പരിക്കേറ്റ നെയ്‌മര്‍ പുറത്ത്; കോപ്പ അമേരിക്ക നഷ്ടമാകും എന്ന് സ്ഥിരീകരണം, ബ്രസീലിന് നിരാശ വാര്‍ത്ത
ഉറുഗ്വെയ്‌ക്കെതിരെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഒക്ടോബറിലാണ് നെയ്മർക്ക് കാലിന് പരിക്കേറ്റത്
റിയോ: 2024ലെ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് മുമ്പ് കനത്ത തിരിച്ചടിയേറ്റ് ബ്രസീല്‍. പരിക്ക് മൂലം കാനറികളുടെ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് അടുത്ത വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്‍റും നഷ്ടമാകും. 2024 ജൂണിലാണ് ടൂർണമെന്‍റ് നടക്കേണ്ടത്. അടുത്ത വര്‍ഷത്തെ ക്ലബ് സീസണിന് മുന്നോടിയായി മാത്രമേ നെയ്മർക്ക് മൈതാനത്തേക്ക് തിരിച്ചെത്താനാവൂയെന്ന് ബ്രസീലിയന്‍ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മാർ വ്യക്തമാക്കി. ഉറുഗ്വെയ്‌ക്കെതിരെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഒക്ടോബറിലാണ് നെയ്മർക്ക് കാലിന് പരിക്കേറ്റത്. ഇതിന് ശേഷം കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ് ബ്രസീലിന്‍റെ നിലവിലെ ഏറ്റവും മികച്ച താരം.
അമേരിക്കയാണ് 2024ലെ കോപ്പ അമേരിക്ക ഫുട്ബോളിന് വേദിയാവുന്നത്. കോപ്പ അമേരിക്ക കിരീടം തിരിച്ചുപിടിക്കണമെങ്കില്‍ ബ്രസീലിന് അനിവാര്യമായ താരമാണ് നെയ്‌മര്‍ ജൂനിയര്‍. 2023 ഒക്ടോബര്‍ 17 ഉറുഗ്വെയ്‌ക്ക് എതിരായ ഫിഫ ലോകകപ്പ് മത്സരത്തിനിടെ നെയ്‌മറുടെ ഇടത്തേ കാല്‍മുട്ടില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. പിന്നാലെ താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതോടെ ബ്രസീലിന്‍റെ മറ്റ് മത്സരങ്ങളും ക്ലബ് ഫുട്ബോളില്‍ സൗദിയില്‍ അല്‍ ഹിലാലിന്‍റെ മത്സരങ്ങളും സൂപ്പര്‍ താരത്തിന് നഷ്ടമായി. 2024 ജൂണ്‍ 20ന് കോപ്പ അമേരിക്ക ഫുട്ബോള്‍ ആരംഭിക്കാനാകുമ്പോഴേക്ക് നെയ്‌മര്‍ക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാനാവില്ല എന്ന ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാറുടെ വാക്കുകള്‍ അതിനാല്‍തന്നെ ആരാധകര്‍ക്ക് വലിയ നിരാശ വാര്‍ത്തയാണ്. നെയ്‌മറുടെ തിരിച്ചുവരവിനായി അടുത്ത വര്‍ഷം ഓഗസ്റ്റ് മാസം വരെയെങ്കിലും കാത്തിരിക്കേണ്ടിവരും എന്ന് ലാസ്‌മര്‍ വ്യക്തമാക്കി.
മുപ്പത്തിയൊന്നുകാരനായ നെയ്‌മര്‍ കരിയറില്‍ പരിക്കിന്‍റെ നീണ്ട ചരിത്രമുള്ള താരമാണ്. 129 മത്സരങ്ങളില്‍ 79 ഗോളുകളുമായി ബ്രസീലിന്‍റെ എക്കാലത്തെയും ഗോള്‍വേട്ടക്കാരനാണ് നെയ്‌മര്‍. അര്‍ജന്‍റീനയാണ് കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്‍മാര്‍. ലാറ്റിനമേരിക്കയിലെ പ്രതാപകാരികള്‍ എന്ന വിശേഷണം തിരിച്ചുപിടിക്കാന്‍ ബ്രസീലിന് നിര്‍ണായകമാണ് 2024ലെ കോപ്പ അമേരിക്ക ടൂര്‍ണമെന്‍റ്. ഗ്രൂപ്പ് ഡിയിലാണ് ബ്രസീലിന്‍റെ സ്ഥാനം. കൊളംബിയ, പരാഗ്വെ ടീമുകള്‍ക്കൊപ്പം കോസ്റ്റാറിക്ക, ഹോണ്ടുറാസ് എന്നിവരില്‍ ഒരു ടീമും ബ്രസീലിന്‍റെ ഗ്രൂപ്പില്‍ വരും. കോപ്പ അമേരിക്കയ്ക്ക് തൊട്ടുമുമ്പ് 2024 ജൂണ്‍ എട്ടിന് മെക്‌സിക്കോയുമായി മഞ്ഞപ്പടയ്ക്ക് സന്നാഹ മത്സരമുണ്ട്.
Read more: 'അവസരം ഒരു വഴിക്ക്, സഞ്ജു സാംസണ്‍ വേറെ വഴിക്ക്'; ബാറ്റിംഗ് പരാജയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം