പോര്‍ച്ചുഗല്‍ പരിശീലകനായി റോബര്‍ട്ടോ മാര്‍ട്ടിനസ്; ക്രിസ്റ്റ്യാനോ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

നാല്‍പത്തിയൊമ്പതുകാരനായ റോബര്‍ട്ടോ മാര്‍ട്ടിനസ് ബെല്‍ജിയം ദേശീയ ടീമിന് പുറമെ ഇംഗ്ലീഷ് ക്ലബ് എവര്‍ട്ടനെയും പരിശീലിപ്പിച്ചിട്ടുണ്ട്

Portugal appointed former Belgium boss Roberto Martinez as new coach after Fernando Santos exit

ലിസ്‌ബണ്‍: ഖത്തര്‍ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ പുറത്താക്കിയ ഫെര്‍ണാണ്ടോ സാന്‍റോസിന് പകരം ബെല്‍ജിയം മുന്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസിനെ പുതിയ പരിശീലനാക്കി പോര്‍ച്ചുഗല്‍. മൊറോക്കോയ്‌ക്ക് എതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ തോല്‍വിക്ക് പിന്നാലെയാണ് സാന്‍റോസിന്‍റെ കസേര തെറിച്ചത്. അതേസമയം ആറ് വര്‍ഷം ബെല്‍ജിയം ടീമിനെ പരിശീലിപ്പിച്ച മാര്‍ട്ടിനസ് ഖത്തര്‍ ലോകകപ്പില്‍ നിന്ന് ടീം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് പിന്നാലെ പടിയിറങ്ങുകയായിരുന്നു. 

നാല്‍പത്തിയൊമ്പതുകാരനായ റോബര്‍ട്ടോ മാര്‍ട്ടിനസ് ബെല്‍ജിയം ദേശീയ ടീമിന് പുറമെ ഇംഗ്ലീഷ് ക്ലബ് എവര്‍ട്ടനെയും പരിശീലിപ്പിച്ചിട്ടുണ്ട്. 'ലോകത്തെ മികച്ച താരങ്ങളുള്ള ടീമുകളിലൊന്നിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. അതിന്‍റെ വലിയ ആകാംക്ഷയുണ്ട്. പോര്‍ച്ചുഗലിലേക്കുള്ള എന്‍റെ വരവില്‍ വലിയ പ്രതീക്ഷകളും ദൗത്യങ്ങളുമുണ്ട്. മികച്ച ടീമിനും ഫെഡറേഷനുമൊപ്പം ആ ലക്ഷ്യങ്ങളെല്ലാം നേടാനാകുമെന്നാണ് പ്രതീക്ഷ' എന്നും റോബര്‍ട്ടോ മാര്‍ട്ടിനസ് പ്രതികരിച്ചു. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്‍റെ പദ്ധതികളിലുണ്ടെന്നും ഓഫീസിലല്ല, മൈതാനത്ത് തീരുമാനമെടുക്കുന്ന പരിശീലകനാണ് താനെന്നും മാര്‍ട്ടിനസ് വ്യക്തമാക്കിക്കഴിഞ്ഞു. 2016 മുതല്‍ ബെല്‍ജിയം ടീമിനെ പരിശീലിപ്പിച്ച റോബര്‍ട്ടോ മാര്‍ട്ടിനസ് അവരെ ലോക റാങ്കിംഗില്‍ ഒന്നാമതെത്തിച്ച പരിശീലകനാണ്. 

ഫെര്‍ണാണ്ടോ സാന്‍റോസിന് കീഴില്‍ 2016ലെ യൂറോ കപ്പും 2018-19 നേഷന്‍സ് ലീഗും പോര്‍ച്ചുഗല്‍ നേടിയിട്ടുണ്ട്. നീണ്ട എട്ട് വര്‍ഷക്കാലം സാന്‍റോസ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടുന്ന പോര്‍ച്ചുഗലിനെ പരിശീലിപ്പിച്ചു. ഖത്തര്‍ ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിൽ ഇരുത്തിയ സാന്‍റോസിന്‍റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനം ഉയര്‍ന്നിരുന്നു. മൊറോക്കോയ്‌ക്കെതിരെ റോണോയെ വൈകി ഇറക്കിയതിനെ ചോദ്യം ചെയ്‌ത് ഇതിഹാസ താരം ലൂയിസ് ഫിഗോ അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. 2024 യൂറോ കപ്പ് വരെ കരാർ കാലാവധി ഉണ്ടായിരുന്നെങ്കിലും ഖത്തറിലെ തോല്‍വിയോടെ സാന്‍റോസ് പുറത്താവുകയായിരുന്നു. 

ആശാന് പണി കിട്ടി; റൊണാൾഡോയെ ബെഞ്ചിലിരുത്തിയ സാന്‍റോസ് പുറത്ത്

Latest Videos
Follow Us:
Download App:
  • android
  • ios