ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്ന ലിയോണല്‍ മെസിയെ തേടി അപൂര്‍വനേട്ടം; മറഡോണയെ മറികടക്കും
സൗദി അറേബ്യക്കെതിരെ ഈ മാസം 22ന് ബൂട്ട് കെട്ടുമ്പോള്‍ മെസ്സി മറികടക്കുന്നത് നാല് ലോകകപ്പുകള്‍ കളിച്ച സാക്ഷാല്‍ ഡീഗോ മറഡോണയെയും ഹാവിയര്‍ മഷെരാനോയെയും.
ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസിയെ കാത്തിരിക്കുന്ന അപൂര്‍വമായ നേട്ടം. അഞ്ച് ലോകകപ്പുകള്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരവുമാകും 35കാരനായ മെസി. 36ആം വയസ്സില്‍ ഇറ്റലിയുടെ ഗോള്‍വല കാത്ത ജിയാന്‍ലൂജി ബഫണിന്റെ റെക്കോര്‍ഡാണ് മെസി സ്വന്തം പേരിലാക്കുക.
സൗദി അറേബ്യക്കെതിരെ ഈ മാസം 22ന് ബൂട്ട് കെട്ടുമ്പോള്‍ മെസ്സി മറികടക്കുന്നത് നാല് ലോകകപ്പുകള്‍ കളിച്ച സാക്ഷാല്‍ ഡീഗോ മറഡോണയെയും ഹാവിയര്‍ മഷെരാനോയെയും. അര്‍ജന്റീനയുടെ ലോകകപ്പ് ഗോള്‍ സ്‌കോറര്‍മാരില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് മെസി. ഖത്തറില്‍ നാല് തവണ ലക്ഷ്യം കണ്ടാല്‍ 10 ഗോളുകളുള്ള ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പമെത്താനാകും.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിലും കളിച്ചാല്‍, അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമാകും മെസി. മെസി കഴിഞ്ഞാല്‍ ടീമില്‍ സീനിയര്‍ 2010, 2014, 2018 ലോകപ്പുകളില്‍ കളിച്ച ഏഞ്ചല്‍ ഡി മരിയ. 2010ലെയും 2018ലെയും ലോകകപ്പില്‍ കളിച്ച നിക്കോളാസ് ഓട്ടമെന്‍ഡിക്ക് വിശ്വവേദിയില്‍ മൂന്നാം അവസരം.
പ്രീ ക്വാര്‍ട്ടറില്‍ വീണ കഴിഞ്ഞ ലോകകപ്പില്‍ കളിച്ച ഫ്രാങ്കോ അര്‍മാനി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, മാര്‍കോസ് അക്യൂന, പൗളോ ഡിബാല എന്നിവരും ഖത്തറിലേക്ക് വിമാനം കയറും. 26 അംഗ അര്‍ജന്റൈന്‍ ടീമില്‍ 19 പേരും പുതുമുഖങ്ങള്‍ ആണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
ഗ്രൂപ്പ് സിയില്‍ സൗദിക്ക് പുറമെ പോളണ്ട്, മെക്‌സിക്കോ എന്നിവരാണ് മറ്റ് രണ്ട് എതിരാളികള്‍. പരാജയമറിയാത്ത 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ലിയോണല്‍ സ്‌കലോണിയും സംഘവും ഈമാസം പതിനാറിന് യുഎഇക്കെതിരെ സന്നാഹമത്സരത്തിന് ഇറങ്ങുന്നത്. ടീമംഗങ്ങള്‍ യുഎഇയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.