ടിറ്റെയ്ക്ക് പകരം ആര് ബ്രസീല്‍ ടീമിന്റെ കോച്ചാവും? ഇതിഹാസ പരിശീലകന്റെ പേര് നിര്‍ദേശിച്ച് റൊണാള്‍ഡോ
ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, സെര്‍ബിയ, കാമറൂണ്‍ എന്നിവരാണ് ബ്രസിലിന്റെ എതിരാളികള്‍. എല്ലാ ലോകകപ്പിലും കളിച്ച ഏകടീമായ ബ്രസില്‍ ആകെ 109 ലോകകപ്പ് മത്സരങ്ങളില്‍ കളിച്ചു.
റിയൊ ഡി ജനീറോ: ബ്രസീല്‍ കോച്ച് ടിറ്റെയ്ക്ക് പകരക്കാരനെ നിര്‍ദേശിച്ച് ഇതിഹാസതാരം റൊണാള്‍ഡോ നസാരിയോ. നിലവിലെ റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയെ ടീമിന്റെ പരിശീലകനാക്കണമെന്നാണ് റൊണാള്‍ഡോ പറയുന്നത്. താരങ്ങളെ മനസിലാക്കുന്നതിലും മികവിലേക്കുയര്‍ത്തുന്നതിലും ആഞ്ചലോട്ടിയുടെ കഴിവ് അപാരമാണ്. ബ്രസീല്‍ ഫുട്‌ബോളിന്റെ ചരിത്രംമാറ്റിയെഴുതാന്‍ സാധിക്കുന്ന പരിശീലകനാണ് ആഞ്ചലോട്ടിയെന്നും റൊണാള്‍ഡോ പറഞ്ഞു. ലോകകപ്പിന് ശേഷം ടിറ്റെടുയുടെ കരാര്‍ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് റൊണാള്‍ഡോയുടെ പ്രതികരണം.
നേരത്തെ, ബ്രസീലിനെ കപ്പടിക്കുമെന്ന ടിറ്റെ പറഞ്ഞിരുന്നു. സമ്മര്‍ദമുണ്ടെങ്കിലും ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍.. ''ടീമിന്റെ ഒരുക്കം പ്രതീക്ഷിച്ചപോലെ മുന്നോട്ട് പോകുന്നുണ്ട്. ഖത്തര്‍ ലോകകപ്പിലേക്കുള്ള നാളുകള്‍ കുറഞ്ഞ് വരുകയാണ്. പതിവുപോലെ സാധ്യതാ പട്ടികയില്‍ ഇത്തവണയും ബ്രസീല്‍ മുന്‍നിരയിലുണ്ട്. പ്രതീക്ഷകളുടെ സമ്മര്‍ദം ഉണ്ടെങ്കിലും മികവിലേക്കുയര്‍ന്ന് ലോകകപ്പ് നേടാന്‍ കഴിയും. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഒറ്റതോല്‍വി വഴങ്ങാതെ ഒന്നാംസ്ഥാനക്കാരായി ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചത് ടീമിന്റെ ആത്മവിശ്വാസം കൂട്ടി.'' ടിറ്റെ വ്യക്തമാക്കി.
2002ല്‍ ഏഷ്യ ആദ്യമായി വേദിയായ ലോകകപ്പിലാണ് ബ്രസീല്‍ അവസാനമായി ലോക ചാമ്പ്യന്‍മാരായത്. ദീര്‍ഘനാള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം കിട്ടിയതിനാല്‍ മികച്ചൊരു സംഘത്തെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും നെയ്മറെ അധികം ആശ്രയിക്കാതെ ബ്രസീലിന് മുന്നോട്ട് പോകാന്‍ കഴിയുമെന്നും ടിറ്റെ വ്യക്തമാക്കി.
ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, സെര്‍ബിയ, കാമറൂണ്‍ എന്നിവരാണ് ബ്രസിലിന്റെ എതിരാളികള്‍. എല്ലാ ലോകകപ്പിലും കളിച്ച ഏകടീമായ ബ്രസില്‍ ആകെ 109 ലോകകപ്പ് മത്സരങ്ങളില്‍ കളിച്ചു. 73 ജയം. 18 വീതം സമനിലയും തോല്‍വിയും. 229 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് 105 ഗോള്‍.