അവസാന നിമിഷം ഇതിലും വലിയ നിരാശയുണ്ടോ? നാളെ മെസി-റൊണാൾഡോ പോരാട്ടം കാത്തിരുന്നവർക്ക് കടുത്ത നിരാശ, റോണോ ഇല്ല
ആരാധകർക്ക് എക്കാലത്തും ആവേശമായിരുന്നു ലിയോണൽ മെസി - ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടം
റിയാദ്: കാൽപ്പന്തുലോകം ആവേശത്തോടെ കാത്തിരിക്കുകയാണ് നാളെത്തെ റിയാദ് കപ്പിലെ ഇന്‍റർ മയാമി - അൽ നസ്ർ പോരാട്ടത്തിനായി. അതിനിടയിലാണ് സൗദി ക്ലബിൽ നിന്നും കാൽപന്ത് ആരാധകരെ നിരാശരാക്കുന്ന പ്രഖ്യാപനം എത്തിയത്. ആരാധകർക്ക് എക്കാലത്തും ആവേശമായ ലിയോണൽ മെസി - ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടം നാളെ കാണാനാകില്ലെന്നാണ് സൗദി ക്ലബ് അൽ നസറിൽ നിന്നും പുറത്തുവരുന്ന വാർത്ത. നാളത്തെ മത്സരത്തിൽ റൊണാൾഡോ കളിക്കില്ലെന്ന് സൗദി ക്ലബ് അറിയിച്ചു. റൊണാൾഡോ പരിക്കിൽ നിന്ന് മോചിതനായില്ലെന്നും അതുകൊണ്ടാണ് നാളത്തെ ഇന്‍റർ മയാമി - അൽ നസ്ർ പോരാട്ടത്തിന് റൊണാൾഡോ ഇറങ്ങാത്തതെന്നും സൗദി ക്ലബ് വ്യക്തമാക്കി.
അതേസമയം റിയാദ് കപ്പിലെ ആദ്യമത്സരത്തിൽ അൽ ഹിലാലിനോട് തോറ്റാണ് മെസിയും സുവാരസും ബുസ്കറ്റ്സും ആൽബയും ഉൾപ്പെട്ട ഇന്‍റർ മയാമി ഇറങ്ങുന്നത്. സാദിയോ മാനേ, സേകോ ഫൊഫാന, അല്കസ് ടെല്ലസ് തുടങ്ങിയവർ അൽ നസ്ർ നിരയിൽ അണിനിരക്കും. റൊണാൾഡോ ഇല്ലാത്തതിനാൽ തന്നെ മത്സരത്തിന് പ്രതീക്ഷിച്ച ആവേശം ഉണ്ടാകുമോ എന്നത് കണ്ടറിയണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
മെസി - റൊണാൾഡോ പോരാട്ടം ഇതുവരെ
കരിയറിൽ മെസിയും റൊണാൾഡോയും മുഖാമുഖം വരുന്ന അവസാന പോരാട്ടം എന്ന വിശേഷണമാണ് റിയാദ് കപ്പിലെ ഇന്‍റർ മയാമി - അൽ നസ്ർ പോരാട്ടത്തെ ആരാധകർ വിശേഷിപ്പിച്ചിരുന്നത്. ഇത് തന്നെയായിരുന്നു ഇന്‍റർ മയാമി - അൽ നസ്ർ പോരാട്ടത്തെ ശ്രദ്ധേയമാക്കിയതും. മെസിയുടെ ഇന്‍റർ മയാമിയും റൊണാൾഡോയുടെ അൽ നസ്റും ഏറ്റുമുട്ടുന്ന പോരാട്ടം പ്രതീക്ഷിച്ച സംഘാടകർ മത്സരത്തിന് ലാസ്റ്റ് ഡാൻസ് എന്നാണ് പേര് നൽകിയിരുന്നത്. എൽ ക്ലാസിക്കോയിൽ ഉൾപ്പടെ ക്ലബ് ജഴ്സിയിൽ ഇരുവരും ഏറ്റുമുട്ടിയത് 34 മത്സരങ്ങളിലാണ്. നേരിട്ട് ഏറ്റുമുട്ടിയ മത്സരങ്ങളിൽ മെസി ഇരുപത്തി രണ്ടും റൊണാൾഡോ ഇരുപത്തി ഒന്നും ഗോൾ സ്വന്തമാക്കിയിട്ടുമുണ്ട്. അന്താരാഷ്ട്ര ഫുടബോളിൽ ഇരുവരും മുഖാമുഖം വന്നത് രണ്ടുകളിയിൽ മാത്രമാണ്. ഇരുവരുടേയും പേരിൽ കുറിക്കപ്പെട്ടത് ഓരോ ഗോൾ വീതവുമാണ്. എന്തായാലും ഇനിയൊരു മെസി - റൊണാൾഡോ പോരാട്ടം എന്ന് എന്ന ചോദ്യമാണ് ആരാധകർ ഇപ്പോൾ ഉയർത്തുന്നത്.