ബ്രസീല്‍ ആരാധകര്‍ക്ക് വീണ്ടും നിരാശ; കണ്ണീരോടെ പ്രഖ്യാപനവുമായി സൂപ്പര്‍ താരം നെയ്മര്‍
ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിന് ശേഷം ഏറെ അസ്വസ്ഥനായിരുന്ന നെയ്മര്‍ ബ്രസീൽ ജേഴ്‌സിയിൽ തന്നെ വീണ്ടും കാണുമെന്ന് 100 ശതമാനം ഉറപ്പില്ലെന്ന് പറഞ്ഞ് ആരാധകരെ ഞെട്ടിച്ചു.
ദോഹ: ഖത്തര്‍ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ടീമാണ് ബ്രസീല്‍. ഏറ്റവും മികച്ച സ്ക്വാഡുമായി ഖത്തറിലെത്തിയ ടീമിന് പക്ഷേ ക്രൊയേഷ്യയെ മറികടക്കാനായില്ല. ഷൂട്ടൗട്ടില്‍ പിഴച്ചപ്പോള്‍ കാനറികള്‍ ക്വാര്‍ട്ടറില്‍ പുറത്തായി. ഈ ദുഖം മാറും മുമ്പ് ബ്രസീല്‍ ആരാധകരെ കൂടുതല്‍ കണ്ണീരിലാഴ്ത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിന് ശേഷം ഏറെ അസ്വസ്ഥനായിരുന്ന നെയ്മര്‍ ബ്രസീൽ ജേഴ്‌സിയിൽ തന്നെ വീണ്ടും കാണുമെന്ന് 100 ശതമാനം ഉറപ്പില്ലെന്ന് പറഞ്ഞ് ആരാധകരെ ഞെട്ടിച്ചു.
ഇരു ടീമുകളും തമ്മില്‍ ഒപ്പത്തിനൊപ്പം പോരാടി നിന്ന അവസ്ഥയില്‍ നെയ്മര്‍ നേടിയ മിന്നും ഗോളാണ് ബ്രസീലിനെ വിജയത്തിന് അടുത്ത് വരെയെത്തിച്ചത്. കാനറികള്‍ക്ക് വേണ്ടി രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവും ഗോള്‍ നേടിയ പെലെയ്ക്കൊപ്പം എത്താന്‍ ഈ ഗോളോടെ താരത്തിന് സാധിച്ചിരുന്നു. പക്ഷേ, അപ്രതീക്ഷിതമായ തോല്‍വി പിഎസ്‍ജി താരത്തെ ഉലച്ചു കളഞ്ഞിട്ടുണ്ട് എന്നാണ് വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ദേശീയ ടീമിന്‍റെ വാതിലുകളൊന്നും താന്‍ അടയ്ക്കുന്നില്ല. പക്ഷേ, മടങ്ങിവരുമെന്ന് 100 ശതമാനം ഉറപ്പുനൽകുന്നില്ല. ബ്രസീൽ ടീം മുന്നോട്ട് പോകുമ്പോൾ എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ല, പക്ഷേ, ഇപ്പോൾ സംഭവിച്ചതിനെക്കുറിച്ച് വിലപിക്കാൻ മാത്രമേ കഴിയൂ എന്നും നെയ്മര്‍ പറഞ്ഞു. അതേസമയം, ക്രൊയേഷ്യയ്ക്കെതിരായ പരാജയത്തിന് പിന്നാലെ ടിറ്റെ ബ്രസീല്‍ പരിശീലക സ്ഥാനം രാജിവെച്ചിരുന്നു. ലോകകപ്പിന് ശേഷം പരിശീലക സ്ഥാനമൊഴിയുമെന്ന് ടിറ്റെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ടിറ്റെ ഇക്കാര്യം വിശദമാക്കിയത്. 2016ലാണ് ടിറ്റെ ബ്രസീലിന്‍റെ പരിശീലകനായി എത്തുന്നത്. പരിശീലകനെന്ന നിലയില്‍ ടിറ്റെ ബ്രസീലിനൊപ്പമുണ്ടായിരുന്നത് 81 മത്രങ്ങളിലായിരുന്നു. ഇതില്‍ 61 മത്സരങ്ങളിലും ബ്രസീല്‍ ജയം നേടിയിരുന്നു.
നെയ്മറിന്‍റെ കണ്ണീര്‍; മോഡ്രിച്ചെന്ന പ്രതിഭാസം, മെസിയെന്ന ഇതിഹാസം; ആരാധകര്‍ ഉറങ്ങാത്ത രാവ്