ഖത്തര്‍ താരം വംശീയമായി അധിക്ഷേപിച്ചു, സൗഹൃദ ഫുട്ബോള്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ച് ന്യൂസിലന്‍ഡ്
ഓസ്ട്രിയയിലെ റിറ്റിസിങില്‍ നടന്ന മത്സരം നിയന്ത്രിച്ചത് ഓസ്ട്രിയന്‍ റഫറി മാന്യുവല്‍ സ്കട്ടന്‍ഗ്രബര്‍ ആയിരുന്നു. ഇടവേളക്ക് ഗ്രൗണ്ട് വിടുമ്പോള്‍ വംശീയ അധിക്ഷേപത്തിന് നടപടിയെടുക്കാതിരുന്ന റഫറിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയാണ് ന്യൂസിലന്‍ഡ് നായകന്‍ ജോ ബെല്‍ ഗ്രൗണ്ട് വിട്ടത്.
റിറ്റിസിങ്(ഓസ്ട്രിയ): ഖത്തര്‍ താരം വംശീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് സൗഹൃദ ഫുട്ബോള്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ച് ന്യൂസിലന്‍ഡ് ഫുട്ബോള്‍ ടീം. ഇന്നലെ ഓസ്ട്രിയയില്‍ നടന്ന ഖത്തര്‍-ന്യൂസിലന്‍ഡ് സൗഹൃദ ഫുട്ബോള്‍ മത്സരത്തിനിടെയായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരത്തിന്‍റെ ഇടവേളയില്‍ ന്യൂസിലന്‍ഡ് 1-0 മുന്നില്‍ നില്‍ക്കുകയായിരുന്നെങ്കിലും ഇടവേളക്കുശേഷം ന്യൂസിലന്‍ഡ് താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങാന്‍ വിസമ്മതിച്ചതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ന്യൂസിലന്‍ഡ് താരം മിഖായേല്‍ ബോക്സാളിനെ ഖത്തര്‍ താരം വംശീയമായി അധിക്ഷേപിച്ചുവെന്ന് പിന്നീട് ന്യൂസിലന്‍ഡ് ഫുട്ബോള്‍ ടീം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ അധികൃതര്‍ യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടീം രണ്ടാം പകുതിയില്‍ ഗ്രൗണ്ടിലിറങ്ങാതിരുന്നതെന്നും ന്യൂസിലന്‍ഡ് ടീം പ്രസ്താവനയില്‍ വ്യക്തമാക്കി. മത്സരത്തിന്‍റെ പതിനേഴാം മിനിറ്റില്‍ മാര്‍ക്കോ സ്റ്റാമെനിക് ആണ് ന്യൂസിലന്‍ഡിന് ലീഡ് സമ്മാനിച്ചത്.
ഓസ്ട്രിയയിലെ റിറ്റിസിങില്‍ നടന്ന മത്സരം നിയന്ത്രിച്ചത് ഓസ്ട്രിയന്‍ റഫറി മാന്യുവല്‍ സ്കട്ടന്‍ഗ്രബര്‍ ആയിരുന്നു. ഇടവേളക്ക് ഗ്രൗണ്ട് വിടുമ്പോള്‍ വംശീയ അധിക്ഷേപത്തിന് നടപടിയെടുക്കാതിരുന്ന റഫറിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയാണ് ന്യൂസിലന്‍ഡ് നായകന്‍ ജോ ബെല്‍ ഗ്രൗണ്ട് വിട്ടത്. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ടീമായ മിനസോട്ട യുണൈറ്റഡിന്‍റെ ക്യാപ്റ്റന്‍ കൂടിയാണ് വംശീയ അധിക്ഷേപത്തിന് ഇരയായ ന്യൂസിലന്‍ഡ് താരം ബോക്സാള്‍. ന്യൂസിലന്‍ഡ് താരമാണെങ്കിലും സമോവന്‍ പാരമ്പര്യമുള്ള കളിക്കാരനാണ് ബോക്സാള്‍. ബോക്സാളിനെതിരായ വംശീയ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് ഗ്രൗണ്ട് വിടാനുള്ള ന്യൂസിലന്‍ഡ് ടീമിന്‍റെ തീരുമാനത്തെ ന്യസിലന്‍ഡ് ഫുട്ബോള്‍ പ്ലേയേഴ്സ് അസോസിയേഷനും പിന്തുണച്ചു.
നേരത്തെ റിപ്പബ്ലിക്ക് അയര്‍ലന്‍ഡ് അണ്ടര്‍ 21 ടീമും കുവൈത്ത് ടീമും തമ്മിലുള്ള മത്സരവും വംശീയ അധിക്ഷേപത്തെത്തുടര്‍ന്ന് പകുതി വഴിക്ക് ഉപേക്ഷിച്ചിരുന്നു. അയര്‍ലന്‍ഡ് താരത്തിനെതിരെ കുവൈത്തി താരം വംശീയ അധിക്ഷേപം നടത്തിയതിനെത്തുടര്‍ന്നാണ് മത്സരത്തില്‍ 3-0ന് മുന്നില്‍ നില്‍ക്കുകയായിരുന്ന അയര്‍ലന്‍ഡ് ടീം മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടത്.