ഛേത്രിയുടെ വിവാദ ഗോള്‍: ചോദ്യങ്ങള്‍ നേരിടേണ്ടത് റഫറി; ആഞ്ഞടിച്ച് മാർസലീഞ്ഞോ
ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് ബ്രസീലിയന്‍ മാർസലീഞ്ഞോ
ബെംഗളൂരു: ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ്സി നായകന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളില്‍ റഫറിയെ വിമർശിച്ച് സൂപ്പർ താരം മാർസലീഞ്ഞോ. 'എന്‍റെ അഭിപ്രായത്തില്‍ ആ ഫൗള്‍ ന്യായമായിരുന്നു. എന്നാല്‍ കളിക്കാരനുമായി ആശയ വിനിമയം ചെയ്ത റഫറിയാണ് ചോദ്യങ്ങള്‍ നേരിടേണ്ടത്. ഫ്രീകിക്ക് എടുക്കവേ പ്രതിരോധക്കോട്ട ഒരുക്കാന്‍ പോകുന്നതായി റഫറിക്ക് പറയാമായിരുന്നു. അല്ലാതെ തീരുമാനം എടുക്കാന്‍ കിക്കെടുക്കുന്ന കളിക്കാരനോടല്ല ആവശ്യപ്പെടേണ്ടത്' എന്നുമാണ് മാർസലീഞ്ഞോ ട്വീറ്റ് ചെയ്തത്.
ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് ബ്രസീലിയന്‍ മാർസലീഞ്ഞോ. സ്‍പാനിഷ് ടീമുകളായ അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെയും ഗെറ്റാഫേയുടേയും ബി ടീമുകള്‍ക്കായി കളിച്ചിട്ടുള്ള മാർസലീഞ്ഞോ ഡല്‍ഹി ഡൈനമോസിലൂടെയാണ് ഐഎസ്എല്ലില്‍ അരങ്ങേറിയത്. അരങ്ങേറ്റ സീസണില്‍ തന്നെ ടോപ് സ്കോററായി സുവർണ പാദുകം നേടി. പിന്നീട് പൂനെ സിറ്റി, ഹൈദരാബാദ് എഫ്സി, എടികെ മോഹന്‍ ബഗാന്‍, ഒഡിഷ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തുടങ്ങിയ ക്ലബുകള്‍ക്കായും കളിച്ചു.
നോക്കൗട്ടിലെ സുനില്‍ ഛേത്രിയുടെ വിവാദ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സിനെ 1-0ന് മറികടന്ന് ബെംഗളൂരു എഫ്സി ഐഎസ്എല്ലിന്‍റെ സെമി ഫൈനലിൽ കടക്കുകയായിരുന്നു. മത്സരം എക്സ്‍ട്രാടൈമിലേക്ക് നീണ്ടപ്പോള്‍ അധികസമയത്ത് 96-ാം മിനുറ്റിൽ ഛേത്രിയെടുത്ത ക്വിക്ക് ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സൂഖൻ ഗില്ലിനെ കാഴ്ചക്കാരനാക്കി വലയിലെത്തി. റഫറി ഇത് ഗോളായി വിധിച്ചപ്പോള്‍ കിക്ക് തടുക്കാന്‍ തയ്യാറാകാന്‍ സമയം അനുവദിച്ചില്ല എന്ന് വാദിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിഷേധിച്ചു. സൈഡ് ലൈനില്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ലൈന്‍ റഫറിയുമായി തർക്കിച്ചു. റഫറി ഗോളില്‍ ഉറച്ചുനിന്നതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങളോട് കളി നിർത്തി മടങ്ങിവരാന്‍ ഇവാന്‍ ആംഗ്യം കാട്ടുകയായിരുന്നു.