പന്ത് കണ്ടാൽ പിന്നെ ചുറ്റുമുള്ളത് ഒന്നും കാണൂല്ല സാറേ..! രാജ്യമാകെ വൈറലായി മലപ്പുറത്തുകാരുടെ നോ പിച്ച് ഹെഡുകൾ
കളി ആരാധകർ ഏറ്റെടുത്ത വീഡിയോ കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർലീഗ് ഇൻസ്റ്റഗ്രാം പേജിലും വന്നു. കുട്ടികൾ കളിക്കാനായി പന്തും കൊണ്ട് പോകുമ്പോൾ ഇരുവർക്കും തോന്നിയ കൗതുകമായിരുന്നു ഈ അമ്മാനമാട്ടം.
മലപ്പുറം: നോ പിച്ച് ഹെഡുകൾ, അതും അങ്ങാടിയിലെ റോഡിന് നടുവിൽ നിന്ന്. മലപ്പുറം പാണ്ടിക്കാട്ടെ കാരായപ്പാറയിലെ അക്ബർ കക്കാടും ( 44 ) റംഷാദ് തോട്ടത്തിലും ( 36 ) പന്തുകൊണ്ട് അമ്മാനമാടിയപ്പോൾ മനസിൽ പോലും കരുതിയിരുന്നില്ല സംഭവം ഇത്രയ്ക്ക് വൈറലാവുമെന്ന്. ഏകദേശം ഒരു മാസം മുമ്പാണ് ഇരുവരും പാണ്ടിക്കാട് കാരായപ്പാറ അങ്ങാടിയിൽ പന്തുകൊണ്ട് അമ്മാനമാടിയത്. കണ്ടു നിന്ന നാട്ടുകാരൻ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
കളി ആരാധകർ ഏറ്റെടുത്ത വീഡിയോ കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർലീഗ് ഇൻസ്റ്റഗ്രാം പേജിലും വന്നു. കുട്ടികൾ കളിക്കാനായി പന്തും കൊണ്ട് പോകുമ്പോൾ ഇരുവർക്കും തോന്നിയ കൗതുകമായിരുന്നു ഈ അമ്മാനമാട്ടം. പന്ത് കണ്ടതിന് പിന്നാലെ അക്ബറിന് തന്റെ പഴയ വീര്യം കൂടിയ 'വൈൻ' പുറത്തെടുക്കാൻ മോഹം. കട്ടയ്ക്ക് കൂടെ നിക്കാമെന്നേറ്റ് റംഷാദും വന്നതോടെ പിറന്നത് സോഷ്യൽ മീഡിയ വൈറൽ വീഡിയോ. നടുറോഡിൽ നിന്നുകൊണ്ട് വെള്ളമുണ്ടും ഷർട്ടും ധരിച്ച് അക്ബർ പന്തുകൊണ്ട് ആട്ടം തുടങ്ങി.
ലുങ്കിയും ഷർട്ടും ധരിച്ച് റംഷാദും. ഇരുവരും ഏറെ നേരം പന്ത് നിലത്ത് തൊടാതെ തലകൊണ്ട് മാത്രം തട്ടിക്കളിച്ചു. ഇതാണ് ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇൻസറ്റഗ്രാം പേജിലും വന്നത്. കൂലിപ്പണിക്കാരനായ അക്ബർ മുൻപ് പ്രാദേശിക ക്ലബ്ബുകൾക്കായി പന്തുതട്ടിയിട്ടുണ്ട്. ലോറി ഡ്രൈവറാണ് റംഷാദ്. ഐ എസ് എൽ പേജിൽ തങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്ത സന്തോഷത്തിലാണ് അക്ബറും റംഷാദും. രണ്ടാഴ്ച മുൻപ് ഫുട്‌ബോൾ കളിക്കുന്നതിനിടയിൽ കൈയ്ക്ക് പരിക്കേറ്റ റംഷാദ് ഇപ്പോൾ വിശ്രമത്തിലാണ്.