'ആരോടാണ് ആണ് അങ്ങ് ഈഗോ കാണിക്കുന്നത്'; സ്പോര്‍സ് ക്വാട്ട നിയമനത്തില്‍ ഷറഫലിക്കെതിരെ തുറന്നടിച്ച് റിനോ ആന്‍റോ

ഇനി ചെറുപ്രായത്തിൽ ജോലി വാങ്ങിയയാൾക്കാരുടെ കാര്യമെടുക്കാം,സർക്കാർ ജോലി വാങ്ങിയതിനു ശേഷം ലീവെടുത്താണ് അങ്ങ് പ്രഫഷണൽ ക്ലബ്ബിൽ കളിച്ചെതെന്നു പറയുന്നു , അങ്ങേക്കും വിജയേട്ടനും ശേഷം കേരള പോലീസിൽ പ്രളയമായിരുന്നോ?

Rino Anto slams Sports Council President U Sharaf Ali over Sports Quota appointments gkc

കൊച്ചി: കേരള ഫുട്ബോള്‍ താരങ്ങള്‍ പ്രഫഷണല്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കുന്നത് നല്ല പ്രതിഫലം വാങ്ങിയാണെന്നും അപ്പോള്‍ ചില നഷ്ടങ്ങളും സഹിക്കേണ്ടിവരുമെന്ന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് യു ഷറഫലിയുടെ പ്രസ്താവനക്കെതിരെ ഫുട്ബോള്‍ താരം റിനോ ആന്‍റോ. താനും ഐ എം വിജയനും അടക്കമുള്ളവര്‍ സര്‍ക്കാര്‍ ജോലി ലഭിച്ചശേഷം അവധിയെടുത്താണ് പ്രഫഷണല്‍ ക്ലബ്ബുകള്‍ക്ക് കളിച്ചതെന്നും ഷറഫലി പറഞ്ഞിരുന്നു.

എന്നാല്‍ എല്ലാ സൗകര്യങ്ങളും അനുഭവിച്ചു റിട്ടയർ ചെയ്ത് അധികാര സ്ഥാനത്തെത്തി മുരുട്ടു ന്യായം പറയുകയല്ല വേണ്ടതെന്ന് റിനോ ആന്‍റോ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. നമ്മൾ നഷ്ടമനുഭവിക്കണമെന്ന് പറയുമ്പോ ചോദിക്കട്ടേ അങ്ങ് എന്ത് നഷ്ടമാണനുഭവിച്ചത്? അങ്ങ് ക്ലബ്ബ് ഫുട്ബോൾ കളിച്ചത് ചാരിറ്റിക്ക് വേണ്ടിയായിരുന്നില്ലല്ലോ പ്രതിഫലത്തിനു തന്നെയായിരുന്നില്ലേ എന്നും റിനോ ആന്‍റോ ഷറഫലിയോട് ചോദിച്ചു. റിനോയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം.

ബഹുമാനപ്പെട്ട സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റിനു, ഇന്നത്തെ പത്രവാർത്തയാണ്, ഇതിൽ ബഹുമാനപ്പെട്ട സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് പറഞ്ഞിരിക്കുന്നത് ഞങ്ങൾ  വൈകാരികമായ ആരോപണങ്ങളാണു ഉന്നയിക്കുന്നതെന്നുള്ളതാണ്, ഇത് തന്നേ ടെലിവിഷൻ ചാനലുകളിലും പറഞ്ഞു കേട്ടു. ശരിയാണ് ഞങ്ങൾ വൈകാരികമായി തന്നെയാണ് സംസാരിക്കുന്നത് ഞങ്ങളുടെ പ്രശ്നങ്ങൾ പിന്നെ എങ്ങനെയാണ് സംസാരിക്കേണ്ടത്? വൈകാരികമായി സംസാരിക്കുമ്പോഴും വസ്തുതകളാണ് ഞങ്ങൾ സംസാരിക്കുന്നത്. നിങ്ങളോ?, കളിയിൽ സജീവമായ കാലത്ത് ജോലിക്ക് അപേക്ഷിച്ചിരുന്നുവെങ്കിൽ ജോലി ലഭിച്ചേനെയെന്നു പറയുന്നു ,ഗവർണമെൻറ് അപേക്ഷ വിളിക്കാതെ എങ്ങനെ അപേക്ഷയയക്കും എന്ന് കൂടി പറഞ്ഞ് തന്നിരുവെങ്കിൽ  അത് നാളത്തെ കുട്ടികൾക്കെങ്കിലും ഉപകരിക്കും,അത് പറയാൻ ദയവുണ്ടാകണം.

