റിയാദ് മെഹ്‌റസ് വാണിയംകുളം ചോറോട്ടൂരിലെ പ്രാദേശിക മത്സരത്തില്‍! ഫോട്ടോ പങ്കുവച്ച് മാഞ്ചസ്റ്റര്‍ സിറ്റി
സിറ്റി പങ്കുവച്ചത് പാലക്കാട് വാണിയംകുളത്തെ ഫുട്‌ബോള്‍ മത്സരത്തിന്റെ ഒരു ചിത്രമാണ്. വാണിയംകുളം ചോറോട്ടൂരിലെ ഗ്രൗണ്ടില്‍ പോസ്റ്റിലേക്ക് ഇടംകാല്‍ ഷോട്ട് ഉതിര്‍ക്കുന്ന മെഹ്‌റസായിരുന്നു ചിത്രത്തില്‍.
തിരുവനന്തപുരം: കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മാഞ്ചസ്റ്റര്‍ സിറ്റി താരം റിയാദ് മെഹ്‌റസ് 32-ാം പിറന്നാള്‍ ആഘോഷിച്ചത്. ആശംസകള്‍ നേര്‍ന്ന് ക്ലബും രംഗത്തെത്തിയിരുന്നു. പിറന്നാള്‍ ദിവസം സോഷ്യല്‍ മീഡിയയില്‍ സിറ്റി ആശംസകള്‍ അറിയിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ചര്‍ച്ചാവിഷയം. മെഹ്‌റസ് കേരളത്തിലെ ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ കളിക്കുന്നതാണ് ചിത്രത്തിലുള്ളത്.
സിറ്റി പങ്കുവച്ചത് പാലക്കാട് വാണിയംകുളത്തെ ഫുട്‌ബോള്‍ മത്സരത്തിന്റെ ഒരു ചിത്രമാണ്. വാണിയംകുളം ചോറോട്ടൂരിലെ ഗ്രൗണ്ടില്‍ പോസ്റ്റിലേക്ക് ഇടംകാല്‍ ഷോട്ട് ഉതിര്‍ക്കുന്ന മെഹ്‌റസായിരുന്നു ചിത്രത്തില്‍. രണ്ട് വര്‍ഷം മുന്‍പ് നടന്ന സെവന്‍സ് മത്സരത്തില്‍ മെഹ്‌റസിനെ വെട്ടിയൊട്ടിച്ചാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. അതിനൊപ്പം 'ഹാപ്പി ബെര്‍ത്ത് ഡേ ഭായ്...' എന്നൊരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്. ചിത്രം വൈറല്‍ അതോടൊപ്പം ആ ചെറിയ ഗ്രൗണ്ടും ശ്രദ്ധിക്കപ്പെട്ടു. നാട്ടുകാര്‍ക്കും ആഘോഷം. പോസ്റ്റ് കാണാം...
പിറന്നാളിനെ പിന്നാലെ മെഹ്‌റസ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടിയിരുന്നു. യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ആര്‍ ബി ലെയ്പ്‌സിഷിനെതിരായ മത്സരത്തിലാണ് മെഹ്‌റസ് ഗോള്‍ നേടിയത്. എന്നാല്‍ മെഹ്‌റസിന്റെ ഗോളിലും സിറ്റിക്ക് ജയിക്കാനായില്ല. 27-ാം മിനിറ്റില്‍ ഗുണ്ടോഗന്റെ അസിസ്റ്റിലാണ് മെഹ്‌റസ് ഗോള്‍ നേടുന്നത്. 70ാം മിനിറ്റില്‍ ജോസ്‌കോ ഗാര്‍ഡിയോള്‍ ലെയ്പ്സിഷിന് സമനില സമ്മാനിച്ചു. മാര്‍ച്ച് 15ന് സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് രണ്ടാംപാദ മത്സരം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് സിറ്റി. 24 മത്സരങ്ങളില്‍ 52 പോയിന്റാണ് സിറ്റിക്ക്. കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന സിറ്റിക്ക് ഒന്നാം സ്ഥാനത്തുള്ള ആഴ്‌സനല്‍ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 23 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആഴ്‌സനല്‍ 54 പോയിന്റോടെ ഒന്നാമതാണ്. ഈ മാസം 25ന് ബേണ്‍മൗത്തിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം.