അതൃപ്തി വ്യക്തം! നെയ്മര്‍ പിഎസ്ജി വിട്ടതിന് പിന്നാലെ പരിശീലന ക്യാംപിലെത്തി എംബാപ്പെ
റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു എംബാപ്പേയുടെ ലക്ഷ്യം. കരാര്‍ പുതുക്കിയില്ലെങ്കില്‍ ടീമില്‍ തുടരാനാവില്ല എന്നായിരുന്നു പിഎസ്ജിയുടെ നിലപാട്.
പാരീസ്: നെയ്മര്‍ പിഎസ്ജിയുടെ പടിയിറങ്ങുന്നതോടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ പിഎസ്ജി നിരയില്‍ തിരിച്ചെത്തി. താരം സഹതാരങ്ങള്‍ക്കൊപ്പം പരിശീലനം തുടങ്ങി. ഏറെനാളായി തുടര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് കിലിയന്‍ എംബാപ്പേ പിഎസ്ജിയിലെ സഹതാരങ്ങള്‍ക്കൊപ്പം പരിശീലനം പുനരാരംഭിച്ചത്. ഇതോടെ അടുത്ത ജൂണില്‍ അവസാനിക്കുന്ന കരാര്‍ പുതുക്കാനുള്ള സാധ്യതയും കൂടി. ഈ സീസണ്‍ അവസാനത്തോടെ ടീം വിടുമെന്ന് എംബാപ്പേ പറഞ്ഞതോടെയാണ് പിഎസ്ജിയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു എംബാപ്പേയുടെ ലക്ഷ്യം. കരാര്‍ പുതുക്കിയില്ലെങ്കില്‍ ടീമില്‍ തുടരാനാവില്ല എന്നായിരുന്നു പിഎസ്ജിയുടെ നിലപാട്. പ്രീ സീസണ്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ലീഗ് വണ്ണിലെ ആദ്യമത്സത്തിലും എംബാപ്പേയെ കളിപ്പിച്ചില്ല. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ഇരുകൂട്ടരും ധാരണയില്‍ എത്തിയതും എംബാപ്പേ പരിശീലനം പുനരാരംഭിച്ചതും.
ഒരുവര്‍ഷത്തേക്കെങ്കിലും എംബാപ്പേ കരാര്‍ പുതുക്കാനാണ് സാധ്യത. ഇങ്ങനെയെങ്കില്‍ അടുത്ത സീസണിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ പിഎസ്ജിക്ക് എംബാപ്പേയെ ഉയര്‍ന്ന വിലയില്‍ വില്‍ക്കാനാവും. 2017ല്‍ പിഎസ്ജിയില്‍ എത്തിയ എംബാപ്പേ ക്ലബിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണ്. 260 കളിയില്‍ 212 ഗോളാണ് എംബാപ്പേയുടെ പേരിനൊപ്പമുളളത്. ഇരുവരും തമ്മില്‍ നേരത്തെ അത്ര രസത്തിലല്ലായിരുന്നു. നെയ്മറിനോടുള്ള അതൃപ്തി പലപ്പോഴും പ്രകടമാക്കിയിട്ടുമുണ്ട്.
കിലിയന്‍ എംബാപ്പേ ടീമില്‍ തുടരുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് നെയ്മര്‍ ജൂനിയര്‍ പിഎസ്ജി വിടുന്നത്. ക്ലബ് വിടാന്‍ അനുവദിക്കണെന്ന് നെയ്മാര്‍ നേരത്തെ തന്നെ പിഎസ്ജിയോട് ആവശ്യപ്പെട്ടിരുന്നു. ബാഴ്‌സലോണയിലേക്ക് തിരികെ പോവുകയായിരുന്നു ലക്ഷ്യം. ബാഴ്‌സലോണ സാന്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാത്തതിനാല്‍ ഈ നീക്കം നടന്നില്ല. ഇതോടെയാണ് നെയ്മര്‍ അല്‍ ഹിലാലിന്റെ ഓഫര്‍ പരിഗണിച്ചത്.