ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഗംഭീര തിരിച്ചുവരവ്! ആഴ്‌സനലിന് സമനില
ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ യുണൈറ്റഡ് രണ്ട് ഗോളിന് പിന്നിലായി. തയ്‌വോ അവോനിയി, വില്ലി ബൊലി എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. എന്നാല്‍ 17-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ എറിക്‌സണിലൂടെ യുണൈറ്റഡ് തിരിച്ചടിച്ചു.
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗംഭീര തിരിച്ചുവരവ്. നോട്ടിംഗ് ഫോറസ്റ്റിനെതിരെ രണ്ട് ഗോളിന് പിന്നിട്ട നിന്ന ശേഷം ടീം മൂന്ന് ഗോള്‍ തിരിച്ചടിച്ച് ജയം സ്വന്തമാക്കി. അതേസമയം, ആഴ്‌സനലിന് ഫുള്‍ഹാമിനെതിരെ സമനില വഴങ്ങേണ്ടി വന്നു. ടോട്ടന്‍ഹാം എതിരില്ലാത്ത രണ്ട് ഗോളിന് ബേണ്‍മൗത്തിനെ തോല്‍പ്പിച്ചപ്പോള്‍ ക്രിസ്റ്റല്‍ പാലസും ബ്രന്‍ഡ്‌ഫോര്‍ഡും ഒരോ ഗോള്‍ വീതം നേടി പിരിഞ്ഞു. വോള്‍വ്‌സ് എതിരില്ലാത്ത ഗോളിന് എവര്‍ട്ടണെ തോല്‍പ്പിച്ചു.
ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ യുണൈറ്റഡ് രണ്ട് ഗോളിന് പിന്നിലായി. തയ്‌വോ അവോനിയി, വില്ലി ബൊലി എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. എന്നാല്‍ 17-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ എറിക്‌സണിലൂടെ യുണൈറ്റഡ് തിരിച്ചടിച്ചു. ആദ്യപാതി ഈ ഗോള്‍ നിലയില്‍ അവസാനിച്ചു. രണ്ടാംപാതി ആരംഭിച്ച ഏഴ് മിനിറ്റുകള്‍ക്ക് ശേഷം കസെമിറോ യുണൈറ്റഡിന് സമനില സമ്മാനിച്ചു. 67-ാം മിനിറ്റില്‍ ജോ വോറലിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത് നോട്ടിങ്ഹാമിന് തിരിച്ചടിയായി. പിന്നലെ 76-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ പെനാല്‍റ്റി ഗോളിലൂടെ യുണൈറ്റഡ് മുന്നിലെത്തി. കൂടെ ജയവും.
ഫുള്‍ഹാമിനെതിരെ ആഴ്‌സനലും നേരത്തെ ഗോള്‍ വഴങ്ങി. ഒന്നാം മിനിറ്റില്‍ തന്നെ അന്ദ്രേസ് പെരേര ഫുള്‍ഹാമിനെ മുന്നിലെത്തിച്ചു. 70-ാം മിനിറ്റിലാണ് ആഴ്‌സനല്‍ ഒപ്പമെത്തുന്നത്. ബുകായോ സാക പെനാല്‍റ്റി ഗോളാക്കി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം എഡ്ഡി കെടിയ ലീഡും സമ്മാനിച്ചു. എന്നാല്‍ മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ജാവോ പലീഞ്ഞ ഫുള്‍ഹാമിനെ ഒപ്പമെത്തിച്ചു.
സസ കലാഡിക്കിന്റെ ഒരു ഗോളാണ് എവര്‍ട്ടണെതിരെ വോള്‍വ്‌സിന് വിജയം സമ്മാനിച്ചത്. ബേണ്‍മൗത്തിനെതിരെ ജെയിംസ് മാഡിസണ്‍, ഡെജാന്‍ കുലുസേവ്‌സ്‌കി എന്നിവരാണ് ടോട്ടന്‍ഹാമിന്റെ ഗോളുകള്‍ നേടിയത്.