ഫുട്ബോളിലെ വാഴ്‌ത്തപ്പെട്ട പരിശീലകരുടെ പട്ടികയിലേക്ക് അയാള്‍ കൂടി; സ്‌പെയ്‌ന്‍റെ പ്രൊഫസര്‍, ലൂയിസ് ഫ്യുയന്തെ

ഖത്ത‍ർ ലോകകപ്പിലെ തോൽവിക്ക് പിന്നാലെ ലൂയിസ് എൻറിക്വേ തെറിച്ചപ്പോൾ പരിശീലക കുപ്പായമണിഞ്ഞതാണ് ഫ്യുയന്തെ

Luis de la Fuente the mastermind of Spain Euro 2024 title

ബര്‍ലിന്‍: യൂറോ കപ്പ് ഫുട്ബോള്‍ 2024 കിരീടത്തിലേക്കുളള സ്പെയ്‌ന്‍റെ കുതിപ്പിന് പിന്നിൽ ലൂയിസ് ഫ്യുയന്തെ എന്ന പരിശീലകന്‍റെ കഠിനാധ്വാനം കൂടിയുണ്ട്. കിരീട നേട്ടത്തോടെ യൂറോപ്യൻ ഫുട്ബോളിലെ മിന്നും പരിശീലകരുടെ നിരയിലേക്കുയരുകയാണ് ലൂയിസ് ഫ്യുയന്തെ.

യൂറോയില്‍ ഇക്കുറി ഇംഗ്ലണ്ടിന് ഗാരത് സൗത്ത്‌ഗേറ്റെന്ന ചാണക്യന്‍റെ തന്ത്രങ്ങളുണ്ടായിരുന്നു. ഇംഗ്ലണ്ടിന് പ്രതിഭകളുടെ വലിയ നിരയുണ്ടായിരുന്നു. എന്നിട്ടും യൂറോയുടെ മധുരം സ്പെയ്‌ൻ നുണഞ്ഞു. ഇതിന് കാരണക്കാരന്‍ ലൂയിസ് ഡെ ലാ ഫ്യുയന്തെന്ന അറുപത്തിമൂന്നുകാരൻ പരിശീലകനാണ്. ഖത്ത‍ർ ലോകകപ്പിലെ തോൽവിക്ക് പിന്നാലെ ലൂയിസ് എൻറിക്വേ തെറിച്ചപ്പോൾ പരിശീലക കുപ്പായമണിഞ്ഞതാണ് ഫ്യുയന്തെ. യൂറോ കപ്പ് വരെ മാത്രമുളള കരാ‍റായിരുന്നു അദേഹത്തിന് നല്‍കപ്പെട്ടത്. എന്നാല്‍ പ്രധാനപ്പെട്ട ടീമുകളെയൊന്നും പരിശീലിപ്പിച്ചിട്ടില്ലെന്ന സംശയമെറിഞ്ഞവർക്ക് തൊട്ടടുത്ത വർഷം യുവേഫ നേഷൻസ് ലീഗ് കിരീടം നേടി ഫ്യുയന്തെ മറുപടി നല്‍കി. അവിടംകൊണ്ട് ഫ്യുയന്തെയുടെ അവിശ്വസനീയ കഥ അവസാനിക്കുന്നില്ല. 

Read more: ആഹാ അര്‍മാദം, സ്പാനിഷ് അര്‍മാദം! ഇംഗ്ലണ്ടിനെ തീര്‍ത്ത് സ്‌പെയ്ന്‍; യൂറോപ്പിന്റെ നെറുകയില്‍ ലാ റോജ

ടിക്കി ടാക്കയെ കുടഞ്ഞെറിഞ്ഞ സ്പെയ്ൻ ആക്രമണ ഫുട്ബോളിന്‍റെ സുന്ദര വക്താക്കളായി മാറിയതാണ് യൂറോയില്‍ കണ്ടത്. റയൽ മാഡ്രിഡ്- ബാഴ്സലോണ വമ്പൻമാർക്കിടയിൽ ‌ഞെരുങ്ങിക്കിടന്ന ദേശീയ ടീമിനെ ഫ്യുയന്തെ സ്വതന്ത്രമാക്കി. പത്തൊൻപതും ഇരുപത്തിയൊന്നും വയസിൽ താഴെയുള്ളവരുടെ യൂറോ കിരീടം നേടിയ ടീമിലേയും ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ടീമിലെയും താരങ്ങൾ ഫ്യുയന്തെയുടെ വജ്രായുധങ്ങളായി. അവരിൽ വിശ്വാസമർപ്പിച്ചു. ഫ്യുയന്തെയും സഹപരിശീലകരും എതിരാളികളെയറിഞ്ഞ് രാത്രി പകലാക്കി തന്ത്രങ്ങൾ മെനഞ്ഞു. ലാമിൻ യമാലും നികോ വില്യംസും റോഡ്രിയും ഓൽമോയും റൂയിസുമെല്ലാം അത് കളിക്കളത്തിൽ നടപ്പാക്കി. അങ്ങനെ 'വരും ഫിഫ ലോകകപ്പിന് ഞങ്ങളുണ്ട് ' എന്ന് സ്‌പെയ്‌ന്‍ ഫുട്ബോള്‍ ലോകത്തോട് വിളിച്ചുപറയുകയാണ്. 

ടീമിലെ യുവ താരങ്ങൾക്ക് പ്രൊഫസറാണ് ലൂയിസ് ഫ്യുയന്തെ. സ്‌പാനിഷ് ഫുട്ബോൾ ടീമിനെ യൂറോപ്പിന്‍റെ നെറുകയിലേക്ക് എത്തിച്ച പ്രൊഫസ‍ർ. ഇനിയാ പ്രൊഫസര്‍ സമകാലിക ഫുട്ബോളിലെ എണ്ണംപറഞ്ഞ പരിശീലകരുടെ ഗണത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. യൂറോ 2024 ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്തായിരുന്നു സ്‌പെയ്‌ന്‍റെ കിരീടനേട്ടം. 

Read more: വീണ്ടും നിരാശ; കപ്പിനും ചുണ്ടിനുമിടയിലായി നിര്‍ഭാഗ്യത്തിന്‍റെ ഇംഗ്ലീഷ് കടലിടുക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios