കളത്തിൽ ഇത്രയും ചെയ്തിട്ടും ലോകകപ്പിന്റെ ചരിത്രത്തിൽ തോറ്റത് രണ്ട് ടീമുകൾ; കയ്യടി ഏഷ്യൻ രാജ്യത്തിന്
1998 മുതൽ എല്ലാ ലോകകപ്പിലും കളിക്കുന്ന ജപ്പാൻ നാലാം തവണയാണ് പ്രീ ക്വാർട്ടറിലെത്തുന്നത്. രാജ്യത്തെ ക്ലബ് ഫുട്ബോൾ ഉടച്ചുവാർത്ത് 1991ൽ പ്രൊഫഷണൽ ലീഗിന് തുടക്കമിട്ടതോടെയാണ് ജപ്പാൻറെ കുതിപ്പ് തുടങ്ങിയത്.
ദോഹ: ലോകകപ്പിൽ മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പ് ഇയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത് ജപ്പാനാണ്. ജർമനിയും സ്പെയിനും അണിനിരന്ന ഗ്രൂപ്പിൽ ഈ രണ്ട് വമ്പന്മാരെയും പരാജയപ്പെടുത്തിയാണ് ജപ്പാൻ കുതിച്ചത്. ലോകകപ്പിലെ ജപ്പാന്റെ അതിഗംഭീര പ്രകടനം സംബന്ധിച്ചുള്ള ഒരു കണക്കാണ് ഇഎസ്പിഎൻ പുറത്ത് വിട്ടിരിക്കുന്നത്.
ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ 700 അധികം പാസുകൾ ചെയ്ത ഒരു ടീം മത്സരത്തിൽ തോൽവി അറിഞ്ഞിരിക്കുന്നത് രണ്ട് മത്സരങ്ങളിൽ മാത്രമാണ്. രണ്ടും ഖത്തർ ലോകകപ്പിൽ തന്നെയാണ്. ആദ്യത്തേത് ജർമനിയും ജപ്പാനും ഏറ്റുമുട്ടിയപ്പോഴാണ്. രണ്ടാം മത്സരത്തിൽ ഏറ്റുമുട്ടിയത് ജപ്പാനും സ്പെയിനുമാണ്. യൂറോപ്യൻ കരുത്തരായ ജർമനിയും സ്പെയിനും 700ലധികം പാസുകൾ ചെയ്തിട്ടും ജപ്പാന്റെ പോരാട്ടവീര്യത്ത് മുന്നിൽ അടിപതറുകയായിരുന്നു. ഖത്തറിൽ ഏഷ്യൻ ഫുട്ബോളിന്‍റെ ഉദയസൂര്യനായി മാറുകയാണ് ജപ്പാൻ.
\മുൻ ചാമ്പ്യൻമാരായ ജർമനിയും സ്പെയിനും ഉൾപ്പെട്ട ഗ്രൂപ്പിൽ ജപ്പാൻ തകർന്നടിയുമെന്നൊണ് എല്ലാവരും കരുതിയത്. എന്നാൽ ആദ്യ മത്സരത്തിൽ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി ജപ്പാൻ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. കോസ്റ്റാറിക്കയോട് ഒറ്റ ഗോൾ തോൽവി നേരിട്ടതോടെ ജർമനിക്കെതിരായ വിജയത്തിന്‍റെ തിളക്കം വൺഡേ വണ്ടർ എന്ന് ചുരുക്കിയവരെ തിരുത്തി സ്‌പെയിനെതിരായ അടുത്ത മത്സരത്തില്‍ വീണ്ടും ജപ്പാൻ അത്ഭുതം കാട്ടി. ജർമനിക്കെതിരെയും സ്പെയ്നെതിരെയും ആദ്യപകുതിയിൽ ഗോൾ വഴങ്ങിയ ശേഷം രണ്ടാംപാതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ചാണ് ജപ്പാൻ ചരിത്രം കുറിച്ചത്.
1998 മുതൽ എല്ലാ ലോകകപ്പിലും കളിക്കുന്ന ജപ്പാൻ നാലാം തവണയാണ് പ്രീ ക്വാർട്ടറിലെത്തുന്നത്. രാജ്യത്തെ ക്ലബ് ഫുട്ബോൾ ഉടച്ചുവാർത്ത് 1991ൽ പ്രൊഫഷണൽ ലീഗിന് തുടക്കമിട്ടതോടെയാണ് ജപ്പാൻറെ കുതിപ്പ് തുടങ്ങിയത്. കരിയറിൻറെ അവസാന പടവുകളിലേക്കെത്തിയ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും പ്രധാന താരങ്ങളെയും പരിശീലകരെയും ലീഗിലെത്തിച്ച ജപ്പാൻ ഫുട്ബോളിന്‍റെ വളർച്ച റോക്കറ്റ് വേഗത്തിലായിരുന്നു. ഇന്നത് ഒരേ ലോകകപ്പിൽ രണ്ട് മുൻ ചാമ്പ്യൻമാരെ വീഴ്ത്തുന്ന ആദ്യ ഏഷ്യൻ ടീമെന്ന നേട്ടത്തിൽ എത്തിനിൽക്കുകയാണ്.