ബെന്‍സേമയ്ക്ക് ഹാട്രിക്ക്! എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സ തകര്‍ന്നു; റയല്‍ കോപ ഡെല്‍ റേ ഫൈനലില്‍- വീഡിയോ
ബാഴ്‌സലോണയുടെ മൈതാനത്ത് നടന്ന കളിയില്‍ വിനീഷ്യസ് ജൂനിയറാണ് ആദ്യഗോള്‍ നേടിയത്. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളിനാണ് റയലിന്റെ ജയം. 55, 58, 80 മിനിറ്റുകളിലായിരുന്നു ബെന്‍സേമയുടെ ഹാട്രിക്.
ബാഴ്‌സലോണ: എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. രണ്ടാംപാദ സെമിയില്‍ എതിരില്ലാത്ത നാല് ഗോള്‍ ജയത്തോടെ റയല്‍, കോപ്പ ഡെല്‍ റേയുടെ ഫൈനലില്‍ കടന്നു. കരീം ബെന്‍സേമയുടെ ഹാട്രിക് കരുത്തിലാണ് റയലിന്റെ ജയം. ആദ്യപാദത്തില്‍ ബാഴ്‌സലോണ ഒരുഗോളിന് ജയിച്ചിരുന്നു.
ബാഴ്‌സലോണയുടെ മൈതാനത്ത് നടന്ന കളിയില്‍ വിനീഷ്യസ് ജൂനിയറാണ് ആദ്യഗോള്‍ നേടിയത്. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളിനാണ് റയലിന്റെ ജയം.
55, 58, 80 മിനിറ്റുകളിലായിരുന്നു ബെന്‍സേമയുടെ ഹാട്രിക്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ബെന്‍സേമ ഹാട്രിക് നേടുന്നത്. റയല്‍ ഫൈനലില്‍ മേയ് ആറിന് ഒസസൂനയെ നേരിടും.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴിയില്‍
തുടര്‍തോല്‍വികള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴിയില്‍ തിരിച്ചെത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡ് ഒറ്റഗോളിന് ബ്രെന്റ് ഫോര്‍ഡിനെ തോല്‍പിച്ചു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് നിര്‍ണായക ഗോള്‍ നേടിയത്. ഇരുപത്തിയേഴാം മിനിറ്റിലായിരുന്നു റാഷ്‌ഫോര്‍ഡിന്റെ ഗോള്‍. പ്രീമിയര്‍ ലീഗ് സീസണില്‍ റാഷ്‌ഫോര്‍ഡിന്റെ പതിനഞ്ചാം ഗോളാണിത്, എല്ലാ മത്സരങ്ങളിലുമായി ഇരുപത്തിയെട്ടാം ഗോളും. ജയത്തോടെ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 28 കളിയില്‍ 53 പോയിന്റാണ് യുണൈറ്റഡിനുള്ളത്.
പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡ് ഒന്നിനെതിരെ അഞ്ച് ഗോളിന് വെസ്റ്റ് ഹാമിനെ തോല്‍പിച്ചു. കല്ലം വില്‍സന്റെയും ജോലിന്റന്റെയും ഇരട്ടഗോള്‍ മികവിലാണ് ന്യൂകാസിലിന്റെ ജയം. അലക്‌സാണ്ടര്‍ ഇസാക് ഗോള്‍പട്ടിക തികച്ചു. കര്‍ട്ട് സൗമയാണ് വെസ്റ്റ് ഹാമിന്റെ ആശ്വാസഗോള്‍ നേടിയത്. ജയത്തോടെ 53 പോയിന്റുമായി ന്യൂകാസില്‍ ലീഗില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. യുണൈറ്റഡിനും 53 പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയിലാണ് ന്യൂകാസില്‍ മുന്നിലെത്തിയത്.