ആദ്യ ഇലവനിൽ ഉൾപ്പെട്ടു, ടീമിനൊപ്പം ദേശീയ ​ഗാനവും പാടി; കിക്കോഫ് ആയപ്പോൾ മൊറോക്കോ ​ഗോളി എവിടെ പോയി?

അൽ തുമാമ സ്റ്റേഡിയത്തിലെ മൊറോക്കോ ടീമിൽ നിന്നോ മാച്ച് ഒഫീഷ്യൽസിൽ നിന്നോ ഉടനടി വിശദീകരണമൊന്നും ഇക്കാര്യത്തിൽ ലഭിച്ചില്ല.

Morocco goalie disappears at World Cup game

ദോഹ: ബെൽജിയത്തിനെതിരായ മത്സരത്തിന്റെ കിക്കോഫിന് തൊട്ട് മുമ്പ്  മൊറോക്കോ ഗോൾകീപ്പർ യാസിൻ ബൗണുവിനെ കാണാതായതിൽ അമ്പരന്ന് ആരാധകർ. സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഇടം നേടിയ ബൗണു ടീമിനൊപ്പം മൈതാനത്ത് ഇറങ്ങുകയും  പതിവുപോലെ കിക്കോഫിന് മുമ്പുള്ള ദേശീയ ​ഗാനം ആലപിക്കുകയും ചെയ്തു. എന്നാൽ, കളി തുടങ്ങുമ്പോൾ റിസർവ് കീപ്പർ മോണിർ എൽ കജോയി ആണ് മൊറോക്കോയുടെ ​ഗോൾ വലയ്ക്ക് മുമ്പിൽ ഉണ്ടായിരുന്നത്.

അൽ തുമാമ സ്റ്റേഡിയത്തിലെ മൊറോക്കോ ടീമിൽ നിന്നോ മാച്ച് ഒഫീഷ്യൽസിൽ നിന്നോ ഉടനടി വിശദീകരണമൊന്നും ഇക്കാര്യത്തിൽ ലഭിച്ചില്ല. എന്നാൽ, കിക്കോഫിന് തൊട്ടുമുമ്പ് ബൗണുവിന് തലകറക്കം അനുഭവപ്പെട്ടുവെന്നും ഇതാണ് മാറ്റാൻ കാരണമെന്നുമാണ് മൊറോക്കൻ ടിവി ചാനൽ 2എം അതിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

കാനഡയിൽ ജനിച്ച 31 കാരനായ ബൗണു മൊറോക്കോയുടെ ഒന്നാം നമ്പർ ഗോൾകീപ്പറും സ്പാനിഷ് ക്ലബ് സെവിയ്യയുടെ താരവുമാണ്. ക്രൊയേഷ്യക്കെതിരെ ആദ്യ മത്സരത്തിൽ ബൗണുവാണ് മൊറോക്കോയുടെ ​ഗോൾ വല കാത്തത്. എന്നാൽ, ​ഗോൾ കീപ്പർ മാറിയതൊന്നും മൊറോക്കോയുടെ പോരാട്ടവീര്യത്തെ ബാധിച്ചില്ല. ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് അവർ കുറിച്ചത്.

വമ്പന്‍താര നിരയുമായെത്തിയ ബെല്‍ജിയത്തെ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളിന് ഞെട്ടിക്കുകയായായിരുന്നു. ള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം അബ്ദേല്‍ഹമിദ് സബിറിയാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ സക്കറിയ അബൗഖലിന്‍റെ വകയായിരുന്നു. മത്സരത്തിലുടനീളം ബെല്‍ജിയത്തിനൊപ്പം നില്‍ക്കാന്‍ മൊറോക്കോയ്ക്ക് സാധിച്ചിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ മൊറോക്കയ്ക്കായി. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റാണ് മൊറോക്കോയ്ക്ക്. ആദ്യ മത്സരത്തില്‍ അവര്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചിരുന്നു. ആദ്യ മത്സരത്തില്‍ കാനഡയെ മറികടന്ന ബെല്‍ജിയം രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. ഇതോടെ ഗ്രൂപ്പില്‍ അവസാനം നടക്കുന്ന ബെല്‍ജിയം- ക്രൊയേഷ്യ പോരാട്ടം നിര്‍ണായകമാവും.

നെയ്മറുടെ പരിക്ക്: വീഴുന്നത് വരെ അവൻ ടീമിനായി പോരാടി, ഇനി...; ആരാധകർക്ക് വാക്കുനൽകി ബ്രസീൽ പരിശീലകൻ

Latest Videos
Follow Us:
Download App:
  • android
  • ios