കാത്തിരുന്ന് മടുത്തു! ഇന്നെങ്കിലും ക്രിസ്റ്റ്യാനോ ഗോളടിക്കുമോ? പോര്‍ച്ചുഗീസ് താരത്തെ കാത്ത് അപൂര്‍വ നേട്ടം
മത്സരത്തനിടെ പലതവണ ആരാധകര്‍ റോണോയ്ക്കരികിലെത്തി സെല്‍ഫിയെടുത്ത് മടങ്ങുന്നതായിരുന്നു യൂറോ കപ്പിലെ വൈറല്‍ കാഴ്ച.
മ്യൂണിക്ക്: യൂറോ കപ്പില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോളിന് കാത്തിരിക്കുകയാണ് ആരാധകര്‍. സ്‌കോര്‍ ചെയ്താന്‍ യൂറോയില്‍ ഗോള്‍ നേടുന്ന പ്രായമേറിയ താരമാകാം ക്രിസ്റ്റ്യാനോയ്ക്ക്. ഇന്ന് ജോര്‍ജിയക്കെതിരെ ഇറങ്ങുന്നുണ്ട് പോര്‍ച്ചുഗല്‍. രാത്രി 12.30നാണ് മത്സരം. റോണോയുടെ കാലില്‍ നിന്ന് ഗോള്‍ പിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേ സമയം മൈതാനത്തേക്കുള്ള ആരാധകരുടെ കടന്നുകയറ്റത്തെ തുടര്‍ന്ന് പോര്‍ച്ചുഗലിന്റെ മത്സരത്തിന് സുരക്ഷ ശക്തമാക്കി.
മത്സരത്തനിടെ പലതവണ ആരാധകര്‍ റോണോയ്ക്കരികിലെത്തി സെല്‍ഫിയെടുത്ത് മടങ്ങുന്നതായിരുന്നു യൂറോ കപ്പിലെ വൈറല്‍ കാഴ്ച. സ്‌കോര്‍ ചെയ്യാനാവാതെ എതിര്‍ ഗോള്‍പോസ്റ്റിനടുത്ത് നില്‍ക്കുമ്പോഴും ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഇത്തരം സെല്‍ഫികള്‍ ധാരാളമായിരുന്നു. പക്ഷേ പോര്‍ച്ചുഗല്‍ പരിശീലകനും സഹ കളിക്കാരും ആരാധകരുടെ അതിരുവിട്ട സ്‌നേഹത്തെ വിമര്‍ശിച്ച് രംഗത്തെത്തി. ഒപ്പം യൂറോയിലെ താരങ്ങളുടെ സുരക്ഷ ചോദ്യം ചെയ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പോര്‍ച്ചുഗലിന്റെ മത്സരത്തിന് സുരക്ഷ വര്‍ധിപ്പിക്കാനാണ് തീരുമാനം.
മത്സരത്തിന് ഫീല്‍ഡ് സെക്യൂരിറ്റിമാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ യുവേഫ തീരുമാനിച്ചു. കാണികള്‍ മൈതാനത്തേക്കിറങ്ങാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കും. നിയന്ത്രണം ലംഘിച്ചെത്തുന്നവരെ ടൂര്‍ണമെന്റിലുടനീളം സ്റ്റേഡിയങ്ങളില്‍ വിലക്കാനാണ് തീരുമാനം. ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷനും മത്സരങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കുമെന്നറിയിച്ചിട്ടുണ്ട്. മുന്‍ കരുതലുകളുടെ ഭാഗമായി സ്റ്റേഡിയങ്ങളില്‍ കൂടുതല്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്.
കാണികള്‍ സ്വയം നിയന്ത്രണം പാലിക്കണം, ടൂര്‍ണമെന്റ് മികച്ച രീതിയില്‍ നടക്കണമെന്നാണ് ജര്‍മനി ആഗ്രഹിക്കുന്നത്, ഫെഡറേഷന്‍ വ്യക്തമാക്കി. സെല്‍ഫിക്കെത്തുന്നവരെ നിരാശരാക്കുന്നില്ലെങ്കിലും അഞ്ചോളം തവണ ആരാധകരെത്തുന്നതില്‍ റൊണാള്‍ഡോയും അസ്വസ്ഥനാണെന്നാണ് താരത്തിന്റെ ശരീരഭാഷ സൂചിപ്പിക്കുന്നത്.
മൂന്നാം ജയവും ഗ്രൂപ്പ് ചാംപ്യന്‍ പട്ടവുമാണ് പോര്‍ച്ചുഗലിന്റെ ലക്ഷ്യം. ജോര്‍ജിയക്കെതിരെ മികച്ച ജയത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ തൃപ്തി നല്‍കില്ല. നോക്കൗട്ടിന് മുമ്പ് വമ്പന്‍ ജയം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നുറപ്പ്. 2016ലെ കിരീടനേട്ടം ആവര്‍ത്തിക്കാനുള്ള ആവേശത്തോടെയാണ് സംഘം കളത്തിലിറങ്ങുന്നത്.