ലൂയിസ് ഡയസിന് ആശ്വാസം, ദിവസങ്ങളുടെ ആശങ്കയ്ക്ക് അറുതി, ഗറില്ലാ പോരാളികളുടെ പിടിയിൽ നിന്ന് മോചിതനായി പിതാവ്
തട്ടിക്കൊണ്ട് പോയത് ഒരു തെറ്റായിരുന്നുവെന്ന് വിശദമാക്കിക്കൊണ്ടാണ് സമാധാന ചർച്ചകള്‍ക്കെത്തിയ സർക്കാർ പ്രതിനിധികള്‍ക്ക് ലൂയിസ് ഡയസിന്റെ പിതാവിനെ വിട്ടുനൽകിയത്
ബരന്‍കാസ്: ലിവർപൂളിന്റെ കൊളംബിയന്‍ ഫുട്ബോള്‍ താരം ലൂയിസ് ഡയസിന്റെ പിതാവിനെ മോചിപ്പിച്ച് നാഷണൽ ലിബറേഷൻ ആർമിയുടെ ഗറില്ലാ സംഘം. വടക്കന്‍ കൊളംബിയയിലെ ബരന്‍കാസിലെ വീട്ടില്‍ നിന്ന് ഒക്ടോബര്‍ 28നാണ് ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ നാഷണൽ ലിബറേഷൻ ആർമി അംഗങ്ങൾ തോക്കിന്‍ മുനയിൽ തട്ടിക്കൊണ്ട് പോയത്. 12 ദിവസം നീണ്ട അനിശ്ചിതത്തിനൊടുവിലാണ് ലൂയിസ് മാനുവല്‍ ഡയസിന് മോചനമാകുന്നത്. ഞായറാഴ്ച പ്രീമിയർ ലീഗ് മത്സരത്തില്‍ ലൂടണെതിരായ ഗോള്‍ നേട്ടത്തിന് പിന്നാലെ പിതാവിനെ വിട്ടയ്ക്കണം എന്ന ആവശ്യമുള്ള ടീ ഷര്‍ട്ട് ലൂയിസ് ഡയസ് കാണികള്‍ക്ക് മുന്നില്‍ കാണിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
തട്ടിക്കൊണ്ട് പോയത് ഒരു തെറ്റായിരുന്നുവെന്ന് വിശദമാക്കിക്കൊണ്ടാണ് സമാധാന ചർച്ചകള്‍ക്കെത്തിയ സർക്കാർ പ്രതിനിധികള്‍ക്ക് ലൂയിസ് ഡയസിന്റെ പിതാവിനെ വിട്ടുനൽകിയതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പച്ച നിറത്തിലുള്ള ടീ ഷർട്ടും ബേസ്ബോള്‍ തൊപ്പിയും ധരിച്ച് ലൂയിസ് മാനുവല്‍ ഡയസ് നാട്ടിലേക്ക് തിരികെ എത്തിയത്. വിവരമറിഞ്ഞ് വീട്ടിലേക്ക് എത്തിയ അയൽക്കാരോടും ഗ്രാമവാസികളോടും വൈകാരികമായാണ് അദ്ദേഹം സംസാരിച്ചത്. രണ്ടാം അവസരം തന്ന ദൈവത്തിനും വലിയ രീതിയില്‍ പിന്തുണ നൽകിയ നാട്ടുകാർക്കും നന്ദിയെന്നും അദ്ദേഹം പ്രതികരിച്ചു. ആരുടെ നിർദ്ദേശത്തിലാണ് ലൂയിസ് ഡയസിനെ തട്ടിക്കൊണ്ട് പോയതെന്ന് ഇനിയും വ്യക്തമല്ല.
തീവ്രസ്വഭാവമുള്ള ഗറില്ലാ പോരാളികളില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ട് പോവുന്നതിനിടെ അമ്മ സിലെനിസ് മരുലാന്‍ഡയെ പൊലീസ് ഇടപെടൽ മൂലം രക്ഷിക്കാന്‍ സാധിച്ചിരുന്നെങ്കിലും ലൂയിസിന്റെ അച്ഛനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കുടുംബത്തിന്റെ നെടുംതൂണായ പിതാവിനെ മോചിപ്പിക്കണമെന്നാണ് സ്പാനിഷ് ഭാഷയില്‍ ലൂയിസ് ഡയസ് ടീ ഷർട്ടില്‍ എഴുതിയിരുന്നത്.
പിതാവിനെ വിട്ടയ്ക്കണം, ഗോൾ നേട്ടത്തിന് പിന്നാലെ ഗറില്ലാ സംഘത്തോട് ലിവർപൂൾ താരം ലൂയിസ് ഡയസ്
അമ്മയും സഹോദരങ്ങളും താനും ഏറെ ക്ലേശത്തിലൂടെയാണ് കടന്നുപോകുന്നത്. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കാത്തതാണ് തങ്ങള്‍ നേരിടുന്ന ദുരിതം. പിതാവിനെ വീട്ടിലേക്ക് വിട്ടുകിട്ടിയാല്‍ മാത്രമാണ് ഈ മോശം അവസ്ഥയ്ക്ക് മാറ്റമുണ്ടാകൂവെന്നാണ് ഞായറാഴ്ച മത്സരത്തിന് പിന്നാലെ ലൂയിസ് പ്രതികരിച്ചത്. ലൂയിസിന്റെ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ട് പോയത് നാഷണൽ ലിബറേഷൻ ആർമിയുടെ ഗറില്ലാ പോരാളികളാണെന്ന് കൊളംബിയന്‍ സർക്കാരും വിശദമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം