നെയ്മറുടെ പരിക്ക്: വീഴുന്നത് വരെ അവൻ ടീമിനായി പോരാടി, ഇനി...; ആരാധകർക്ക് വാക്കുനൽകി ബ്രസീൽ പരിശീലകൻ
നെയ്മർക്ക് പരിക്കേറ്റുവെന്നുള്ള കാര്യം അറിഞ്ഞിരുന്നില്ല. വീഴും വരെ മൈതാനത്ത് നിൽക്കാൻ നെയ്മർ ശ്രമിച്ചു. ആ നിമിഷം ടീമിനായി തുടരാനും ഗോളുകളിൽ നേടുന്നതിൽ പങ്കാളിയാകാനും നെയ്മർക്ക് സാധിച്ചുവെന്നും ടിറ്റെ പറഞ്ഞു
ദോഹ: സൂപ്പർ താരം നെയ്മർ ഈ ലോകകപ്പിൽ ബ്രസീലിന് വേണ്ടി ഇനിയും ബൂട്ടണിയുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകി പരിശീലകൻ ടിറ്റെ. സ്വിറ്റ്സർലാൻഡുമായുള്ള അടുത്ത ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം, നെയ്മറും പരിക്കേറ്റ മറ്റൊരു താരമായ ഡാനിലോയും ലോകകപ്പിൽ വീണ്ടും കളിക്കും. സെർബിയക്കെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ സമയത്ത് തന്നെ താരത്തെ പിൻവലിക്കണമായിരുന്നുവെന്ന് ബ്രസീൽ കോച്ചും സമ്മതിച്ചു.
നെയ്മർക്ക് പരിക്കേറ്റുവെന്നുള്ള കാര്യം അറിഞ്ഞിരുന്നില്ല. വീഴും വരെ മൈതാനത്ത് നിൽക്കാൻ നെയ്മർ ശ്രമിച്ചു. ആ നിമിഷം ടീമിനായി തുടരാനും ഗോളുകളിൽ നേടുന്നതിൽ പങ്കാളിയാകാനും നെയ്മർക്ക് സാധിച്ചുവെന്നും ടിറ്റെ പറഞ്ഞു. നെയ്മർ ഈ ലോകകപ്പിൽ വീണ്ടും കളിക്കുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം ആവർത്തിച്ചു. അതേസമയം, ലോകകപ്പിനിടെ പരിക്കേറ്റ കണങ്കാലിന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ നെയ്‌മര്‍ പങ്കുവെച്ചിരുന്നു. പരിക്ക് ഭേദമായി വരുന്നതായി താരം സൂചിപ്പിച്ചു.
സെർബിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ നെയ്മര്‍ നിലവില്‍ ബ്രസീല്‍ ക്യാംപില്‍ വിശ്രമത്തിലാണ്. നാളെ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരവും പിന്നാലെ കാമറൂണിനെതിരായ അവസാന ഗ്രൂപ്പ് മത്സരവും നെയ്മറിന് നഷ്ടമാകും എന്ന് ഉറപ്പായിരുന്നു. നോക്കൗട്ട് റൗണ്ടിൽ നെയ്മര്‍ കളിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍ ടീം. എന്നാല്‍ പരിക്കിന്‍റെ ചിത്രങ്ങള്‍ നെയ്‌മര്‍ തന്നെ പുറത്തുവിട്ടതോടെ ആശങ്കയിലാണ് ചില ആരാധകര്‍. നെയ്‌മര്‍ക്ക് ഇനി ഖത്തര്‍ ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു.
നെയ്‌മറുടെ പരിക്ക് ഗുരുതരമാണെന്നും ഭേദമാകാന്‍ ഏറെസമയം വേണ്ടിവരുമെന്നും പറയുന്നവരുണ്ട്. എന്നാല്‍ കടുത്ത ബ്രസീലിയന്‍ ആരാധകര്‍ ഈ വാദങ്ങളെല്ലാം തള്ളിക്കളയുകയാണ്. ബ്രസീലിയന്‍ ടീമിന്‍റെ സുല്‍ത്താനായ നെയ്മര്‍ നോക്കൗട്ട് റൗണ്ടില്‍ മടങ്ങിയെത്തും എന്ന് കാനറി ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നു. ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സെർബിയന്‍ പ്രതിരോധ താരം നിക്കോള മിലങ്കോവിച്ചിന്‍റെ ടാക്ലിംഗിലാണ് നെയ്മറുടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റത്. നെയ്മറെ എംആർഐ സ്കാനിംഗിന് വിധേയനാക്കിയിരുന്നു.