്റെ ജഴ്‌സി അണിഞ്ഞ് ഇറങ്ങിയത്. 84ആം മിനിറ്റില്‍ റൊണാള്‍ഡോക്ക് പകരക്കാരനായിട്ട്. ആദ്യത്തെ അന്താരാഷ്ട്ര ഗോള്‍ അടിച്ചത് ക്രൊയേഷ്യക്ക് എതിരെ 2020ല്‍ യുവേഫ നാഷന്‍സ് ലീഗില്‍. ലോകകപ്പ് എന്ന സ്വപ്നമൈതാനത്തിലേക്ക് എത്താന്‍ ഷോട്ടോ ഇനിയും കാത്തിരിക്കണം.
അവസാനം സാദിയോ മാനെയും
സെനഗലിന് മാത്രമല്ല ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആകെയും നിരാശ ഉണ്ടാക്കുന്ന വാര്‍ത്ത എത്തിയത് ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ. സെനഗലിന്റെ സൂപ്പര്‍താരം സാദിനോ മാനേക്കും ഖത്തറില്‍ കളിക്കാനാവില്ല എന്നത് ഖത്തറില്‍ നിന്ന് വൈകിയെത്തിയ നിരാശ. ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍ ഫൈനലിലും നിര്‍മായക യോഗ്യതാമത്സരത്തിലും ഈജിപ്തിന് എതിരെ വിജയപെനാല്‍റ്റി നേടിയ താരമാണ് മാനെ. ഈ മാസം ആദ്യം ബയേണ്‍ മ്യൂണിക്കിന് വേണ്ടി കളിക്കുന്‌പോഴാണ് മാനെക്ക് കണങ്കാലിന് പരിക്കേറ്റത്. ഭേദമാകുമെന്ന പ്രതീക്ഷയില്‍ മാനെയെ ടീമില്‍ ഉള്‍പെടുത്തിയിരുന്നെങ്കിലും സ്‌കാന്‍ റിപ്പോര്‍ട്ട് പ്രകാരം പരിക്ക് മാറിയിട്ടില്ലാത്തതിനാല്‍ മാനെക്ക് കളിക്കാനാകില്ലെന്നും ഒഴിവാക്കുകയാണെന്നും സെനഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ബാലന്‍ ഡി ഓര്‍ വോട്ടെടുപ്പില്‍ രണ്ടാമതെത്തിയ, ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയിട്ടുള്ള, സാമൂഹികപ്രതിബന്ധതയുള്ള കളിക്കാരനുള്ള പുരസ്‌കാരം നേടിയ അതിമിടുക്കനായ താരമാണ് മാനെ.
ലോകകപ്പ് ഫുട്ബോള്‍ നടത്തുന്ന രാജ്യത്തിന് സാമ്പത്തികമായി എന്ത് നല്‍കും? ശരിക്കും നേട്ടമാണോ.!