നേരിട്ട് കണ്ടാൽ ഇടിക്കാൻ നിന്ന ബോക്സറിനെ വരെ ആരാധകനാക്കി മാറ്റി; ഖത്തറിലെ മെസി മാജിക്ക്
മെക്സിക്കോയിലെ പ്രമുഖ ബോക്സര്‍ കനേലോ അല്‍വാരസ് തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ മെസിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മെക്സിക്കന്‍ ജേഴ്സിയില്‍ മെസി 'തറ വൃത്തിയാക്കുകയായിരുന്നു'വെന്നാണ് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനായ ആദ്ദേഹം ആരോപിച്ചത്.
ദോഹ: ഡ്രെസിംഗ് റൂമില്‍ വിജയാഘോഷത്തിനിടെ മെസി മെക്‌സിക്കോ താരത്തിന്റെ ജേഴ്‌സിയില്‍ ചവിട്ടിയെന്നും അപമാനിച്ചുവെന്നും ഗ്രൂപ്പ് മത്സരങ്ങൾക്കിടെ ആരോപണം ഉയർന്നിരുന്നു. പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ മെസിക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. മെക്സിക്കോയിലെ പ്രമുഖ ബോക്സര്‍ കനേലോ അല്‍വാരസ് തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ മെസിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മെക്സിക്കന്‍ ജേഴ്സിയില്‍ മെസി 'തറ വൃത്തിയാക്കുകയായിരുന്നു'വെന്നാണ് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനായ ആദ്ദേഹം ആരോപിച്ചത്.
'ഞങ്ങളുടെ ജഴ്സിയും പതാകയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ? ഞാന്‍ ഒരിക്കലും അവനെ നേരിട്ട് കാണാതിരിക്കട്ടെയെന്ന് മെസി ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ' കാനെലോ അല്‍വാരസ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇപ്പോൾ ഇതേ കാനെലോ അല്‍വാരസ് മെസിയുടെ ആരാധകനായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ പോരാട്ടത്തിൽ ജൂലിയൻ അൽവാരസിന് നൽകിയ അസിസ്റ്റ് ലോകമാകെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ബോക്‌സിന്‍റെ വളരെ പുറത്തെ വലത് പാര്‍ശ്വത്ത് വച്ച് മെസിയുടെ കാലുകളില്‍ പന്ത് കിട്ടുമ്പോള്‍ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഡിഫൻഡറായ ഗ്വാർഡിയോളായിരുന്നു തൊട്ടരികെ. ഗ്വാർഡിയോളിനെ തലങ്ങുംവിലങ്ങും പായിച്ച് ആദ്യം മെസിയുടെ സോളോ റണ്‍. ഗ്വാര്‍ഡിയോള്‍ വീണ്ടും മെസിക്ക് വട്ടംവെക്കാന്‍ ശ്രമിക്കുമ്പോള്‍ സാക്ഷാല്‍ ലിയോയ്‌ക്ക് മാത്രം കഴിയുന്ന ക്വിക് ടേണ്‍. ഗ്വാര്‍ഡിയോളിനെ മറികടന്ന് ബൈ ലൈനിന് തൊട്ടടുത്ത് വച്ച് തളികയിലേക്ക് എന്ന പോലെ ഒരു പന്ത് ആല്‍വാരസിലേക്ക് മെസി വരച്ചുനല്‍കി. അതയാള്‍ വലയിലേക്ക് അനായാസം തൊടുക്കുകയും ചെയ്തിരുന്നു.
ഇതിന്റെ വീഡിയോ കനെലോ അൽവാരസിനെ ടാഗ് ചെയ്ത് ഒരാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. അതിഗംഭീരം എന്ന് അർത്ഥം വരുന്ന സ്മൈലികളുമായാണ് കനെലോ ഇതിനോട് പ്രതികരിച്ചത്. നേരത്തെ, ജേഴ്സി വിവാദത്തിൽ തന്റെ ഭാഗം പിൻവലിച്ച് കനെലോ മെസിയോട് മാപ്പ് പറഞ്ഞിരുന്നു. മെസി മെക്‌സിക്കന്‍ ജേഴ്‌സിയെ അപമാനിച്ചെന്ന പരാമര്‍ശത്തിന് അര്‍ജന്റൈൻ ജനതയോട് മാപ്പ് പറയുന്നതായും കാനെലോ ട്വീറ്റ് ചെയ്തു. രാജ്യത്തോടുള്ള സ്‌നേഹം കാരണം വൈകാരികമായി ചിന്തിച്ചുപോയെന്നും കാനെലോ പറഞ്ഞു.