എന്‍ഗോളോ കാന്‍റെ തിരിച്ചെത്തി; യൂറോയ്ക്ക് കരുത്തുറ്റ സ്ക്വാഡുമായി ഫ്രാന്‍സ്
ജര്‍മനി വേദിയാവുന്ന യൂറോ കപ്പിനുള്ള 25 അംഗ സ്ക്വാഡിനെയാണ് ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംസ് പ്രഖ്യാപിച്ചത്
പാരിസ്: യൂറോ കപ്പ് ഫുട്ബോളിനുള്ള തകര്‍പ്പന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഫ്രാന്‍സ്. ദിദിയര്‍ ദെഷാംസ് പ്രഖ്യാപിച്ച ടീമില്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മധ്യനിര താരം എന്‍ഗോളോ കാന്‍റെ തിരിച്ചെത്തിയതാണ് ശ്രദ്ധേയം. യൂറോ കപ്പിലെ ഫേവറേറ്റുകളില്‍ ഒന്നാണ് ഫ്രാന്‍സ്. സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളുടെ കൂട്ടത്തിലുള്ള കിലിയന്‍ എംബാപ്പെയും അന്‍റോണി ഗ്രീസ്‌മാനുമാകും ഫ്രാന്‍സിന്‍റെ ആക്രമണം നയിക്കുക.
ജര്‍മനി വേദിയാവുന്ന യൂറോ കപ്പിനുള്ള 25 അംഗ സ്ക്വാഡിനെയാണ് ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംസ് പ്രഖ്യാപിച്ചത്. ലോകകപ്പ് ജേതാവായ 33കാരന്‍ എന്‍ഗോളോ കാന്‍റെ ദേശീയ ടീമിലേക്ക് മടങ്ങിയെത്തി. 2018 ലോകകപ്പില്‍ ഫ്രാന്‍സിന്‍റെ കിരീടധാരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച കാന്‍റെ 2022 ജൂണിന് ശേഷം ഫ്രാന്‍സിനായി കളിച്ചിരുന്നില്ല. സൗദി പ്രോ ലീഗില്‍ അല്‍-ഇത്തിഹാദിന്‍റെ താരമാണ് കാന്‍റെ. പരിക്കില്‍ നിന്ന് പൂര്‍ണമുക്തനായ എന്‍ഗോളോ കാന്‍റെയുള്ള ഫ്രാന്‍സ് കരുത്തുറ്റ ടീമാണ് എന്നാണ് ദെഷാംസിന്‍റെ വാക്കുകള്‍. ലീഗ് വണ്ണിലെ പ്രകടനം കൊണ്ട് ശ്രദ്ധപിടിച്ചുപറ്റിയ പിഎസ്‌ജി കളിക്കാരായ 18കാരന്‍ വാരന്‍ സെയ്‌ര്‍-എമെറിയും, 21 കാരന്‍ ബ്രാഡ്‌ലി ബര്‍ക്കോളയുമാണ് സ്ക്വാഡിലെ ശ്രദ്ധേയരായ രണ്ട് യുവ താരങ്ങള്‍.
നെതര്‍ലന്‍ഡ്, പോളണ്ട്, ഓസ്ട്രിയ എന്നിവരുള്ള ഡി ഗ്രൂപ്പിലാണ് ഫ്രാന്‍സുള്ളത്. ജൂണ്‍ 17ന് ഓസ്ട്രിയക്ക് എതിരെയാണ് യൂറോ കപ്പില്‍ ഫ്രാന്‍സിന്‍റെ ആദ്യ മത്സരം. അന്‍റോണി ഗ്രീസ്‌മാന്‍, കിലിയന്‍ എംബാപ്പെ, ഒലിവര്‍ ജിറൗഡ്, തിയോ ഹെര്‍ണാണ്ടസ്, വില്യം സാലിബ, ഫെര്‍ണാഡ് മെന്‍ഡി, ബെഞ്ചമിന്‍ പവാര്‍ഡ്, എഡ്വേര്‍ഡ് കാമവിംഗ, അഡ്രിയാൻ റാബിയോട്ട്, ചൗമെനി, ഡെംബെലെ, മാര്‍ക്കസ് തുറാം തുടങ്ങിയ പ്രമുഖ താരങ്ങള്‍ സ്ക്വാഡിലുണ്ട്. 1984നും 2000ലും യൂറോ ഉയര്‍ത്തിയ ഫ്രാന്‍സ് മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെയാണ് ജര്‍മനിയില്‍ യൂറോ കപ്പ് നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം