ഹാരി കെയ്‌നെ ടീമിലെത്തിക്കാനുള്ള ശ്രമം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉപേക്ഷിച്ചു; ലക്ഷ്യം മറ്റൊരു താരം
പുതിയ സീസണില്‍ മികച്ച താരങ്ങളെയെത്തിക്കാന്‍ എറിക് ടെന്‍ഹാഗിന് മാനേജ്‌മെന്റിന്റെ അനുമതിയുണ്ട്. എന്നാല്‍ ഹാരി കെയ്ന്‍, വിക്ടര്‍ ഒസിമന്‍, മേസണ്‍ മൗണ്ട് തുടങ്ങിയ പ്രമുഖരെയെല്ലാം യുണൈറ്റഡ് നോട്ടമിട്ടെങ്കിലും ക്ലബ്ബുകള്‍ ആവശ്യപ്പെടുന്നത് വന്‍തുക.
മാഞ്ചസ്റ്റര്‍: ഹാരി കെയ്‌നെ ടീമിലെത്തിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. വന്‍തുക മുടക്കേണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. വിക്ടര്‍ ഒസിമന്‍, മേസണ്‍ മൗണ്ട് എന്നിവരെയും യുണൈറ്റഡ് ടീമിലെത്തിക്കാന്‍ സാധ്യത മങ്ങി. ഏറെക്കാലമായി മോശം പ്രകടനമാണെങ്കിലും എറിക് ടെന്‍ഹാഗ് എത്തിയതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നല്ലകാലമാണ്. ഇഎഫ്എല്‍ കപ്പ് കിരീടം നേടിയ ടീമിന് എഫ്എ കപ്പില്‍ ഫൈനലിലെത്താനും ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാനും കഴിഞ്ഞു.
പുതിയ സീസണില്‍ മികച്ച താരങ്ങളെയെത്തിക്കാന്‍ എറിക് ടെന്‍ഹാഗിന് മാനേജ്‌മെന്റിന്റെ അനുമതിയുണ്ട്. എന്നാല്‍ ഹാരി കെയ്ന്‍, വിക്ടര്‍ ഒസിമന്‍, മേസണ്‍ മൗണ്ട് തുടങ്ങിയ പ്രമുഖരെയെല്ലാം യുണൈറ്റഡ് നോട്ടമിട്ടെങ്കിലും ക്ലബ്ബുകള്‍ ആവശ്യപ്പെടുന്നത് വന്‍തുക. ഇങ്ങനെ ടീമിനെ പ്രതിസന്ധിയിലാക്കി താരങ്ങളെ വാങ്ങേണ്ടെന്നാണ് ടെന്‍ഹാഗിന്റെ നിലപാട്. പ്രീമിയര്‍ ലീഗില്‍ 30 ഗോളുകള്‍ നേടിയ ഹാരി കെയ്‌നെ ലക്ഷ്യമിട്ടായിരുന്നു പ്രധാന നീക്കം. ടോട്ടനം വില കുറയ്ക്കില്ലെന്നുറപ്പായതോടെ ഇംഗ്ലണ്ട് നായകനെ ടീമിലെത്തിക്കാനുള്ള ശ്രമം യുണൈറ്റഡ് അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഒരു വര്‍ഷം കൂടി ടോട്ടനവുമായി ഇരുപത്തിയൊന്‍പതുകാരനായ കെയ്‌നിന് കരാറുണ്ട്. നാപ്പോളിയെ സെരിഎ ചാംപ്യന്മാരാക്കിയ വിക്ടര്‍ ഒസിമനായി ഇറ്റാലിയന്‍ ടീം ചോദിക്കുന്നത് കോടികളാണ്. 24കാരനായ ഒസിമന്‍ മിന്നും ഫോമിലെങ്കിലും ഇത്രയും വലിയ തുക മുടക്കാന്‍ യുണൈറ്റഡില്ല.
മേസണ്‍ മൗണ്ടിനായി യുണൈറ്റഡ് മുന്നോട്ടുവച്ച ഓഫര്‍ ചെല്‍സി തള്ളിയതോടെ ഇംഗ്ലണ്ട് താരവും ഇത്തവണ ഓള്‍ഡ്ട്രഫോര്‍ഡിലെത്തിയേക്കില്ല. അറ്റലാന്‍ഡയുടെ ഇരുപതുകാരന്‍ സ്‌ട്രൈക്കര്‍ റാസ്മസിനായാണ് യുണൈറ്റഡ് ഇപ്പോഴത്തെ ശ്രമം. സ്‌ട്രൈക്കര്‍ ആന്റണി മാര്‍ഷ്യലിന് പരിക്കേറ്റത് കഴിഞ്ഞ സീസണില്‍ യുണൈറ്റഡിന് തിരിച്ചടിയായിരുന്നു.