കേരള താരങ്ങൾ മാത്രമല്ല പ്രൊഫഷണൽ ടീമുകളിൽ കളിക്കുന്ന എല്ലാവർക്കും  പ്രതിഫലം ലഭിക്കുന്നുണ്ടെന്നു ആർക്കാണറിയാത്തത്,? അതൊക്കെ ഇവിടെയെങ്ങനെയാണ് വിഷയമാകുന്നത് ?. കേരള സർക്കാർ അർഹത നോക്കിയാണോ അതോ ഫിനാൻഷ്യൽ സ്റ്റാറ്റസ്  നോക്കിയാണോ സ്പോർട്സ് ക്വാട്ട നിയമനങ്ങൾ നടത്തുന്നത്?  അങ്ങനെയാണേൽ എന്തിനാണ് സർട്ടിഫിക്കറ്റ് ചോദിക്കുന്നത്? പാവപ്പെട്ടവർക്ക് ജോലി കൊടുക്കണം, കൊല്ലത്തെ വിനോദടക്കമുള്ള ഇഷ്ടംപോലെ പാവപ്പെട്ട കളിക്കാർ ജോലി ഇല്ലാതെ  പുറത്ത് നിൽക്കുന്നുണ്ട്, അവർക്ക് ചെലപ്പോ സർട്ടിഫിക്കറ്റ് ഉണ്ടാവണമെന്നില്ല, അങ്ങ് അവരെ വിളിച്ചെന്താണ് ജോലി കൊടുക്കാത്തത്?.

പ്രീമിയര്‍ ലീഗ് കിരീടം മറ്റാരും സ്വപ്‌നം കാണേണ്ട! വിജയികളെ പ്രവചിച്ച് ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ്പ്

ജോലിയില്ലാത്ത പാവപെട്ട കളിക്കാർ താങ്കൾ ജോലിയെടുക്കുന്ന കാലത്ത് ഉണ്ടായിരുന്നില്ലേ? താങ്കളെന്തിനാണ് ജോലിയെടുത്തത് ? എല്ലാ സൗകര്യങ്ങളും അനുഭവിച്ചു റിട്ടയർ ചെയ്ത് അധികാര സ്ഥാനത്തെത്തി മുരുട്ടു ന്യായം പറയുകയല്ല വേണ്ടത്, നമ്മൾ നഷ്ടമനുഭവിക്കണമെന്ന് പറയുമ്പോ ചോദിക്കട്ടേ അങ്ങ് എന്ത് നഷ്ടമാണനുഭവിച്ചത്? അങ്ങ് ക്ലബ്ബ് ഫുട്ബോൾ കളിച്ചത് ചാരിറ്റിക്ക് വേണ്ടിയായിരുന്നില്ലല്ലോ പ്രതിഫലത്തിനു തന്നെയായിരുന്നില്ലേ ?. ജോലിയിൽ നിന്നു ലീവെടുത്തു പോയി "പൈസയുണ്ടാക്കി" തിരിച്ചു വന്ന അങ്ങയേയും കാത്ത് ഇവിടെ ജോലിയുണ്ടായില്ലേ? പിന്നെ നമ്മൾ നഷ്ടമനുഭവിക്കണമെന്ന് പറയുന്നതെന്തടിസ്ഥാനത്തിലാണ്?.

