ചാംപ്യന്‍സ് ലീഗ്: മൂന്നില്‍ ഒതുങ്ങിയത് ഭാഗ്യം! എത്തിഹാദില്‍ ബയേണ്‍ ചാരം! ആദ്യപാദം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു സിറ്റിയുടെ ജയം. റോഡ്രി, ബെര്‍ണാര്‍ഡോ സില്‍വ, എര്‍ലിംഗ് ഹാളണ്ട് എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്.
മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ ബയേണ്‍ മ്യൂണിച്ചിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു സിറ്റിയുടെ ജയം. റോഡ്രി, ബെര്‍ണാര്‍ഡോ സില്‍വ, എര്‍ലിംഗ് ഹാളണ്ട് എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്.
ആദ്യ പകുതിയില്‍ സിറ്റി ഒരു ഗോളിന് മുന്നിലെത്തിയിരുന്നു. 27-ാം മിനിറ്റിലായിരുന്നു റോഡ്രിയുടെ മാരിവില്ലുപോലെ വളഞ്ഞ റോഡ്രിയുടെ തകര്‍പ്പന്‍ ഗോള്‍. സില്‍വയില്‍ നിന്ന് പന്ത് സ്വീകരിച്ച സ്‌പോനിഷ് താരം ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത ഇടങ്കാലന്‍ ഷോട്ട് വളഞ്ഞ് ഫാര്‍ പോസ്റ്റിലേക്ക്.
ബയേണ്‍ ഗോള്‍ കീപ്പര്‍ യാന്‍ സോമര്‍ ഒരു മുഴുനീളെ ഡൈവിംഗ് നടത്തിയെങ്കിലും അപകടം ഒഴിവാക്കാനായില്ല. 34-ാം മിനിറ്റില്‍ സിറ്റി ലീഡെടുത്ത് കരുതിയതാണ് ഗുണ്ടോഗന്റെ വോളി അവിശ്വനീനമായി സോമര്‍ രക്ഷപ്പെടുത്തി. ആദ്യ പകുതി 1-0 ഗോള്‍ നിലയില്‍ അവസാനിച്ചു.
രണ്ടാംപാതി ഉണര്‍ന്നത് ബയേണിന്റെ ഗോള്‍ ശ്രമത്തോടെ. മുന്‍ സിറ്റി താരമായ സാനെയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ എഡേഴ്‌സണ്‍ തട്ടിയകറ്റി. 55-ാം മിനിറ്റില്‍ ബയേണ്‍ പ്രതിരോധതാരം ഡി ലിറ്റിന്റെ ഹെഡ്ഡര്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ഗോളാവാതെ പോയത്. 70-ാം മിനിറ്റില്‍ സിറ്റിയുടെ രണ്ടാം ഗോള്‍. സില്‍വ ഹെഡ്ഡറിലൂടെയാണ് ലീഡ് നേടികൊടുത്തത്. ജാക്ക് ഗ്രീലിഷ് പ്രസ് ചെയ്ത് നേടിയെടുത്ത് പന്ത് ഹാളണ്ടിന് ബാക്ക് ഹീലിലൂടെ ഹാളണ്ടിന് മറിച്ചുനല്‍കി. നോര്‍വീജിയന്‍ താരത്തിന്റെ ക്രോസ് സില്‍വയ്ക്ക്. മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന താരം അനായാസം പന്ത് ഗോള്‍വര കടത്തി. ആറ് മിനിറ്റുകള്‍ക്ക് ശേഷം മൂന്നാം ഗോളും പിറന്നു. ജോണ്‍ സ്‌റ്റോണ്‍സിന്റെ അസിസ്റ്റിലായിരുന്നു ഹാളണ്ടിന്റെ ഗോള്‍.