പെലെ പാലിയേറ്റിവ് കെയർ പരിചരണത്തിലെന്ന വാർത്തകൾ തള്ളി മകൾ
ബ്രസീല്‍ ആറാം ലോകകപ്പ് നേടുന്നത് അദ്ദേഹം കാണുമെന്ന് കൊച്ചുമകന്‍ ആര്‍തര്‍ അരാന്‍റസ് നാസിമെന്‍റോയും പ്രതികരിച്ചിരുന്നു. ആളുകള്‍ പെലെക്ക് നിത്യശാന്തി നേരുന്നത് കണ്ടുവെന്നും എന്നാല്‍ അതൊരു ദിവസം സംഭവിക്കുമെങ്കിലും ഇപ്പോഴല്ലെന്നും ആര്‍തര്‍ വ്യക്തമാക്കി.
സാവോപോളോ: ബ്രസീലിയൻ ഇതിഹാസം പെലെ പാലിയേറ്റിവ് കെയർ പരിചരണത്തിലെന്ന വാർത്തകൾ തള്ളി മകൾ ഫ്ലാവിയ നാസിമെന്റോ. വൻകുടലിലെ അർബുദത്തിന് പൂർണ ശമനമില്ലാത്തതിനാൽ മരുന്നുകൾ ക്രമീകരിച്ച് വരികയാണ്. ശ്വാസകോശ സംബന്ധമായ അണുബാധക്കാണ് ഇപ്പോൾ ചികിത്സ. സുഖം പ്രാപിച്ചാൽ വീട്ടിലേക്ക് മടങ്ങുമെന്നും ഫ്ലാവിയ പറഞ്ഞു.
ആരോഗ്യം വീണ്ടെടുക്കുകയാണെന്നും ലോകമെമ്പാടുമുള്ളവരുടെ സ്നേഹ സന്ദേശങ്ങൾക്ക് നന്ദിയുണ്ടെന്നും പെലെ ഇന്നലെ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു. ബ്രസീല്‍ ആറാം ലോകകപ്പ് നേടുന്നത് അദ്ദേഹം കാണുമെന്ന് കൊച്ചുമകന്‍ ആര്‍തര്‍ അരാന്‍റസ് നാസിമെന്‍റോയും പ്രതികരിച്ചിരുന്നു. ആളുകള്‍ പെലെക്ക് നിത്യശാന്തി നേരുന്നത് കണ്ടുവെന്നും എന്നാല്‍ അതൊരു ദിവസം സംഭവിക്കുമെങ്കിലും ഇപ്പോഴല്ലെന്നും ആര്‍തര്‍ വ്യക്തമാക്കി.
പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല; ഫുട്ബോള്‍ ലോകം പ്രാര്‍ഥനയില്‍
അതേസമയം, ലോകകപ്പില്‍ ഇന്ന് നടക്കുന്ന ബ്രസീല്‍-ദക്ഷിണ കൊറിയ പ്രീ ക്വാര്‍ട്ടർ പോരാട്ടത്തിന്‍റെ പത്താം മനിനിറ്റില്‍ പെലെയുടെ ആരോഗ്യത്തിനായി ബ്രസീലിയന്‍ ആരാധകര്‍ ഗ്യാലറിയില്‍ പ്രാര്‍ത്ഥന നടത്തും. അര്‍ബുദ ചികില്‍സയിലുള്ള പെലെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
82 വയസുകാരനായ പെലെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കുന്നില്ല എന്ന് ബ്രസീലിയന്‍ മാധ്യമമായ ഫോള്‍ഹയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്. പാലിയേറ്റീവ് കെയറിനൊപ്പം വേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾക്ക് മാത്രമാണ് പെലെയ്ക്ക് ഇപ്പോള്‍ ചികിത്സ നല്‍കിവരുന്നതെന്ന് ഫോൾഹയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പെലെയെ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വന്‍കുടലിലെ അര്‍ബുദത്തിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ഏറെനാള്‍ ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി. തനിയെ ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന പെലെക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടുന്നുണ്ട്.
ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്.