ബ്ലാസ്‌റ്റേഴ്‌സിനെതിരെ തിരിച്ചുവരവ് നടത്തി സഹല്‍! മോഹന്‍ ബഗാനെതിരെ കൊച്ചിയില്‍ മഞ്ഞപ്പട ഒരു ഗോളിന് പിന്നില്‍
ശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ മൂന്നും എതിരാളികളുടെ തട്ടകത്തിലായതിനാല്‍ ബഗാനെതിരായ പോരാട്ടം ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമാണ്.
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പിന്നില്‍. ആദ്യപാതി അവസാനിക്കുമ്പോള്‍ അര്‍മാന്‍ഡോ സാദികു നേടിയ ഗോളിനാണ് ബഗാന്‍ മുന്നിലെത്തിയത്. കൊച്ചി, ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നാലാം മിനിറ്റിലായിരുന്നു സാദികുവിന്റെ ഗോള്‍. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. പരിക്കിന് ശേഷം സഹല്‍ തിരിച്ചുവരുന്ന മത്സരം കൂടിയാണിത്.
ശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ മൂന്നും എതിരാളികളുടെ തട്ടകത്തിലായതിനാല്‍ ബഗാനെതിരായ പോരാട്ടം ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമാണ്. സ്വന്തം മൈതാനത്തെ ഒറ്റഗോള്‍ തോല്‍വിക്ക് പകരം വീട്ടാനാണ് ബഗാന്‍ ഇറങ്ങുന്നത്. കൊല്‍ക്കത്തയില്‍ രക്ഷകനായ ദിമിത്രി ഡയമന്റക്കോസിന്റെ ബൂട്ടുകളിലേക്കാണ്അവസാന 45 മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്‌സ് ഒരിക്കല്‍ക്കൂടി ഉറ്റുനോക്കുന്നത്. ബെംഗളൂരുവിനെതിരെ തോല്‍വി നേരിട്ട ക്ഷീണം കൂടി ബ്ലാസ്റ്റേഴ്‌സിനുണ്ട്.
ബംഗളൂരുവിനെതിരെ തോല്‍വി
ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89-ാം മിനിറ്റില്‍ സാവി ഹെര്‍ണാണ്ടസ് നേടിയ ഗോളാണ് ആതിഥേയര്‍ക്ക് ജയമൊരുക്കിയത്. തോല്‍വിയോടെ കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ നാലില്‍ നിന്ന് പുറത്തായി. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളാ ബ്ലാസ്റ്റേഴ്സ് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗളൂരു എഫ്സി 21 പോയിന്റുമായി ആറാമത്.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ബംഗളൂരു എഫ്സിയുടെ വിജയഗോള്‍ പിറന്നത്. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ഹെര്‍ണാണ്ടസ് പന്ത് ഗോള്‍വര കടുത്തുകയായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് മോഹങ്ങള്‍ അവസാനിച്ചിട്ടില്ല.