പൊരുതുന്ന പലസ്തീന് അഭിമാന നേട്ടം: ചരിത്രത്തിലാദ്യമായി ഏഷ്യൻ കപ്പ് ഫുട്ബോളിൽ നോക്കൗട്ട് റൗണ്ടിൽ
ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം കടുത്തിരിക്കെ ഫുട്ബോളിൽ നേടിയ ചരിത്ര വിജയം പലസ്തീനിലെ ജനതയ്ക്കും അഭിമാനകരമാണ്
തിരുവനന്തപുരം: ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിൽ പലസ്തീന് ചരിത്ര നേട്ടം. ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ ചരിത്രത്തിലാദ്യമായി പലസ്തീൻ ടീം നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. ഹോങ്കോങിനെ 3-0 ന് തോൽപിച്ചാണ് മുന്നേറ്റം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇറാനോട് 4-1 ന് പരാജയപ്പെട്ട പലസ്തീൻ രണ്ടാം മത്സരത്തിൽ യുഎഇയെ സമനിലയിൽ തളച്ചിരുന്നു.
മൂന്നാം മത്സരത്തിൽ ഹോങ്കോങിനെതിരെ നേടിയ ആധികാരിക ജയത്തോടെയാണ് പലസ്തീൻ നോക്കൗട്ട് റൗണ്ടിൽ ഇടം ഉറപ്പിച്ചത്. ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരാണ് പലസ്തീൻ. അവസാന സ്ഥാനക്കാരായ ഹോങ്കോങ് മൂന്ന് മത്സരത്തിലും തോറ്റതോടെ പുറത്തായി. ഗ്രൂപ്പ് ബിയിൽ ഇന്ത്യയും ടൂര്‍ണമെന്റിൽ നിന്ന് പുറത്തായിരുന്നു. ഓസ്ട്രേലിയയും ഉസ്ബെക്കിസ്ഥാനും സിറിയയും അടങ്ങിയ ഗ്രൂപ്പിൽ മൂന്ന് മത്സരത്തിലും തോറ്റതോടെയാണ് ഇന്ത്യ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായത്. ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം കടുത്തിരിക്കെ ഫുട്ബോളിൽ നേടിയ ചരിത്ര വിജയം പലസ്തീനിലെ ജനതയ്ക്കും അഭിമാനകരമാണ്.
ഹോങ്കോങിനെതിരെ 12, 48, 60 മിനിട്ടുകളിൽ ആണ് പലസ്തിൻ ഗോൾ നേടിയത്. ചരിത്രത്തിൽ ആദ്യമായാണ് പാലസ്‌തീൻ ഏഷ്യൻ കപ്പിൽ ഒരു കളി ജയിക്കുന്നത്. 3 കളിയിൽ 4 പോയിന്റ് നേടിയ പാലസ്തീൻ, ഗ്രൂപ്പ് ഘട്ടത്തിൽ ഇറാനും യുഎഇക്കും പിന്നിൽ മൂന്നാം സ്ഥാനത്തായി ഫിനിഷ് ചെയ്തു.