അര്‍ജന്‍റീനയുടെ ലോകകപ്പ് മത്സരമുണ്ട്; 3 മണിക്ക് സ്കൂള്‍ വിടണം, നിവേദനവുമായി വിദ്യാര്‍ത്ഥികള്‍, കത്ത് വൈറല്‍
ലോകകപ്പില്‍ അര്‍ജന്‍റീന - സൗദി അറേബ്യ മത്സരം മൂന്നരയ്ക്ക് നടക്കുകയാണ്. അര്‍ജന്‍റീനയെ സ്നേഹിക്കുന്ന തങ്ങള്‍ക്ക് മത്സരം കാണല്‍ അനിവാര്യമായി തോന്നുന്നു. മത്സരം വീക്ഷിക്കാന്‍ സ്കൂള്‍ മൂന്ന് മണിക്ക് വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്.
പാലക്കാട്: അര്‍ജന്‍റീനയുടെ മത്സരം വൈകുന്നേരം നടക്കുന്നതിനാല്‍ നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി നിവേദനം നല്‍കി വിദ്യാര്‍ത്ഥികള്‍. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ 12 പേര്‍ ചേര്‍ന്നാണ് ഒപ്പിട്ട് നിവേദനം നല്‍കിയിരിക്കുന്നത്. അര്‍ജന്‍റീന ഫാന്‍സ് എന്‍എച്ച്എസ്എസിന്‍റെ പേരിലാണ് നിവേദനം.
ഷൊര്‍ണൂര്‍ എംഎല്‍എ പി മമ്മിക്കുട്ടിയാണ് നിവേദനം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ലോകകപ്പില്‍ അര്‍ജന്‍റീന - സൗദി അറേബ്യ മത്സരം മൂന്നരയ്ക്ക് നടക്കുകയാണ്. അര്‍ജന്‍റീനയെ സ്നേഹിക്കുന്ന തങ്ങള്‍ക്ക് മത്സരം കാണല്‍ അനിവാര്യമായി തോന്നുന്നു. മത്സരം വീക്ഷിക്കാന്‍ സ്കൂള്‍ മൂന്ന് മണിക്ക് വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്.
ഖത്തര്‍ ലോകകപ്പിന്‍റെ ആവേശം വാനോളമെത്തിക്കാന്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്‍റീന ഇന്നാണ് കളത്തിലിറങ്ങുന്നത്. ഇതിഹാസ താരം ലിയോണല്‍ മെസിയുടെ ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരമെന്ന നിലയില്‍ ലോകമാകെ ആവേശത്തോടെയാണ് സൗദി അറേബ്യക്കെതിരെയുള്ള പോരാട്ടത്തിനായി കാത്തിരിക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം തുടങ്ങുക. അവസാന 36 കളികളില്‍ തോൽവി അറിയാതെയാണ് മെസിയും സംഘവും ലോകകപ്പിന് എത്തിയിരിക്കുന്നത്.
അർജന്‍റീന ഫിഫ റാങ്കിംഗിൽ മൂന്നാമതും സൗദി അറേബ്യ 51-ാം സ്ഥാനത്തുമാണ്. ജിയോവനി ലോ സെൽസോയ്ക്ക് പകരം മെക് അലിസ്റ്ററോ, അലസാന്ദ്രോ ഗോമസോ ടീമിലെത്തുമെന്ന് അർജന്‍റൈന്‍ കോച്ച് ലിയോണൽ സ്കലോണി പറഞ്ഞു. അർജന്‍റീനയും സൗദിയും ഇതിന് മുൻപ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അർജന്‍റീന രണ്ട് കളിയിൽ ജയിച്ചപ്പോൾ രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു. 80,000 ഉള്‍ക്കൊള്ളാവുന്ന ലുസൈല്‍ സ്റ്റേഡിയം ഇന്ന് നിറഞ്ഞുകവിയുമെന്ന് ഉറപ്പാണ്.
തങ്ങളുടെ ആറാമത്തെ ലോകകപ്പിനാണ് അറേബ്യന്‍ സംഘം എത്തുന്നത്. രണ്ട് തവണ ലോകകപ്പില്‍ മുത്തമിട്ട ടീമാണ് അര്‍ജന്‍റീന. ഇത്തവണ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമായ അര്‍ജന്‍റീനയെ സമനിലയില്‍ തളച്ചാല്‍ പോലും സൗദിക്ക് അത് വന്‍ നേട്ടമാണ്. തനിക്ക് ഒരു പരിക്കുമില്ലെന്ന് മെസി വ്യക്തമാക്കിയതോടെ അര്‍ജന്‍റീന ആരാധകര്‍ ആശ്വാസത്തിലാണ്.
നമ്മുടെ ഉമ്മകളും സ്നേഹവും മെസി കാണുന്നും അറിയുന്നുമുണ്ടാകും; ആ വാക്കുകളില്‍ എല്ലാമുണ്ട്!