സിറ്റിക്ക് പണിയാകും; മാര്‍ട്ടിനെല്ലിയുടെ സൂപ്പര്‍ ഫിനിഷില്‍ ആഴ്‌സണലിന്‍റെ വിജയക്കുതിപ്പ്
രണ്ടാംപകുതിക്ക് കിക്കോഫായതും ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഗോളില്‍ ആഴ്‌സണല്‍ മുന്നിലെത്തുന്നത് കണ്ടു
ലെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കിരീടപ്പോരില്‍ രണ്ടടി മുന്നിലെത്തി ആഴ്‌സണല്‍. എവേ ഗ്രൗണ്ടില്‍ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത ആഴ്‌സണല്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് സിറ്റിയേക്കാള്‍ അഞ്ച് പോയിന്‍റിന്‍റെ ലീഡ് സ്വന്തമാക്കി. ഒന്നാമതുള്ള ആഴ്‌സണലിന് 57 ഉം രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 52 ഉം പോയിന്‍റാണ് 24 വീതം മത്സരങ്ങളിലുള്ളത്. രണ്ടാംപകുതിയുടെ തുടക്കത്തില്‍ 46-ാം മിനുറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയാണ് ആഴ്‌സണലിനായി വല ചലിപ്പിച്ചത്. ഇതോടെ ഇന്ന് രാത്രി നടക്കുന്ന ബോൺമൗത്തിനെതിരായ മത്സരം സിറ്റിക്ക് വിജയിച്ചേ മതിയാകൂ എന്ന സാഹചര്യമായി.
നാടകീയം ആദ്യപകുതി, നിഷേധിക്കപ്പെട്ട് ഗോള്‍
28-ാം മിനുറ്റില്‍ സാക്ക എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു എല്ലാറ്റിന്‍റേയും തുടക്കം. ആദ്യം ലെസ്റ്റര്‍ പ്രതിരോധം തട്ടിയകറ്റിയെങ്കിലും കാല്‍ക്കലെത്തിയ ബോള്‍ ഷാക്ക ബോക്‌സിന് പുറത്ത് നിന്ന ലിയണ്ട്രോ ട്രോസാര്‍ഡിന് മറിച്ചുനല്‍കി. ബോക്‌സിന് തൊട്ടടുത്ത് വച്ച് പന്ത് വലത് പാര്‍ശ്വത്തിലേക്ക് അടിച്ചുകയറ്റി ട്രോസാര്‍ഡ് ലക്ഷ്യം കണ്ടു. എന്നാല്‍ കോര്‍ണര്‍ കിക്ക് എടുക്കവേ ലെസ്റ്റര്‍ ഗോളിയെ ആഴ്‌സണല്‍ താരം ബെന്‍ വൈറ്റ് ഫൗള്‍ ചെയ്‌തതായി ലെസ്റ്റര്‍ താരങ്ങള്‍ അപ്പീല്‍ ചെയ്‌തതോടെ റഫറി വാറിലേക്ക് ഉറ്റുനോക്കി. വാര്‍ പരിശോധനയില്‍ ഫൗള്‍ വിധിച്ചതോടെ ആഴ്‌സണലിന്‍റെ ഗോള്‍ നിഷേധിക്കപ്പെട്ടു. പിന്നാലെ രണ്ട് മിനുറ്റിന് ശേഷം ലെസ്റ്ററിനായി കലെച്ചി ഇയാനാച്ചോ വലകുലുക്കിയപ്പോള്‍ സൈഡ് റഫറി ഓഫ്‌സൈഡ് ഫ്ലാഗ് ഉയര്‍ത്തി. ഇതോടെ ഗോള്‍രഹിതമായി മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.
രണ്ടാംപകുതി തുടങ്ങിയതേ ഓര്‍മ്മയുള്ളൂ...
രണ്ടാംപകുതിക്ക് കിക്കോഫായതും സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഗോളില്‍ ആഴ്‌സണല്‍ മുന്നിലെത്തുന്നത് കണ്ടു. ലെസ്റ്റര്‍ പ്രതിരോധത്തിന്‍റെ കണ്ണുവെട്ടിച്ച് ട്രോസാര്‍ഡ് നല്‍കിയ പന്തില്‍ ബോക്‌സിലേക്ക് കുതിച്ചെത്തിയ മാര്‍ട്ടിനെല്ലി അതിസുന്ദരമായി ഫാര്‍ പോസ്റ്റിലേക്ക് ഫിനിഷ് ചെയ്‌തു. ഫിഷിംഗിനിടെ മാര്‍ട്ടിനെല്ലിക്ക് പരിക്കേറ്റത് ആശങ്കപ്പെടുത്തിയെങ്കിലും താരം കളി തുടര്‍ന്നു. ഇതിന് ശേഷം ഫിസിക്കല്‍ പോരാട്ടമായി മത്സരം നീണ്ടെങ്കിലും ലെസ്റ്ററിന് സമനില ഗോള്‍ കണ്ടെത്താനായില്ല.
ഇനി കണ്ണുകള്‍ സിറ്റിയിലേക്ക്...
ഇപിഎല്‍ കിരീടത്തിനായി ആഴ‌്‌സണലുമായി ഇഞ്ചോടിഞ്ച് പൊരുതുന്ന മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് കളിക്കളത്തിലെത്തുന്നുണ്ട്. രാത്രി പതിനൊന്നിന് തുടങ്ങുന്ന കളിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ബോൺമൗത്താണ് എതിരാളികൾ. ബോൺമൗത്തിന്‍റെ ഹോംഗ്രൗണ്ടിലാണ് മത്സരം. ആഴ്‌സണല്‍ ഇന്ന് വിജയിച്ചതിനാല്‍ വിജയം മാത്രമാണ് സിറ്റിയുടെ ലക്ഷ്യം. ബോണ്‍മൗത്തിനെ നേരിടുന്നതോടെ സിറ്റിക്ക് സീസണില്‍ ഒരു മത്സരം അധികമാവുകയും ചെയ്യും. ഹാലൻഡും ഗ്രീലിഷും അൽവാരസും ഫോഡനും മെഹറസുമെല്ലാം ഫോമിലേക്കെത്തിയാൽ ഗാർഡിയോളയ്ക്ക് ഗോളിനെക്കുറിച്ച് ആശങ്കയുണ്ടാവില്ല.
അപ്പോള്‍ നാളെ കാണാം; ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന ഹോം മാച്ചിന് ആരാധകരെ ക്ഷണിച്ച് സഞ്ജു സാംസണ്‍- വീഡിയോ