സൗദിയില്‍ ലോകകപ്പിന്റെ ലൈവ് സ്ട്രീമിംഗിന് വിലക്ക്; കാരണം അവ്യക്തം
ഖത്തര്‍ തീവ്രവാദപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് നേരത്തേ സൗദി അവരുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ടോഡ് ടിവിയുടെ സംപ്രേഷണം സൗദി നിരോധിച്ചത്.
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ലൈവ് സ്ട്രീമിംഗ് സൗദി അറേബ്യയില്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. ഖത്തര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബിഇന്‍ മീഡിയ ഗ്രൂപ്പിന് കീഴിലുള്ള ടോഡ് ടി വിയാണ് സൗദിയില്‍ സംപ്രേഷണം നടത്തുന്നത്. ഇതിന് മുമ്പും കാലങ്ങളോളം സൗദി ഇവരുടെ സേവനം സൗദി വേണ്ടെന്ന് വച്ചിട്ടുണ്ട്. പിന്നീട് 2021 ഒക്ടോബറിലാണ് പുനരാരംഭിച്ചത്. പിന്നീട് നവംബര്‍ 20ന് ഉദ്ഘാടന മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വീണ്ടും നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിര്‍ത്തിവെക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.
ഖത്തര്‍ തീവ്രവാദപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് നേരത്തേ സൗദി അവരുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ടോഡ് ടിവിയുടെ സംപ്രേഷണം സൗദി നിരോധിച്ചത്. സൗദിക്ക് പുറമെ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും ഖത്തറുമായുളള ബന്ധം ഉപേക്ഷിച്ചിരുന്നു. 24 രാജ്യങ്ങളില്‍ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണാവകാശമുള്ള ഗ്രൂപ്പാണ് ബിഇന്‍. 22 മത്സരങ്ങള്‍ സൗദിയില്‍ ബിഇന്‍ സൗജന്യമായി സംപ്രേഷണം ചെയ്യുന്നുണ്ട്.
ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനെ അട്ടിമറിച്ച സൗദി കഴിഞ്ഞ മത്സരത്തില്‍ പോളണ്ടിനോട് പൊരുതി തോറ്റിരുന്നു. റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പോളണ്ടിന്റെ ജയം. ലെവയ്ക്ക് പുറമെ, പിയോറ്റ് സിലിന്‍സ്‌കിയാണ് മറ്റൊരു ഗോള്‍ നേടിയത്. ആദ്യപാതിയില്‍ ഗോള്‍ വഴങ്ങിയെങ്കിലും പോളണ്ടിനെ വരച്ചവരയില്‍ നിര്‍ത്താന്‍ സൗദിക്ക് സാധിച്ചിരുന്നു. പലപ്പോഴും പോളണ്ട് ഗോള്‍മുഖം വിറപ്പിക്കാന്‍ സൗദി മുന്നേറ്റത്തിനായി. ആദ്യപകുതിയുടെ അവസാനങ്ങളില്‍ ഒരു പെനാല്‍റ്റി മുതലാക്കാന്‍ സാധിക്കാതെ പോയതും സൗദിക്ക് തിരിച്ചടിയായി. സലേം അല്‍ദ്വസാറിയായിരുന്നു കിക്കെടുത്തിരുന്നത്.
39ാം മിനിറ്റിലാണ് പോളണ്ട് ആദ്യ ഗോള്‍ നേടുന്നത്. ലെവന്‍ഡോസ്‌കിയുടെ സഹായത്തില്‍ സെലിന്‍സ്‌കിയുടെ മനോഹരമായ ഫിനിഷ്. 44-ാം മിനിറ്റില്‍ സൗദിക്ക് ഒപ്പമെത്താനുള്ള സുവര്‍ണാവസരമുണ്ടായിരുന്നു. എന്നാല്‍ പെനാല്‍റ്റി മുതലാക്കാന്‍ സലേം അല്‍ദ്വസാറിക്ക് സാധിച്ചില്ല.
ലോകകപ്പ് നേടിയ പോലെ ആഘോഷം; മെക്‌സിക്കോയെ തോല്‍പിച്ച ശേഷം ഡ്രസിംഗ് റൂമില്‍ നൃത്തമാടി മെസിപ്പട- വീഡിയോ
82ാം മിനിറ്റില്‍ സൗദിക്ക് തിരിച്ചുവരാന്‍ കഴിയാത്ത വിധം ലെവന്‍ഡോസ്‌കി രണ്ടാം ഗോള്‍ നേടി. അദ്ദേഹത്തിന്റെ ആദ്യ ലോകകപ്പ് ഗോളായിരുന്നു അത്. പ്രതിരോധതാരം മാലിക്കിയുടെ പിഴവ് മുതലെടുത്താണ് ലെവ ലീഡുയര്‍ത്തിയത്.