കട്ട ലോക്കല്‍ അല്ല, ഇന്‍റര്‍നാഷണല്‍ തന്നെ, കൊച്ചി ഫുട്ബോള്‍ ടീമിന് കിടിലൻ പേരിട്ട് പൃഥ്വിരാജ്
കൊച്ചി രാജാവും കൊച്ചി ടൈറ്റന്‍സും കൊച്ചി മച്ചാന്‍സും ടീം ഗില്ലാപ്പിയുമെല്ലാം ആയി കട്ട ലോക്കല്‍ പേരുകള്‍ ആരാധകര്‍ നിര്‍ദേശിച്ചിരുന്നു.
കൊച്ചി: കേരളത്തിന്‍റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി ടീമിന് പേരിട്ട് നടന്‍ പൃഥ്വിരാജ്. ഫോഴ്സാ കൊച്ചി എഫ്‌സി എന്നാണ് ടീമിന്‍റെ പേര്. പോര്‍ച്ചുഗീസ് ഭാഷയില്‍ മുന്നോട്ട് എന്നാണ് ഫോഴ്സാ എന്ന വാക്കിന്‍റെ അര്‍ത്ഥം. കാൽപന്തിന്‍റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ! എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വി സമൂഹമാധ്യമങ്ങളിലൂടെ ക്ലബ്ബിന്‍റെ പേര് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് കൊച്ചി ടീമിന് പേര് വേണമെന്ന് പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റിലൂടെ ആരാധകരോട് ആവശ്യപ്പെട്ടത്. ഓരോ ക്ലബ്ബിന്‍റെ പേരിലും ഒരു കഥയുണ്ട്. നിങ്ങള്‍ക്കും അത്തരമൊരു കഥയുടെ ഭാഗമാകാം. സൂപ്പര്‍ ലിഗ് കേരളയില്‍ സുപ്രിയയും ഞാനും കൊച്ചിക്ക് വേണ്ടി കൊണ്ടുവരുന്ന ടീമിനും വേണം അങ്ങനെയൊരു കിടിലന്‍ പേര്. കൊച്ചിക്കും ഞങ്ങള്‍ക്കും ഒരുപോലെ ചേരുന്ന പേര് എന്നായിരുന്നു പൃഥ്വി പേസ്ബുക്കില്‍ കുറിച്ചത്.
𝐈𝐓'𝐒 𝐎𝐅𝐅𝐈𝐂𝐈𝐀𝐋 🥁
— Prithviraj Sukumaran (@PrithviOfficial) July 11, 2024
We're thrilled to introduce Kochi's new force in football 💪
As we step onto the field with this new name, the Force of Kochi is poised for success and endless possibilities. We unite with world-class local football talent, inspiring Kochi and… pic.twitter.com/B2v0kATW3U
പോസ്റ്റിട്ട് മിനുറ്റുകള്‍ക്കകം ആരാധകര്‍ പേരുകള്‍ നിര്‍ദേശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. കൊച്ചി രാജാവും കൊച്ചി ടൈറ്റന്‍സും കൊച്ചി മച്ചാന്‍സും ടീം ഗില്ലാപ്പിയുമെല്ലാം ആയി കട്ട ലോക്കല്‍ പേരുകള്‍ ആരാധകര്‍ നിര്‍ദേശിച്ചെങ്കിലും ഒടുവില്‍ ഇന്‍റര്‍നാഷണല്‍ പേരായ ഫോഴ്സാ എഫ്‌സി കൊച്ചി എന്ന പേരിലെത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്‌സിയെ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേര്‍ന്ന് സ്വന്തമാക്കിയത്.
കോപ്പയിൽ കൂട്ടത്തല്ല്; കൊളംബിയന്‍ ആരാധകരെ ഗ്യാലറിയില്‍ കയറി തല്ലി യുറുഗ്വേന്‍ താരങ്ങള്‍
കേരളത്തിലെ ഫുട്ബോളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താനും താഴെക്കിടയിൽ ഫുട്ബോളിനെ വളർത്താനും സൂപ്പർ ലീഗ് കേരളക്ക് കഴിയുമെന്ന് ടീമിനെ സ്വന്തമാക്കിയശേഷം പൃഥ്വിരാജ് പറഞ്ഞിരുന്നു. ഓഗസ്റ്റ് അവസാനം ആരംഭിക്കുന്ന സൂപ്പർ ലീഗ് 60 ദിവസം നീണ്ടുനിൽക്കും.കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണിൽ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുന്നത്. നസ്‌ലി മുഹമ്മദ്, പ്രവീഷ് കുഴി പ്പള്ളി, ഷമീം ബക്കർ, മുഹമ്മദ് ഷൈജൽ എന്നിവരാണ് കൊച്ചി എഫ്‌സി ടീമിൽ പൃഥ്വിയുടെയും സുപ്രിയയുടെയും സഹ ഉടമകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക