മെസിയെ പേടിക്കണം! അപ്പോള്‍ അല്‍വാരസിനെയോ? ഫൈനലില്‍ ഫ്രാന്‍സിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി
ലോകകപ്പിന് മുന്‍പുവരെ പകരക്കാരനായി വല്ലപ്പോഴും അവസരം കിട്ടിയ താരമായിരുന്നു അല്‍വാരസ്. ലാതുറോ മാര്‍ട്ടിനസിലായിരുന്നു കോച്ച് സ്‌കലോണിയുടെ വിശ്വാസമത്രയും.
ദോഹ: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഇറങ്ങുമ്പോള്‍ അര്‍ജന്റീനയിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ലിയോണല്‍ മെസിയിലാണ്. എന്നാല്‍ മെസിിക്കൊപ്പം ഫ്രാന്‍സ് പേടിക്കുന്ന മറ്റൊരു താരം കൂടിയുണ്ട്. ജൂലിയന്‍ അല്‍വാരസ് എന്ന ഇരുപത്തിരണ്ടുകാരന്‍. അര്‍ജന്റീനയെന്നാല്‍ മെസ്സിയാണ്. കിരീടപ്രതീക്ഷകളത്രയും മെസ്സിയുടെ ഇടങ്കാലിലാണ്. ഗോളടിക്കാനും ഗോളടിപ്പിക്കാനും മെസ്സി വേണം. മെസ്സിയുടെ സ്വപ്നയാത്രയില്‍ അര്‍ജന്റീയ്ക്ക് ഒരു നക്ഷത്രത്തെക്കൂടി സമ്മാനിച്ചിരിക്കുകയാണ് ഖത്തറിലെ കളിത്തട്ടുകള്‍.
ലോകകപ്പിന് മുന്‍പുവരെ പകരക്കാരനായി വല്ലപ്പോഴും അവസരം കിട്ടിയ താരമായിരുന്നു അല്‍വാരസ്. ലാതുറോ മാര്‍ട്ടിനസിലായിരുന്നു കോച്ച് സ്‌കലോണിയുടെ വിശ്വാസമത്രയും. മാര്‍ട്ടിനെസ് നിറംമങ്ങിയപ്പോള്‍ സ്‌കലോണി അല്‍വാരസിനെ ഗോളടിക്കാന്‍ നിയോഗിച്ചു. പ്രതീക്ഷ തെറ്റിയില്ല. നാല് ഗോളുമായി ഗോള്‍ഡണ്‍ ബൂട്ടിനുള്ള പോരില്‍ മെസ്സിക്ക് തൊട്ടുപിന്നിലുണ്ട് അല്‍വാരസ്. ഫൈനല്‍ വരെ എത്തിനില്‍ക്കുമ്പോള്‍ അര്‍ജന്റീന ആകെ നേടിയത് പന്ത്രണ്ട് ഗോള്‍.
ഇതില്‍ പതിനൊന്നും അല്‍വാരസ് കളത്തിലുള്ളപ്പോഴായിരുന്നു. ആകെ വഴങ്ങിയത് അഞ്ച് ഗോള്‍. അപ്പോഴൊന്നും അല്‍വാരസ് ഗ്രൗണ്ടിലുണ്ടായിരുന്നില്ല. ഫ്രാന്‍സിനെതിരെ കിരീടപ്പോരിന് ഇറങ്ങുമ്പോഴും അല്‍വാരസ് ഭാഗ്യനക്ഷത്രമായി ഉദിച്ചുയരുമെന്നാണ് അര്‍ജന്റീനയുടെ പ്രതീക്ഷ. രാത്രി എട്ടരയ്ക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലോകം ഒരു കാല്‍പന്തിന് പിന്നാലെ പാഞ്ഞ ഒരുമാസക്കാലത്തിന് കൂടിയാണ് ഇന്ന് അവസാനമാകുന്നത്.
ഇതിഹാസ പൂര്‍ണതയ്ക്ക് ലോകകപ്പിന്റെ മേമ്പൊടി കൂടി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറുപടി നല്‍കി ലിയോണല്‍ മെസിക്ക് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്. മാത്രമല്ല, എയ്ഞ്ചല്‍ ഡി മരിയയേയും ഇനി അര്‍ജന്റീന ജേഴ്‌സിയില്‍ കാണില്ല. ലോകകപ്പ് ഫൈനല്‍ തന്റെ അവസാന മത്സരമായിരിക്കുമെന്ന് ഡി മരിയ പ്രഖ്യാപിച്ച് കഴിഞ്ഞു. മെസിയുടെ അവസാന ലോകകപ്പ് മത്സരം കൂടിയാണിത്. രണ്ട് വട്ടം ലോക കിരീടത്തില്‍ മുത്തമിടുക എന്ന് അതുല്യ നേട്ടമാണ് ഫ്രാന്‍സിനെ കാത്തിരിക്കുന്നത്.