ലോകകപ്പിലെ മഹാഭാഗ്യവാന്‍, എല്ലാ മത്സരങ്ങളുടെയും ടിക്കറ്റ് സ്വന്തമാക്കി ഖത്തറിലെ മലയാളി വ്യവസായി
ഖത്തറിലുള്ള കുടുംബാംഗങ്ങള്‍ക്ക് പുറമെ നാട്ടില്‍ നിന്ന് കളി കാണാന്‍ വരുന്ന സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സ്ഥാപനത്തിലെ ജീവനക്കാര്‍ക്കുമെല്ലാം ആയാണ് എല്ലാ മല്‍സരങ്ങള്‍ക്കമുള്ള ഒന്നിലധികം ടിക്കറ്റുകള്‍ പുനലൂരുകാരനായ ജോസ് ഫിലിപ്പ് ഏകദേശം 60000 ഖത്തര്‍ റിയാലിനാണ് ജോസ് ഫിലിപ്പ് ടിക്കറ്റുകള്‍ വാങ്ങിയത്.
ദോഹ: ഖത്തര്‍ ലോകകപ്പിലെ മഹാഭാഗ്യവാന്‍ ആരായിരിക്കും. രണ്ട് പതിറ്റാണ്ടിനുശേഷം വീണ്ടും ഏഷ്യയിലെത്തിയ ലോകകപ്പിലെ എല്ലാ മത്സരങ്ങളും നേരില്‍ കാണാന്‍ അവസരം ലഭിക്കുന്നവരായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആ ഭാഗ്യവാന്‍മാരിലൊരാള്‍ ഒരു മലയാളിയാണ്. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ സെപ്രോടെക് സി.ഇ. ഒ. ജോസ് ഫിലിപ്പാണ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തര്‍ വേദിയാവുന്ന ഫുട്ബോള്‍ ലോകകപ്പിലെ എല്ലാ മല്‍സരങ്ങളും കാണാന്‍ ഒന്നിലധികം ടിക്കറ്റുകള്‍ സ്വന്തമാക്കിയ വ്യക്തികളിലൊരാള്‍.
ഖത്തറിലുള്ള കുടുംബാംഗങ്ങള്‍ക്ക് പുറമെ നാട്ടില്‍ നിന്ന് കളി കാണാന്‍ വരുന്ന സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സ്ഥാപനത്തിലെ ജീവനക്കാര്‍ക്കുമെല്ലാം ആയാണ് എല്ലാ മല്‍സരങ്ങള്‍ക്കമുള്ള ഒന്നിലധികം ടിക്കറ്റുകള്‍ പുനലൂരുകാരനായ ജോസ് ഫിലിപ്പ് ഏകദേശം 60000 ഖത്തര്‍ റിയാലിനാണ് ടിക്കറ്റുകള്‍ വാങ്ങിയത്. ലോകകപ്പ് കാണാനായി ജോസ് ഫിലിപ്പിന്‍റെ മകന്‍ ലണ്ടനില്‍ നിന്നുമെത്തും. ഇതിന് പുറമെ നിരവധി ബന്ധുക്കളാണ് നാട്ടില്‍ നിന്നും ലോകകപ്പ് കാണാനായി എത്തുന്നത്. അവര്‍ക്കൊക്കെ തന്‍റെ വീട്ടിലും ഗസ്റ്റ് ഹൗസിലുമൊക്കെയായി താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ജോസ് ഫിലിപ്പ് പറഞ്ഞു.
കേരളത്തെപ്പോലെ തന്നെ ഫുട്‌ബോള്‍ ഹരമായി കൊണ്ടുനടക്കുന്ന കൊല്‍ക്കത്തയിലാണ് ജോസ് ഫിലിപ്പ് പഠിച്ചത്. ഫുട്‌ബോള്‍ ആവേശവുമായി ജീവിക്കുന്ന ജോസ് ഫിലിപ്പിന് ഖത്തറില്‍ ലോകകപ്പുമായി ബന്ധപ്പെട്ട പല പദ്ധതികളും ഭാഗമാവാന്‍ കഴിഞ്ഞിട്ടുണ്ട്. എയര്‍പോര്‍ട്ട് പ്രൊജക്ടില്‍ അദ്ദേഹത്തിന്‍റെ കമ്പനി ബാഗേജ് ഹാന്‍ഡ്‌ലിംഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തര്‍ എയര്‍വേയ്‌സിന്‍റെ വി.ഐ.പി. അതിഥിയായി നവംബര്‍ 27 ന് ജര്‍മനി സ്‌പെയിന്‍ മാച്ചിന്‍റെ പ്രത്യേക ക്ഷണവും ജോസ് ഫിലിപ്പിന് ലഭിച്ചിട്ടുണ്ട്. 20ന് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് കിക്കോഫ് ആകുന്നത്.