കാത്തിരിക്കുന്നത് വമ്പൻ ഓഫർ, സ്കലോണി അർജന്‍റീനയുടെ പരിശീലകസ്ഥാനമൊഴിയും; കാരണം ഫുട്ബോൾ അസോസിയേഷനുമായുള്ള ഭിന്നത
ലോകകപ്പ് നേടിയപ്പോൾ പ്രഖ്യാപിച്ച തുക സ്കലോണിക്കും സഹപരിശീലകർക്കും ഇതുവരെ നൽകിയിട്ടില്ല. പരിശീലക സംഘത്തിന് അർഹമായ പരിഗണന കിട്ടുന്നില്ലെന്ന പരിഭവവും സ്കലോണിക്കുണ്ട്.
ബ്യൂണസ് അയേഴ്സ്: അടുത്ത വർഷത്തെ കോപ്പ അമേരിക്കയ്ക്ക് ശേഷം ലിയോണൽ സ്കലോണി അർജന്‍റൈൻ ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിയുമെന്ന് റിപ്പോർട്ട്. ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ വിജയത്തിന് ശേഷം അർജന്‍റൈൻ പരിശീലക സ്ഥാനം ഒഴിയുകയാണെന്ന സൂചന സ്കലോണി നൽകിയിരുന്നു. അർജന്‍റൈൻ ഫുട്ബോൾ അസോസിയേഷനുമായുള്ള ഭിന്നതയെ തുർന്നാണ് സ്കലോണിയുടെ തീരുമാനം. ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായും കളിക്കാരുമായും സംസാരിച്ചശേഷമായിരിക്കും തീരുമാനമെടുക്കുക എന്ന് സ്കലോണി ബ്രസീലിനെതിരായ മത്സരശേഷം പറഞ്ഞിരുന്നു.
ലോകകപ്പ് നേടിയപ്പോൾ പ്രഖ്യാപിച്ച തുക സ്കലോണിക്കും സഹപരിശീലകർക്കും ഇതുവരെ നൽകിയിട്ടില്ല. പരിശീലക സംഘത്തിന് അർഹമായ പരിഗണന കിട്ടുന്നില്ലെന്ന പരിഭവവും സ്കലോണിക്കുണ്ട്. ഇതേസമയം അമേരിക്കയിലെ മയാമിയിൽ നടക്കുന്ന കോപ്പ അമേരിക്ക നറുക്കെടുപ്പിൽ സ്കലോണി പങ്കെടുക്കും എന്നുറപ്പായിട്ടുണ്ട്. അർജന്‍റീനയ്ക്ക് കോപ്പ അമേരിക്ക, ഫൈനലിസിമ,ലോകകപ്പ് ട്രോഫികൾ നേടിക്കൊടത്ത പരിശീലകനാണ് സ്കലോണി.
അതസേമയം, സ്കലോണി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്‍റെ അടുത്ത പരിശീലകനാവുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. റയലിന്‍റെ നിലവിലെ പരിശീലകന്‍ കാര്‍ലോസ് ആഞ്ചലോട്ടി സീസണൊടുവില്‍ ബ്രസീല്‍ ദേശീയ ടീമിന്‍റെ പരിശീലകനായി പോകുമെന്നും ഈ ഒഴിവില്‍ സ്കലോണി റയലിന്‍റെ പരിശീലകനാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ മെസിയുടെ സ്വന്തം ക്ലബ്ബായ ബാഴ്സലോണയുടെ ചിരവൈരികളായ റയലിലേക്ക് സ്കലോണി പരിശീലകനായി പോകുന്നതിനെ അര്‍ജന്‍റീന ആരാധകരും മെസിയും എങ്ങനെയാണ് എടുക്കുക എന്ന ആശങ്കയും സ്കലോണിക്കുണ്ടെന്നാണ് സൂചന.ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് അര്‍ജന്‍റീന. യുറുഗ്വേയ്ക്കെതിരെ അപ്രതീക്ഷിച തോല്‍വി വഴങ്ങിയ ലോക ചാമ്പ്യന്‍മാര്‍ തൊട്ടടുത്ത മത്സരത്തില്‍ ബ്രസീലിനെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്‍റീന ബ്രസീലിനെ തോല്‍പ്പിച്ചത്. മത്സരത്തിനിടെ അര്‍ജന്‍റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ നടന്ന കൈയാങ്കളിയും വിവാദമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക