മാസ്മരിക പ്രകടനം തുടര്‍ന്ന് മെസി; വിജയവഴിയില്‍ തിരിച്ചെത്തി ഇന്‍റര്‍ മയാമി-വീഡിയോ
ഹോളിവുഡ് താരം ലിയാനാര്‍ഡോ ഡി കാപ്രിയോ, സെലീന ഗോമെസ്, ഹാരി രാജകുമാരന്‍ അടക്കമുള്ള പ്രമുഖരും മത്സരം കാണാനെത്തിയിരുന്നു.
ലോസ് ഏയ്ഞ്ചല്‍സ്: മേജര്‍ സോക്കര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഡേവിഡ് ബെക്കാമിന്‍റെ ഇന്‍റര്‍ മയാമി. മേജര്‍ സോക്കര്‍ ലീഗ് സോക്കര്‍ കപ്പ് വിന്നേഴ്സായ ലോസ് ഏയ്ഞ്ചല്‍സ് എഫ് സിയെ ഒന്നിനെതിുരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ഗോളടിച്ചില്ലെങ്കിലും മെസി രണ്ട് അസിസ്റ്റുമായി തിളങ്ങിയ മത്സരത്തില്‍ അര്‍ജന്‍റീന താരം ഫാക്കുന്‍ഡോ ഫാരിയാസ്, സ്പാനിഷ് താരം ജോര്‍ഡി ആല്‍ബ, പകരക്കാരനായി ഇറങ്ങിയ ഇക്വഡോര്‍ താരം ലിയാനാര്‍ഡോ കംപാന എന്നിവരാണ് ഇന്‍റര്‍ മയാമിക്കായി സ്കോര്‍ ചെയ്തത്.
ജയത്തോടെ ലീഗില്‍ ഒമ്പത് കളികള്‍ ബാക്കിയിരിക്കെ ഇന്‍റര്‍ മയാമി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. ലോസ് ഏയ്ഞ്ചല്‍സില്‍ ആദ്യ മേജര്‍ ലീഗ് സോക്കര്‍ മത്സരത്തിനിറങ്ങിയ മെസിയുടെ പ്രകടനം കാണാന്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞാണ് കാണികളെത്തിയത്. ഹോളിവുഡ് താരം ലിയാനാര്‍ഡോ ഡി കാപ്രിയോ, സെലീന ഗോമെസ്, ഹാരി രാജകുമാരന്‍ അടക്കമുള്ള പ്രമുഖരും മത്സരം കാണാനെത്തിയിരുന്നു. തുടക്കത്തില്‍ ലോസ് ഏയ്ഞ്ചല്‍സ് എഫ് സിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും മയാമി ഗോള്‍ കീപ്പര്‍ ഡ്രേക്ക് കലെന്‍ഡറുടെ മിന്നും സേവുകള്‍ ടീമിന് രക്ഷയായി. തുടക്കത്തിലെ പതര്‍ച്ചക്കുശേഷം പതിനാലാം മിനിറ്റില്‍ ഫാരിയാസിലൂടെ മയാമി മുന്നിലെത്തി.
ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി കയറിയ മയാമിക്കായി രണ്ടാം പകുതിയില്‍ മെസിയുടെ അസിസ്റ്റില്‍ ജോര്‍ഡി ആല്‍ബ ലീഡുയര്‍ത്തി. 51-ാം മിനിറ്റിലായിരുന്നു ആല്‍ബയുടെ ഗോള്‍. സെര്‍ജിബോ ബുസ്കെറ്റ്സ് നീട്ടി നല്‍കിയ പന്തിലായിരുന്നു മെസിയുടെ അളന്നുമുറിച്ച പാസ്. 83-ാം മിനിറ്റില്‍ മെസിയുടെ അസിസ്റ്റില്‍ കോംപാനയും സ്കോര്‍ ചെയ്തതോടെ മയാമി വിജയം ഉറപ്പിച്ചു. 90ാം മിനിറ്റില്‍ റിയാന്‍ ഹോളിംഗ്ഷെഡാണ് ലോസ് ഏയ്ഞ്ചല്‍സ് എഫ് സിയുടെ ആശ്വാസഗോള്‍ നേടിയത്.
മെസി വരുന്നതിന് മുമ്പ് മേജര്‍ സോക്കര്‍ ലീഗില്‍ തുടര്‍ച്ചയായി 11 തോല്‍വികളുമായി പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ഇന്‍റര്‍ മയാമി. മെസിയെത്തിയശേഷം കളിച്ച 11 മത്സരങ്ങളില്‍ മയാമി ഇതുവരെ തോറ്റിട്ടില്ല. ലീഗ്സ് കപ്പില്‍ മയാമിക്ക് ചരിത്രത്തിലാദ്യമായി കിരീടം സമ്മാനിച്ച ശേഷം നടന്ന മേജര്‍ സോക്കര്‍ ലീഗ് മത്സരങ്ങളില്‍ മൂന്നില്‍ രണ്ടെണ്ണത്തിലും മയാമി ജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയായി. ജയത്തോടെ മയാമി പതിനഞ്ചാം സ്ഥാനത്തു നിന്ന് പതിനാലാം സ്ഥാനത്തേക്ക് കയറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക