തോല്‍വി തളര്‍ത്തിയില്ല! പത്ത് ദിവസത്തെ അവധി പോലും റദ്ദാക്കി എംബാപ്പെ; പാരീസില്‍ തിരിച്ചെത്തി
ഫൈനലിലെ തോൽവിയിൽ നിന്ന് താൻ മോചിതനായെന്ന് എംബാപ്പെ പ്രതികരിച്ചു. ഇതോടെ 28ന് സ്ട്രോസ്ബര്‍ഗിനെതിരായ മത്സരത്തിൽ താരം കളിച്ചേക്കും.
പാരീസ്: ലോകകപ്പിന് ശേഷം ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ തന്‍റെ ക്ലബ്ബായ പിഎസ്ജിയിൽ തിരിച്ചെത്തി. ലോകകപ്പിന് ശേഷം പത്ത് ദിവസത്തെ അവധിയിൽ പോകുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നുവെങ്കിലും തീരുമാനം മാറ്റി ക്ലബിനൊപ്പം ചേരുകയായിരുന്നു. ഫൈനലിലെ തോൽവിയിൽ നിന്ന് താൻ മോചിതനായെന്ന് എംബാപ്പെ പ്രതികരിച്ചു. ഇതോടെ 28ന് സ്ട്രോസ്ബര്‍ഗിനെതിരായ മത്സരത്തിൽ താരം കളിച്ചേക്കും. ലോകകപ്പിൽ ഉജ്ജ്വല പ്രകടനം നടത്തിയ എംബാപ്പെ എട്ട് ഗോളുകളുമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു. ലോകകപ്പ് കിരീടം സ്വന്തമാക്കിയ അർജന്റീന നായകൻ എന്ന് തിരികെ എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. മെസിയാണ് ലോകകപ്പിൽ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയത്.
അതേസമയം, ലോകകപ്പ് ഫൈനലിന്‍റെ ഹാഫ് ടൈമില്‍ സഹതാരങ്ങളെ പ്രചോദിപ്പിക്കുന്ന എംബാപ്പെയുടെ വീഡിയോ ഫുട്ബോള്‍ ആരാധകരുടെ മനം കവരുകയാണ്. നമ്മൾ ഇപ്പോള്‍ ചെയ്തതിനേക്കാൾ മോശമായത് ഇനി ഒന്നും ചെയ്യാനാവില്ല എന്ന് പറഞ്ഞാണ് എംബാപ്പെ തുടങ്ങുന്നത്. നമ്മള്‍ പിച്ചിലേക്ക് മടങ്ങുകയാണ്. ഒന്നുകിൽ അവരെ കളിക്കാൻ അനുവദിക്കുക. അല്ലെങ്കില്‍ തീവ്രമായി പരിശ്രമിച്ച് കൊണ്ട് ഡ്യുവലുകളിൽ വിജയിക്കുക. സുഹൃത്തുക്കളെ നമ്മള്‍ മറ്റെന്തെങ്കിലും ചെയ്തേ മതിയാകൂ. ഇതൊരു ലോകകപ്പ് ഫൈനലാണ്. അവർ രണ്ട് ഗോളുകൾ അടിച്ചു കഴിഞ്ഞു. നമ്മള്‍ രണ്ട് ഗോളിന് പിന്നിലാണ്. നമുക്ക് തിരിച്ചു വരാം. ഓരോ നാല് വർഷം കൂടുമ്പോഴും മാത്രമാണ് ലോകകപ്പ് എത്തുകയെന്നും എംബാപ്പെ സഹതാരങ്ങളെ ഓര്‍മ്മിപ്പിച്ചു.
ആദ്യ പകുതിയില്‍ അര്‍ജന്‍റീനയുടെ കരുത്തിന് മുന്നില്‍ ഒന്നും ചെയ്യാനാകാതെ വിയര്‍ക്കുകയായിരുന്നു ഫ്രാന്‍സ്. എന്നാല്‍, രണ്ടാം പകുതിയില്‍ വളരെയേറെ മെച്ചപ്പെട്ട ഫ്രാന്‍സ് ആയിരുന്നു കളത്തില്‍ നിറഞ്ഞത്. അര്‍ജന്‍റീനക്കെതിരെ എംബാപ്പെ തന്നെ രണ്ട് ഗോള്‍ തിരിച്ചടിക്കുകയും കളി എക്സ്ട്രാ ടൈമിലേക്ക് നീട്ടുകയും ചെയ്തിരുന്നു. വീണ്ടും മെസിലൂടെ അര്‍ജന്‍റീന മുന്നിലെത്തിയെങ്കിലും സമനില നേടാന്‍ ഫ്രാന്‍സിനായി. ഒടുവില്‍ ഷൂട്ടൗട്ടിലാണ് അര്‍ജന്‍റീന വിജയം നേടിയെടുത്തത്.
'ഇതിനേക്കാള്‍ മോശമായി ഒന്നും ചെയ്യാനാവില്ല, ഇനി...'; ഹാഫ് ടൈമില്‍ ആവേശം പകരുന്ന എംബാപ്പെ, വീഡിയോ