മെസിപ്പടയ്ക്ക് ഒരു പണി കിട്ടിയതാ! ഏത് ടീമിന്റെ ജേഴ്സിയിടുന്നോ അവര് തോൽക്കും; വൈറലായി ഒമാനി, ഫൈനലിൽ...
മുഹമ്മദ് അൽ ഹജ്‍രി ആരെ പിന്തുണച്ചുള്ള ജേഴ്സി ധരിച്ചാണോ ലോകകപ്പ് മത്സരം കാണാൻ എത്തുന്നത് ആ ടീം തോൽക്കുമെന്നാണ് ഖലീജ് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ദോഹ: ലോകകപ്പിലെ മത്സരങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങാറുള്ളതാണ് പ്രവചനങ്ങളും. പോൾ നീരാളിയും ചൈനീസ് പാണ്ടയും അടക്കം പ്രവചനം നടത്തി ശ്രദ്ധനേടിയ വാർത്തകൾ ഓരോ ലോകകപ്പിലും പുറത്ത് വരാറുണ്ട്. ജയിക്കുന്ന ടീം ഏതെന്നാണ് സാധാരണ പ്രവചിക്കാറുള്ളത്. എന്നാൽ, ഖത്തറിൽ വൈറലായിട്ടുള്ള ഒമാൻ പൗരൻ വ്യത്യസ്തനാകുന്നത് തോൽക്കുന്ന ടീമുകളെ പ്രവചിച്ച് കൊണ്ടാണ്. കിറു കൃത്യമായ പ്രവചനം കൊണ്ട് ലോകകപ്പിനിടെ മിഡിൽ ഈസ്റ്റിൽ ഒമാനിയായ മുഹമ്മദ് അൽ ഹജ്‍രി സെലിബ്രിറ്റി ആയി കഴിഞ്ഞു.
ജോംബാ എന്നാണ് അൽ ഹജ്‍രി അറിയപ്പെടുന്നത്. മുഹമ്മദ് അൽ ഹജ്‍രി ആരെ പിന്തുണച്ചുള്ള ജേഴ്സി ധരിച്ചാണോ ലോകകപ്പ് മത്സരം കാണാൻ എത്തുന്നത് ആ ടീം തോൽക്കുമെന്നാണ് ഖലീജ് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തറിനെയാണ് അൽ ഹജ്‍രി പിന്തുണച്ചത്, ഫലം പറയേണ്ടതില്ലല്ലോ..! ക്വാർട്ടറിൽ ക്രൊയേഷ്യക്കെതിരെ ബ്രസീലിന്റെ ജേഴ്സിയണിഞ്ഞ് ഹജ്‍രി എത്തി. ഷൂട്ടൗട്ടിൽ വൻ തോക്കുകളായ കാനറികൾ വീണു.
എന്നാൽ, ക്രൊയേഷ്യൻ ചിരി അധികം നീണ്ടില്ല. സെമി ഫൈനലിൽ അർജന്റീനക്കെതിരെ ഇറങ്ങിയപ്പോൾ ക്രൊയേഷ്യൻ ജേഴ്സിയാണ് ജോംബാ ധരിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലാറ്റിനമേരിക്കൻ ശക്തികൾക്ക് മുന്നിൽ ക്രൊയേഷ്യ അടിയറവ് പറഞ്ഞത്. പോർച്ചുഗലിന് ക്വാർട്ടറിൽ പണികിട്ടിയപ്പോൾ ടീമിനെ പിന്തുണച്ചവരിൽ അൽ ഹജ്‍രിയും ഉണ്ടായിരുന്നു. ലോകകപ്പിന്റെ ഫൈനലിൽ എത്തി നിൽക്കുന്ന അർജന്റീനയെയും ഒരിക്കൽ ജോംബ പിന്തുണച്ചിട്ടുണ്ട്.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സൗദിയോട് മെസിപ്പട വീണപ്പോൾ അർജന്റീന ജേഴ്സിയണിഞ്ഞാണ് ജോംബ എത്തിയിരുന്നത്. എന്നാൽ, ഖത്തറിലെ അവസാന സെമിയിൽ അൽ ഹജ്രിയുടെ 'പണി' ഫ്രാൻസിന് ഏറ്റില്ല. ഫ്രഞ്ച് ജേഴ്സിയാണ് ജോംബ ധരിച്ചതെങ്കിലും മൊറോക്കോയെ തോൽപ്പിച്ച് ഫ്രാൻസ് കലാശ പോരാട്ടത്തിലേക്ക് കുതിക്കുകയായിരുന്നു. എന്തായാലും ഫൈനലിന് ഇനി മുഹമ്മദ് അൽ ഹജ്‍രി ആരെ 'പിന്തുണച്ച് തോൽപ്പിക്കുമെന്ന' ആകാംക്ഷയിലാണ് സോഷ്യൽ മീഡിയ.