ഒന്നും അവസാനിച്ചിട്ടില്ല; സുല്‍ത്താന്‍ നെയ്‌മര്‍ മഞ്ഞക്കുപ്പായത്തില്‍ തുടരും- റിപ്പോര്‍ട്ട്
ലോകകപ്പ് ക്വാര്‍ട്ടറിലെ ഉള്ളുലയ്ക്കുന്ന തോൽവിക്ക് പിന്നാലെ ദേശീയ ടീമില്‍ നിന്ന് പിന്മാറുമെന്ന സംശയം ഉയര്‍ത്തുന്നതായിരുന്നു നെയ്‌മര്‍ ജൂനിയറിന്‍റെ ആദ്യ പ്രതികരണം
ദോഹ: ബ്രസീല്‍ ടീമിൽ നെയ്‌മര്‍ ജൂനിയര്‍ തുടരുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍. അതേസമയം നെയ്‌മര്‍ തിങ്കളാഴ്ച പിഎസ്‌ജിയിൽ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ലോകകപ്പ് ക്വാര്‍ട്ടറിലെ ഉള്ളുലയ്ക്കുന്ന തോൽവിക്ക് പിന്നാലെ ദേശീയ ടീമില്‍ നിന്ന് പിന്മാറുമെന്ന സംശയം ഉയര്‍ത്തുന്നതായിരുന്നു നെയ്‌മര്‍ ജൂനിയറിന്‍റെ ആദ്യ പ്രതികരണം. എന്നാൽ നെയ്‌മറുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഡാനി ആൽവെസിനെ പോലുളളവരുടെ സമ്മര്‍ദ്ദം ഫലം കാണുന്നുവെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ പറയുന്നത്. ബ്രസീല്‍ ജേഴ്സിയിലെ ഗോള്‍ നേട്ടത്തിൽ ഒപ്പമെത്തിയതിന് നെയ്‌മറെ അഭിനന്ദിച്ച ട്വീറ്റിൽ പെലെയും സൂപ്പര്‍ താരം ടീമിൽ തുടരണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ 30കാരനായ നെയ്‌മര്‍ അപ്രധാന മത്സരങ്ങളില്‍ കളിക്കാന്‍ തയ്യാറായേക്കില്ലെന്നാണ് സൂചന.
ടിറ്റെയുടെ പകരക്കാരനായി എത്തുന്ന പുതിയ പരിശീലകന്‍റെ സമീപനവും നിര്‍ണായകമാകും. കോപ്പാ അമേരിക്കയാണ് ബ്രസീലിന് മുന്നിലെ അടുത്ത പ്രധാന വെല്ലുവിളി. 2023ൽ നടക്കേണ്ടിയിരുന്ന കോപ്പ 2024ലേക്ക് മാറ്റിവച്ചിട്ടുണ്ട്. അതേസമയം ലോകകപ്പിന് ശേഷം തിരിച്ചെത്തുന്ന ക്ലബ് ഫുട്ബോള്‍ പോരാട്ടത്തിനുളള തയ്യാറെടുപ്പുകളിലേക്ക് നെയ്‌മര്‍ കടക്കുകയാണ്. ബ്രസീല്‍ ടീമിൽ സഹതാരവും പിഎസ്‌ജി നായകനുമായ മാര്‍ക്വീഞ്ഞോസിനൊപ്പം തിങ്കളാഴ്ച നെയ്‌മര്‍ പാരിസീലെ പരിശീലന ക്യാംപില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 29നാണ് ഫ്രഞ്ച് ലീഗ് വണ്ണിൽ പിഎസ്‌ജിയുടെ അടുത്ത മത്സരം.
ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ ക്വാര്‍ട്ടര്‍ തോല്‍വിക്ക് പിന്നാലെയാണ് ടിറ്റെ പടിയിറങ്ങിയത്. ടിറ്റെയുടെ പിന്‍ഗാമിക്കായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ ജയം. എക്സ്ട്രാ ടൈമിലെ നെയ്മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്കോവിച്ച് ലോംഗ് റേഞ്ചര്‍ ഗോള്‍ നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ടിറ്റെയുടെ ടീം സെലക്ഷനില്‍ നാളുകളായി വിമര്‍ശനം ശക്തമായിരുന്നു.
മെസിയോട് സ്നേഹമുണ്ട്, പക്ഷേ ബ്രസീലുകാരുടെ പിന്തുണ ഫ്രാന്‍സിനാകണം; കാരണം വ്യക്തമാക്കി ജൂലിയോ സെസാര്‍