യുവേഫ സൂപ്പർ കപ്പ്: സെവിയ്യയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം
25-ാം മിനിട്ടിൽ യുസേഫ് യെൻ നെസിരിയിലൂടെ മുന്നിലെത്തിയ സെവിയ്യക്ക് എതിരെ, 63-ാം മിനിട്ടിൽ യുവതാരം കോൾ പാൾമറിലൂടെയാണ് സിറ്റി സമനില നേടിയത്.
ആഥന്‍സ്: മാഞ്ചസ്റ്റർ സിറ്റി യുവേഫ സൂപ്പർ കപ്പ് ജേതാക്കൾ. സെവിയ്യയെ, പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ സിറ്റിയുടെ നേട്ടം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
25-ാം മിനിട്ടിൽ യുസേഫ് യെൻ നെസിരിയിലൂടെ മുന്നിലെത്തിയ സെവിയ്യക്ക് എതിരെ, 63-ാം മിനിട്ടിൽ യുവതാരം കോൾ പാൾമറിലൂടെയാണ് സിറ്റി സമനില നേടിയത്. ഷൂട്ടൗട്ടിൽ സിറ്റിക്കായി കിക്കെടുത്തവരെല്ലാം ലക്ഷ്യം കണ്ടപ്പോൾ, സെവിയയുടെ അഞ്ചാം കിക്കെടുത്ത നെമാഞ്ചയ്ക്ക് പിഴച്ചു. നെമാഞ്ചയുടെ കിക്ക് ക്രോസ് ബാറില്‍ തട്ടി മടങ്ങുകയായിരുന്നു. സിറ്റി ആദ്യമായാണ് സൂപ്പര്‍ കപ്പ് നേടുന്നത്. കളിയുടെ ആദ്യ പകുതിയില്‍ സെവിയ്യക്കായിരുന്നു ആധിപത്യമെങ്കില്‍ രണ്ടാം പകുതിയില്‍ സിറ്റിയാണ് മുന്‍തൂക്കം നേടിയത്.
2016ല്‍ പരിശീലകനായി എത്തിയ പെപ് ഗ്വാര്‍ഡിയോളക്ക് കീഴില്‍ സിറ്റിയുടെ പതിനഞ്ചാം കിരീടമാണിത്കാര്‍ലോസ് ആഞ്ചലോട്ടിക്ക് ശേഷം വ്യത്യസ്ത ടീമുകളുടെ പരിശീലകനെന്ന നിലയില്‍ നാലു തവണ സൂപ്പര്‍ കപ്പ് നേടുന്ന പരിശീലകനെന്ന നേട്ടവും ഇതോടെ ഗ്യാര്‍ഡിയോളക്ക് സ്വന്തമായി. ബാഴ്സലോണക്കൊപ്പം 2009,2011 വര്‍ഷങ്ങളിലും ബയേണ്‍ മ്യൂണിക്കിനൊപ്പവും 2013 പെപ് ഗ്വാര്‍ഡിയോള സൂപ്പര്‍ കപ്പ് നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, എഫ് എ കപ്പ് കിരീടങ്ങള്‍ നേടി ട്രിപ്പിള്‍ തികച്ച സിറ്റിക്ക് ഈ സീസണില്‍ കമ്മ്യൂണിറ്റി ഷീല്‍ഡില്‍ മാത്രമാണ് അടിതെറ്റിയത്. കഴിഞ്ഞ ആഴ്ച നടന്ന കമ്മ്യൂണിറ്റി ഷീല്‍ഡ് ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ആഴ്സണലിനോട് സിറ്റി തോറ്റിരുന്നു. യൂറോപ്പ ലീഗ് ജേതാക്കളും ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമാണ് സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക