EPL 2021-22 : ആഴ്‌സനലിനെ മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി, ഒന്നാം സ്ഥാനം ഭദ്രം ; ടോട്ടന്‍ഹാമിനും ജയം
സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് ആഴ്‌സനലിനെ തോല്‍പ്പിച്ചു. ടോട്ടന്‍ഹാം എതിരില്ലാത്ത ഒരു ഗോളിന് വാറ്റ് ഫോര്‍ഡിനെ തോല്‍പ്പിച്ചു. രണ്ട് മത്സരങ്ങളിലും വിജയഗോള്‍ പിറന്നത് ഇഞ്ചുറി സമയത്താണ്.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (English Premier League) മാഞ്ചസ്റ്റര്‍ സിറ്റിക്കും (Manchester City) ടോട്ടന്‍ഹാമിനും (Tottenham) ജയം. സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് ആഴ്‌സനലിനെ തോല്‍പ്പിച്ചു. ടോട്ടന്‍ഹാം എതിരില്ലാത്ത ഒരു ഗോളിന് വാറ്റ് ഫോര്‍ഡിനെ തോല്‍പ്പിച്ചു. രണ്ട് മത്സരങ്ങളിലും വിജയഗോള്‍ പിറന്നത് ഇഞ്ചുറി സമയത്താണ്.
നിലവിലെ ചാംപ്യന്മാരായ സിറ്റിയെ വിറപ്പിച്ച ശേഷമാണ് ആഴ്‌സനല്‍ കീഴടങ്ങിയത്. ആദ്യ പകുതിയില്‍ ആഴ്‌സനലിന്റെ സമ്പൂര്‍ണാധിപത്യമായിരുന്നു. ബുകായോ സാക ആഴ്‌സണലിന് ലീഡും നല്‍കി. 31-ാം മിനിറ്റില്‍ കീറണ്‍ ടിയേര്‍നിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. ആദ്യ പകുതി അങ്ങനെ അവസാനിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ സിറ്റി ഒപ്പമെത്തി. 56-ാം പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റിയാദ് മെഹറസാണ് സമനിലയിലാക്കിയത്. ബെര്‍ണാര്‍ഡോ സില്‍വയെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് വിജയഗോള്‍ നേടി റോഡ്രി സിറ്റിക്ക് മൂന്ന് പോയിന്റ് സമ്മാനിച്ചു. 59-ാം മിനിറ്റില്‍ ഗബ്രിയേല്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായതും ആഴ്‌സനലിന് വിനയായി.
വാറ്റ്‌ഫോര്‍ഡിനെതിരെ ഡേവിന്‍സണ്‍ സാഞ്ചസിന്റെ ഹെഡ്ഡറാണ് ടോട്ടന്‍ഹാമിന് വിജയം സമ്മാനിച്ചത്. ജയത്തോടെ ടോട്ടനത്തിന് 18 മത്സരങ്ങളില്‍ 33 പോയിന്റായി. ആറാം സ്ഥാനത്താണ് അവര്‍. 20 മത്സരങ്ങളില്‍ 35 പോയിന്റുള്ള ആഴ്‌സനല്‍ നാലാമതാണ്. 21 മത്സരങ്ങളില്‍ 53 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമത് തുടരുന്നു.
ഇന്ന് ഗ്ലാമര്‍ പോരില്‍ ചെല്‍സി, ലിവര്‍പൂളിനെ നേരിടും. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലാണ് മത്സരം. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വോള്‍വ്‌സിനെ നേടിരും.