ഇന്ത്യ അതിവേഗം വളരുകയാണെന്ന് മോദി; പാരീസിൽ എംബാപ്പെയെ വാഴ്ത്തിപ്പാടി ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസംഗം
ഇന്ത്യയിലെ യുവാക്കാൾക്ക് എംബാപ്പെ ആവേശമാണെന്നും മോദി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
പാരീസ്: ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ ജനപ്രീതിയെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി എംബാപ്പെയെ കുറിച്ചും പറഞ്ഞത്. പാരീസ് സെയിന്റ് ജർമെയ്ന് വേണ്ടി കളിക്കുന്ന എംബാപ്പെ ഇന്ത്യയിൽ സൂപ്പർ സ്റ്റാർ ആണെന്ന് മോദി പറഞ്ഞു. എംബാപ്പെയെ ഫ്രാൻസിൽ ഉള്ളതിനേക്കാൾ കൂടുതൽ ആളുകൾക്ക് ഇന്ത്യയിൽ അറിയാം.
ഇന്ത്യയിലെ യുവാക്കാൾക്ക് എംബാപ്പെ ആവേശമാണെന്നും മോദി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തത്തിന്റെ പ്രധാന അടിത്തറ ജനങ്ങൾ തമ്മിലുള്ള ബന്ധമാണെന്നും പറഞ്ഞു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ എത്തിയത്. ശനിയാഴ്ച യുഎഇ സന്ദർശനം കൂടി നടത്തിയാകും പ്രധാനമന്ത്രിയുടെ മടക്കം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫ്രാൻസിൽ നിന്ന് തിരിച്ച് വരും വഴിയാണ് മോദി യുഎഇയിലിറങ്ങുക.
2014 ൽ അധികാരമേറ്റതിന് ശേഷം മോദിയുടെ അഞ്ചാമത്തെ ഗൾഫ് സന്ദർശനമാണിത്. കഴിഞ്ഞ വർഷം ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ തുടർന്ന് ഉഭയകക്ഷി വ്യാപാരം ശക്തിപ്രാപിച്ചു വരുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദർശനം. ഊർജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലേക്കും പങ്കാളിത്തം വ്യാപിക്കാനുള്ള സാധ്യതകളും ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും.