ബ്രസീലിന് കനത്ത തിരിച്ചടി; നെയ്മര്‍ പ്രീ ക്വാര്‍ട്ടറിലും കളിച്ചേക്കില്ല
ഗ്രൂപ്പ് ജിയില്‍ കാമറൂണുമായാണ് ബ്രസീലിന്‍റെ അവസാന മത്സരം. കാമറൂണിനോട് വമ്പന്‍ തോല്‍വി വഴങ്ങാതിരുന്നാല്‍ ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും.
ദോഹ: ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചെങ്കിലും ബ്രസീല്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സെര്‍ബിയക്കെതിരായ ആദ്യ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റ നെയ്മര്‍ പ്രീ ക്വാര്‍ട്ടറിലും കളിച്ചേക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നെയ്മറുടെ പരിക്ക് ഭേദമാവാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത തിങ്കളാഴ്ചയാണ് ബ്രസീലിന്‍റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം.
കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ബ്രസീലിന്‍റെ മത്സരത്തിന് മുമ്പ് നെയ്മര്‍ക്ക് പനിയും ബാധിച്ചിരുന്നു. തുടര്‍ന്ന് മത്സരം കാണാന്‍ ടീമിനൊപ്പം സ്റ്റേഡിയത്തിലെത്താന്‍ നെയ്മറിന് കഴിഞ്ഞിരുന്നില്ല. പരിക്ക് മാറി പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ നെയ്മറിന് ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന.
യഥാർത്ഥ സിംഹങ്ങൾ മരിക്കുന്നില്ല; കുലിബാലിക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍
ഗ്രൂപ്പ് ജിയില്‍ കാമറൂണുമായാണ് ബ്രസീലിന്‍റെ അവസാന മത്സരം. കാമറൂണിനോട് സമനില നേടുകയോ വമ്പന്‍ തോല്‍വി വഴങ്ങാതിരുന്നാല്‍ ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും. ഓരോ പോയന്‍റ് വീതമുള്ള സെര്‍ബിയക്കും കാമറൂണിനും സാങ്കേതികമായി ഇപ്പോഴും സാധ്യതകളുണ്ടെങ്കിലും മൂന്ന് പോയന്‍റുള്ള സ്വിറ്റ്സര്‍ലന്‍ഡാകും ബ്രസീലിനൊപ്പം ഗ്രൂപ്പില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലേക്ക് കയറുക എന്നാണ് പ്രതീക്ഷിക്കുന്നത്. സെര്‍ബിയ ആണ് അവസാന മത്സരത്തില്‍ സ്വിസിന്‍റെ എതിരാളികള്‍.
പ്രീ ക്വാര്‍ട്ടറില്‍ ഘാനയോ പോര്‍ച്ചുഗലോ ആകും ബ്രസീലിന്‍റെ എതിരാളികള്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയയോട് വമ്പന്‍ തോല്‍വി വഴങ്ങാതിരിക്കുകയോ സമനില നേടുകയോ ചെയ്താല്‍ ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും. ഒരു പോയന്‍റ് വീതമുള്ള യുറുഗ്വേ അവസാന മത്സരത്തില്‍ ഘാനയെ തോല്‍പിക്കുകയും പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയയെ വീഴ്ത്തുകയും ചെയ്താല്‍ യുറുഗ്വേ ആവും പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന്‍റെ എതിരാളികള്‍. അവസാന മത്സരത്തില്‍ യുറുഗ്വേക്കെതിരെ സമനില നേടിയാലും ഘാനക്ക് പ്രീ ക്വാര്‍ട്ടറിലെത്താം. മറുവശത്ത് പോര്‍ച്ചുഗലിനെ മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പിച്ചാലെ ദക്ഷിണ കൊറിയക്ക് എന്തെങ്കിലും സാധ്യതയുള്ളു.