മൊറോക്കോ- സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍- സ്വിറ്റ്‌സര്‍ലന്‍ഡ്; ക്രിസ്റ്റിയാനോയ്ക്ക് നായകസ്ഥാനം നഷ്ടമായേക്കും
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗല്‍ നായക സ്ഥാനം നഷ്ടമായേക്കും. തെക്കന്‍ കൊറിയക്കെതിരായ മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിന് റൊണാള്‍ഡോ അസ്വസ്ഥനായിരുന്നു.
ദോഹ: ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ചിത്രം ഇന്ന് തെളിയും. അവസാന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ സ്‌പെയിന്‍ മൊറോക്കോയെയും പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്റിനെയും നേരിടും. രാത്രി 8.30നാണ് സ്‌പെയിന്‍ മൊറോക്കോ മത്സരം. ഗ്രൂപ്പ് എഫിലെ ചാംപ്യന്‍മാരായാണ് മോറോക്കോ പ്രീക്വാര്‍ട്ടറിലെത്തിയത്. അവസാന മത്സരത്തില്‍ ജപ്പാനോട് തോല്‍വി വഴങ്ങി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്‌പെയിനിന്റെ വരവ്. രാത്രി 12.30നാണ് പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടുന്നത്. ഗ്രൂപ്പ് എച്ചിലെ ചാംപ്യന്‍മാരായാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്.
അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗല്‍ നായക സ്ഥാനം നഷ്ടമായേക്കും. തെക്കന്‍ കൊറിയക്കെതിരായ മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിന് റൊണാള്‍ഡോ അസ്വസ്ഥനായിരുന്നു. ഇത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ താരത്തിന്റെ പ്രവര്‍ത്തിയില്‍ ഒട്ടും ഇഷ്ടമായില്ലെന്ന് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെ സൂപ്പര്‍താരത്തെ നോക്കൗട്ട് ഘട്ടം മുതല്‍ നായക സ്ഥാനത്ത് നിന്ന് നീക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അതേസമയം, സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെയുള്ള പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്ന് ആരാധകര്‍. പോര്‍ച്ചുഗീസ് സ്പോര്‍ട്സ് പത്രമായ എ ബോല നടത്തിയ ഒരു സര്‍വേയില്‍ 70 ശതമാനം ആരാധകരും റൊണാള്‍ഡോ ആദ്യ ഇലവനില്‍ കളിക്കുന്നത് ആഗ്രഹിക്കുന്നില്ലെന്നാണ് പ്രതികരിച്ചത്. എന്തിനാണ് ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുന്നത്. അദ്ദേഹം ക്ലബ്ബില്‍ പോലും സ്റ്റാര്‍ട്ടര്‍ ആയിരുന്നില്ലെന്ന് ഒരു ആരാധകന്‍ പറഞ്ഞതായി എ ബോല റിപ്പോര്‍ട്ട് ചെയ്തു.
ലോകകപ്പില്‍ മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ വിമര്‍ശനം കടുത്തിരിക്കുന്നത്. മാഞ്ചസ്റ്ററില്‍ നടന്ന സംഭവങ്ങള്‍ക്ക് ശേഷം ക്രിസ്റ്റ്യാനോയെ ടീമിലേക്ക് വിളിക്കാന്‍ പോലും പാടില്ലായിരുന്നു. പക്ഷേ, അദ്ദേഹത്തിന് നായകാനാകന്‍ അവസരം ലഭിച്ചു. പക്ഷേ ഇപ്പോള്‍ ഒരു തടസമായാണ് നില്‍ക്കുന്നത്. അദ്ദേഹം സ്വയം നിര്‍മ്മിച്ച പ്രതിച്ഛായ തകര്‍ക്കുകയാണ്. ഇത് സിആര്‍7 അല്ല, സിആര്‍37 ആണെന്ന് മറ്റൊരു ആരാധകര്‍ പറഞ്ഞതായും പോര്‍ച്ചുഗീസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഫ്‌ളോപ്പ് ഇലവനിലാണ് ക്രിസ്റ്റ്യാനോ ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ കളിക്കാരുടെ പ്രകനം നോക്കി ഒരോ കളിക്കാരനും റേറ്റിംഗ് പോയന്റ് നല്‍കി സോഫാസ്‌കോര്‍ നടത്തിയ മോശം ഇലവനെ തെരഞ്ഞെടുത്തപ്പോഴാണ് റൊണാള്‍ഡോയും ഇതില്‍ ഇടം നേടിയത്.
ഇനി ആര്‍ക്കും അവസരം തന്നില്ലെന്ന് പറയരുത്; ലോകകപ്പില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ബ്രസീല്‍