ഇറ്റലിയിലെ സ്വപ്‌നങ്ങളെല്ലാം യാഥാര്‍ഥ്യമായെന്ന് റൊണാള്‍ഡോ; ഭാവിയെ കുറിച്ച് അവ്യക്തത തുടരുന്നു
ഇറ്റാലിയൻ ഫുട്ബോളിലെ എല്ലാ വ്യക്തിഗത, ടീം പുരസ്‌കാരങ്ങളും റൊണാൾഡോ മൂന്ന് വർഷത്തിനിടെ സ്വന്തമാക്കിയിരുന്നു.
ടൂറിന്‍: ഇറ്റലിയില്‍ എത്തിയപ്പോൾ താൻ ലക്ഷ്യമിട്ടതെല്ലാം സാധിച്ചുവെന്ന് യുവന്റസിന്‍റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യനോ റൊണാൾഡോ. യുവന്റസ് സെരി എ കിരീടം കൈവിട്ടെങ്കിലും സീസണിലെ ടോപ് സ്‌കോറർ ആയിരുന്നു റൊണാൾഡോ. ഇറ്റാലിയൻ ഫുട്ബോളിലെ എല്ലാ വ്യക്തിഗത, ടീം പുരസ്‌കാരങ്ങളും റൊണാൾഡോ മൂന്ന് വർഷത്തിനിടെ സ്വന്തമാക്കിയിരുന്നു.
'വ്യക്തിഗത നേട്ടങ്ങൾ ഏറെ പ്രയാസമുള്ള ഇറ്റാലിയൻ ലീഗിൽ എല്ലാം സ്വന്തമാക്കാനായതിൽ അഭിമാനുണ്ട്. താൻ റെക്കോർഡുകളെ പിന്തുടരാറില്ല. റെക്കോർഡുകൾ തന്നെയാണ് പിന്തുടരുന്നത്. ഫുട്ബോൾ കൂട്ടായ്മയുടെ കളിയാണെങ്കിലും വ്യക്തികളുടെ മികവുകളിലൂടെയാണ് ടീം നേട്ടങ്ങൾ സ്വന്തമാക്കുന്നത്. ഇംഗ്ലണ്ടിലും സ്‌പെയ്‌നിലും ഇറ്റലിയിലും തനിക്കിതിന് കഴിഞ്ഞു. ഇനിയും ഇതുപോലെ മുന്നോട്ട് പോകും' എന്നും റൊണാൾഡോ പറഞ്ഞു.
യൂറോപ്പിലെ ഏതെങ്കിലും മൂന്ന് പ്രധാന ലീഗുകളില്‍ ടോപ് സ്‌കോററായ ഏക കാൽപ്പന്തുകാരന്‍ എന്ന നേട്ടം റൊണാള്‍ഡോ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. യുവന്റസിന് പുറമെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡ് എന്നിവിടങ്ങളിലാണ് റോണോ ടോപ് സ്‌കോറര്‍ പദവി അലങ്കരിച്ചത്. യുവന്‍റസിലും 100 ഗോള്‍ തികച്ചതോടെ മൂന്ന് ക്ലബുകള്‍ക്കും ദേശീയ ടീമിനായും മൂന്നക്കം കണ്ട ആദ്യതാരം എന്ന നേട്ടവും പേരിലായി. യുവന്‍റസിനായി ഏറ്റവും വേഗത്തില്‍ 100 ഗോളുകള്‍ അടിച്ചുകൂട്ടിയതിന്‍റെ റെക്കോര്‍ഡും അക്കൗണ്ടിലുണ്ട്.
യുണൈറ്റഡ്, റയല്‍ കുപ്പായങ്ങളില്‍ കിരീടങ്ങള്‍ വാരിക്കൂട്ടിയ റോണോ യുവന്‍റസിനൊപ്പം ഇറ്റലിയിലെ മേജര്‍ കിരീടങ്ങളെല്ലാം സ്വന്തമാക്കുകയും ചെയ്തു. രണ്ട് വീതം സെരി എയും(2018–19, 2019–20), സൂപ്പര്‍ കോപ്പയും(2018, 2020) ഈ സീസണില്‍ കോപ്പ ഇറ്റാലിയയും(2020–21) നേടിയതോടെയാണിത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം യുവന്‍റസില്‍ സ്വപ്‌നമായി തുടരുന്നു. മുപ്പത്തിയാറുകാരനായ താരത്തിന് ഒരു വര്‍ഷം കൂടിയാണ് യുവന്‍റസില്‍ കരാര്‍ അവശേഷിക്കുന്നത്. താരം തുടരുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഗോള്‍ദാഹം തീരാത്ത ബൂട്ടുകള്‍; റോണോ പോയിടത്തെല്ലാം രാജാവ്, റെക്കോര്‍ഡ്
നൂറഴകില്‍ റൊണാള്‍ഡോ; ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ താരം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona