യുവേഫ ചാംപ്യന്‍സ് ലീഗ്: പിഎസ്ജിയും ചെല്‍സിയും ഇന്നിറങ്ങും; ബാഴ്‌സയ്ക്ക് നാളെ നിര്‍ണായകം
രാത്രി പത്തേകാലിന് സാല്‍സ്‌ബെര്‍ഗിന്റെ റെഡ്ബുള്‍ അറീനയിലാണ് മത്സരം. വിജയവഴിയില്‍ തിരിച്ചെത്താനിറങ്ങുന്ന പിഎസ്ജിക്ക് ഇസ്രായേല്‍ ക്ലബ്ബ് മക്കാബി ഹൈഫയാണ് ഇന്ന് എതിരാളികള്‍.
പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ചെല്‍സി ഇന്നിറങ്ങും. പിഎസ്ജി, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്കും ഇന്ന് മത്സരമുണ്ട്. ചാംപ്യന്‍സ് ലീഗില്‍ ഹാട്രിക് ജയം തേടിയാണ് ചെല്‍സി ഇറങ്ങുന്നത്. ഓസ്ട്രിയന്‍ ക്ലബ്ബ് ആര്‍ബി സാല്‍സ്‌ബെര്‍ഗിനെതിരെ ജയിച്ചാല്‍ നീലപ്പടയ്ക്ക് അവസാന പതിനാറില്‍ സ്ഥാനമുറപ്പ്. സമനിലയോ തോല്‍വിയോ എങ്കില്‍ ഗ്രൂപ്പിലെ മറ്റ് മത്സരഫലങ്ങള്‍ നിര്‍ണായകം.
രാത്രി പത്തേകാലിന് സാല്‍സ്‌ബെര്‍ഗിന്റെ റെഡ്ബുള്‍ അറീനയിലാണ് മത്സരം. വിജയവഴിയില്‍ തിരിച്ചെത്താനിറങ്ങുന്ന പിഎസ്ജിക്ക് ഇസ്രായേല്‍ ക്ലബ്ബ് മക്കാബി ഹൈഫയാണ് ഇന്ന് എതിരാളികള്‍. തുടരെ രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങിയെങ്കിലും പിഎസ്ജിയുടെ പ്രീക്വാര്‍ട്ടര്‍ സ്ഥാനത്തിന് വെല്ലുവിളിയില്ല. ലിയോണല്‍ മെസി, നെയ്മര്‍, എംബപ്പെ ത്രയത്തിന്റെ കരുത്തില്‍ മുന്നേറുന്ന പിഎസ്ജി, ജയത്തോടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം ആധികാരികമാക്കാനാണ് ഒരുങ്ങുന്നത്.
സസ്‌പെന്‍ഷനിലുള്ള മാര്‍ക്കോ വെരാറ്റി ഇന്ന് കളിക്കില്ല. പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്ക് എവേമത്സരത്തില്‍ ഇന്ന് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടാണ് എതിരാളികള്‍. ഗോളടിയന്ത്രം ഏര്‍ളിംഗ് ഹാളണ്ടില്‍ തന്നെയാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡും വിജയവഴി തേടിയാണ് ഇറങ്ങുന്നത്. ആര്‍ബി ലെയ്പ്‌സിഗാണ് എതിരാളികള്‍. എല്ലാ മത്സരങ്ങളും രാത്രി പന്ത്രണ്ടരയ്ക്കാണ്. മറ്റ് മത്സരങ്ങളില്‍ യുവന്റസ്, ബെന്‍ഫിക്കയെയും സെവിയ്യ കോപ്പന്‍ഹേഗനെയും മിലാന്‍ ഡൈനമോസാഗ്രബിനെയും നേരിടും.
നാളെ ബാഴ്‌സ- ബയേണ്‍
ബാഴ്‌സലോണ നാളെ നിര്‍ണായ പോരിനിറങ്ങും. ബയേണിനെതിരെ ജയിച്ചാല്‍ പോലും ഇന്റര്‍മിലാന്റെ തോറ്റെങ്കില്‍ മാത്രമേ ബാഴ്‌സയ്ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ സാധിക്കൂ. നിലവില്‍ മൂന്നാം സ്ഥാനത്താണ് ബാഴ്‌സ. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ നാല് പോയിന്റ മാത്രമാണുള്ളത്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ററിന് ഏഴ് പോയിന്റുണ്ട്. ലിവര്‍പൂള്‍, അത്‌ലറ്റികോ മാഡ്രിഡ്, ടോട്ടന്‍ഹാം എന്നിവര്‍ക്കും നാളെ മത്സരമുണ്ട്.