നെയ്മര്‍ ഉടനെ കളത്തിലേക്കില്ല! ബ്രസീലിന് തിരിച്ചടി, കോപ്പ അമേരിക്കയിലും താരത്തിന് കളിക്കാനാവില്ല
ഗുരുതര പരിക്കേറ്റ നെയ്മര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇതിന് ശേഷം നാളുകള്‍ ഏറെയായെങ്കിലും നെയ്മറുടെ പരിക്ക് ഇപ്പോഴും ഭേദമായിട്ടില്ല.
റിയോ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ഉടന്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തില്ല. നെയ്മര്‍ ഇനിയും പരിക്കില്‍ നിന്ന് മുക്തനായിട്ടില്ല. ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്ന് റെക്കോര്‍ഡ് പ്രതിഫലത്തിനാണ് നെയ്മര്‍ ജൂനിയര്‍ സൌദി ക്ലബ് അല്‍ ഹിലാലിലെത്തിയത്. എന്നാല്‍ അല്‍ ഹിലാലിനായി വെറും അഞ്ച് മത്സരങ്ങളില്‍ ബൂട്ടണിയാനേ നെയ്മറിന് കഴിഞ്ഞുള്ളൂ. ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റതാണ് നെയ്മറിന് തിരിച്ചടിയായത്.
ഗുരുതര പരിക്കേറ്റ നെയ്മര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇതിന് ശേഷം നാളുകള്‍ ഏറെയായെങ്കിലും നെയ്മറുടെ പരിക്ക് ഇപ്പോഴും ഭേദമായിട്ടില്ല. സൂപ്പര്‍ താരത്തിന് ഉടനെയൊന്നും കളിക്കളത്തിലേക്ക് തിരികെ എത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നത് ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. അല്‍ ഹിലാലിനൊപ്പം ഈ സീസണിലെ ശേഷിച്ച മത്സരങ്ങള്‍ നഷ്ടമാവുന്ന നെയ്മറിന് ബ്രസീലിനൊപ്പം കോപ്പ അമേരിക്കയിലും കളിക്കാന്‍ കഴിയില്ല. ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെ അമേരിക്കയിലാണ് കോപ്പ അമേരിക്ക നടക്കുക.
അടുത്തിടെ നെയ്മര്‍, അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുമെന്നുള്ള വാര്‍ത്തയുണ്ടായിരുന്നു. നെയ്മര്‍ മയാമിയിലെത്തി ഡേവിഡ് ബെക്കാമിനെ കണ്ടതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്. അങ്ങനെ വന്നാല്‍ മെസി - സുവാരസ് - നെയ്മര്‍ ത്രയത്തെ ഒരിക്കല്‍കൂടി കാണാം. ബാഴ്‌സലോണയില്‍ 2014 മുതല്‍ മൂന്ന് സീസണുകളിലായിരുന്നു എം എസ് എന്‍ ത്രയം കളിച്ചിരുന്നത്. ക്ലബിനായി 108 കളിയില്‍ ഒരുമിച്ചിറങ്ങിയ മൂന്ന് പേരും ചേര്‍ന്ന് 363 ഗോളുകള്‍ നേടി.
മെസിക്കൊപ്പം കളിച്ചു വിരമിക്കാനാണ് തന്റെ ആഗ്രഹമെന്ന് നെയ്മര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എം എസ് എന്‍ ത്രയത്തെ മയാമിയില്‍ അവതരിപ്പിക്കാന്‍ ഇന്റര്‍ മയാമി ക്ലബിനും താല്‍പര്യമുണ്ട്. ഈ സീസണോടെ നെയ്മര്‍ സൗദി ക്ലബ് വിടുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്. ഫുട്ബോള്‍ ആരാധകരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമോ എന്ന് കാത്തിരുന്ന് കാണാം.