ബ്ലാസ്റ്റേഴ്‌സ് വിടുമോ സഹൽ അബ്ദുൾ സമദ്; താരത്തിന് പിന്നാലെ കൂടി വമ്പന്‍ ക്ലബുകള്‍
പണത്തിനൊപ്പം പ്രീതം കൊടാലിനെയോ ലിസ്റ്റണ്‍ കൊളോസോയേയോ നൽകാമെന്നും മോഹൻ ബഗാൻ വാഗ്ദാനം ചെയ്യുന്നു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്‌ദുൾ സമദിനായി വലവിരിച്ച് ഐഎസ്എല്ലിലെ വമ്പന്മാര്‍. മോഹൻ ബഗാനും ബെംഗളൂരു എഫ്‌സിയും അടക്കമുള്ളവരാണ് സഹലിനായി വൻ തുക മുടക്കാൻ തയ്യാറായി രംഗത്തുള്ളത്. ഇന്ത്യയുടെ നീലക്കുപ്പായത്തിലെ സഹലിന്‍റെ മികവ് താരത്തില്‍ ടീമുകളുടെ ശ്രദ്ധ പതിയാനൊരു കാരണമാണ്.
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ ഫുടബോളിന് സമ്മാനിച്ച പ്രതിഭയാണ് കണ്ണൂരുകാരൻ സഹൽ അബ്ദുൾ സമദ്. 2018ൽ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മഞ്ഞക്കുപ്പായത്തിൽ അരങ്ങേറിയ സഹലാണ് ഇന്ന് ക്ലബിനായി ഏറ്റവും കൂടുതൽ തവണ കളിച്ച താരം. 92 മത്സരങ്ങളില്‍ സഹല്‍ കളത്തിലിറങ്ങി. ഇന്ത്യൻ ടീമിലും പ്രധാനതാരമായി മാറുകയാണ് ഇപ്പോൾ സഹൽ. മഹേഷ് സിംഗിനൊപ്പമുള്ള സഹലിന്‍റെ ഒത്തിണക്കം ഇതിനകം ശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞു. 27 മത്സരങ്ങളിൽ ഇതുവരെ മൂന്ന് ഗോളുകൾ നേടി. ഇന്ത്യൻ ഓസിൽ എന്ന് വിളിപ്പേരുള്ള സഹലിനായി നാല് ഐഎസ്എല്‍ ക്ലബുകളാണ് രംഗത്തുള്ളത്. മോഹൻ ബഗാൻ സൂപ്പര്‍ ജയന്‍റ്, ബെംഗളൂരു എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിൻ എഫ്‌സി എന്നിവരാണ് മോഹവിലയിട്ട് കാത്തിരിക്കുന്നത്. ഒഡിഷ എഫ്‌സിയും മലയാളി താരത്തിനായി രംഗത്തുണ്ട് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
പണത്തിനൊപ്പം പ്രീതം കൊടാലിനെയോ ലിസ്റ്റണ്‍ കൊളോസോയേയോ നൽകാമെന്ന് മോഹൻ ബഗാൻ വാഗ്ദാനം ചെയ്യുന്നു. പ്രീതം കോടാലിനെ താൽപര്യമുണ്ടെങ്കിലും സഹലിനെ വച്ചൊരു കൈമാറ്റത്തിന് താൽപര്യമില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ നിലപാട്. 2025 വരെ സഹലിന് കേരള ബ്ലാസ്റ്റേഴ്‌സിൽ കരാറുണ്ട്. അതേസമയം വൻ തുക കിട്ടിയാൽ ബാസ്റ്റേഴ്‌സ് സഹലിനെ കൈവിട്ടേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഐഎസ്എല്‍ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റിലെ വമ്പന്‍ പേരുകളിലൊന്നായി സഹല്‍ ഇതിനകം മാറിക്കഴിഞ്ഞു. യുഎഇയില്‍ കളി പഠിച്ച് ഫുട്ബോളിലേക്ക് വരവറിയിച്ച താരം പിന്നീട് കേരളത്തിലെത്തി ബ്ലാസ്റ്റേഴ്‌സിനൊപ്പം ബൂട്ടണിയുകയായിരുന്നു.
Read more: ഛേത്രിയും മഹേഷ് സിംഗും വലകുലുക്കി; നേപ്പാളിനെ പൂട്ടി സാഫ് കപ്പില്‍ ഇന്ത്യ സെമിയില്‍