ഇനി ചെറുപ്രായത്തിൽ ജോലി വാങ്ങിയയാൾക്കാരുടെ കാര്യമെടുക്കാം,സർക്കാർ ജോലി വാങ്ങിയതിനു ശേഷം ലീവെടുത്താണ് അങ്ങ് പ്രഫഷണൽ ക്ലബ്ബിൽ കളിച്ചെതെന്നു പറയുന്നു , അങ്ങേക്കും വിജയേട്ടനും ശേഷം കേരള പോലീസിൽ പ്രളയമായിരുന്നോ? എത്ര കളിക്കാർക്ക് കേരള പോലീസിൽ  ജോലി കിട്ടിയതിനുശേഷം പുറത്തുപോയി കളിക്കാൻ ലീവ് ലഭിച്ചിട്ടുണ്ട്?. കേരള പോലീസിൽ കമാൻഡൻഡ് ആയിരുന്ന ആളല്ലേ താങ്കൾ, എത്ര കളിക്കാരെ പുറത്തു പോകാൻ സമ്മതിച്ചിട്ടുണ്ട്? ഒരാളെ കാണിച്ചു തരാൻ ആകുമോ? കേരള പോലീസിൽ അങ്ങേക്കും വിജയേട്ടനും ശേഷം വന്നതൊക്കെ ടാലന്‍റില്ലാത്ത കളിക്കാരായതുകൊണ്ടാണോ? അല്ലല്ലോ ? പിന്നെ എന്ത് കൊണ്ടാണ്? .
 
ബാക്കി ഡിപ്പാർട്ട്മെൻറുകളിലെ അവസ്ഥ താങ്കൾക്ക് അറിയാത്തതാണോ?  ലീവെടുത്ത് കളിക്കാൻ പോയത് കൊണ്ട് മാത്രം ജോലി നഷ്ടപ്പെട്ടയെത്ര കളിക്കാരുണ്ട്?. കെ എസ് ഇ ബി , കേരള പോലീസ്, എസ്ബിടി, ടൈറ്റാനിയം,  എജി ഓഫീസ് , സെൻട്രൽ എക്‌സൈസ്  അങ്ങനെ കേരളത്തിൽ ജോലി ലഭിക്കുന്ന കേന്ദ്ര ,കേരള ഡിപ്പാർട്ടുമെൻറുകളിലെ ഫുട്ബോളേഴ്സിൻറെ അവസ്ഥ ഇത് തന്നെയല്ലേ?.  ഒന്നുകിൽ പുറത്താക്കും അതല്ലെങ്കിൽ രാജി വെച്ച് കളിക്കാൻ പോകണമെന്നതല്ലേ വസ്തുത.  ഇതൊക്കെ താങ്കൾക്ക് അറിയാത്ത കാര്യമല്ലെന്നു വിശ്വസിക്കട്ടെ?.

ഈ വസ്തുതകളൊക്കെ പകൽ പോലെ മുന്നിൽ നിക്കുമ്പോഴും കേരള സ്പോർട്സിനെ മുന്നിലേക്ക് നയിക്കേണ്ട സ്പോർട്സ് കൗൺസിലിന്‍റെ അധ്യക്ഷ പദവിയിലിരുന്നുകൊണ്ട് വസ്തുതാവിരുദ്ധമായ കാര്യങ്ങളുന്നയിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. വെറും ഈഗോ എന്നല്ലാതെ എന്താണിതിനെ പറയുക?. ആരോടാണ് ആണ് അങ്ങ് ഈഗോ കാണിക്കുന്നത്. ഇതേ നിലപാടുകളാണ് എല്ലാ കാര്യത്തിലുമെങ്കിൽ കേരള സ്പോർട്സിന്‍റെ അവസ്ഥയെന്താകും?.

ഞങ്ങളൊക്കെ അങ്ങയെ കണ്ട് വളർന്ന കുട്ടികളല്ലേ,ഒരു പഴയ കളിക്കാരനെന്ന നിലയിൽ അങ്ങയെക്കൊണ്ടാവുന്ന രീതിയിൽ ഞങ്ങളെ സഹായിക്കാൻ ശ്രമിക്കുകയല്ലേ മനുഷ്യത്വപരമായി ചെയ്യേണ്ടത്, അതിനു പകരം ഞങ്ങളെടുത്ത് അങ്ങയുടെ ഈഗോ കാണിച്ചിട്ടെന്തു സന്തോഷമാണ് അങ്ങേയ്ക്ക് ലഭിക്കുന്നത്? അങ്ങ് ഈ നിലപാടുകൾ തിരുത്തി പുതിയ തലമുറയെ സഹായിക്കുന്ന രീതിയിലുള്ള നിലപാടുകൾ സ്വീകരിക്കും എന്നു തന്നെയാണ് ഇപ്പോഴും ഞങ്ങളുടെ പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios